‘1992 ഡിസംബര്‍ 6നാണ് ആര്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ അതിക്രമിച്ചുചെന്ന് മസ്ജിദ് പൊളിച്ചത്. വലിയ ക്രിമനല്‍ കുറ്റം എന്ന് സുപ്രിം കോടതി വിശേഷിപ്പിച്ച ആ കേസ് ഇപ്പോഴും വിചാരണ തീര്‍ന്നിട്ടില്ല.
അന്നു പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി ക്ഷേത്രം പണിയാന്‍ വേണ്ടി നടത്തുന്ന ഭൂമിപൂജക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ ആര്‍.എസ്.എസ്. തലവന്‍ ആണെന്ന് അറിയുന്നു. യുദ്ധവിജയസ്മാരകമാണോ അവിടെ പണിയുന്നത്? അവിടേക്ക് ദൈവം വരുമോ?’ അശോകന്‍ ചരുവില്‍ എഴുതുന്നു
ഫേസ്ബുക്ക് പോസ്റ്റ്
ഗുരുവിന്റെ ദുഃഖം.
നാളെ (ആഗസ്ത് 5ന്) അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജ നടക്കുമെന്ന് പത്രങ്ങള്‍ ഘോഷിക്കുന്നു.
അങ്ങനെയെങ്കില്‍ ആയിരക്കണക്കിനു വര്‍ഷത്തെ മഹത്തായ ഇന്ത്യന്‍ സംസ്‌കാരം മുറിപ്പെടുന്ന മറ്റൊരു ദിവസമായി ഞാന്‍ ആഗസ്ത് 5നെ കാണുന്നു. 1948 ജനുവരി 30, 1992 ഡിസംബര്‍ 6 എന്നിവയാണ് സമാന സ്വഭാവമുള്ള ദിനങ്ങള്‍.
ദൈവത്തെ തങ്ങള്‍ക്ക് ഉചിതമെന്നു തോന്നുന്ന രീതിയില്‍ സ്മരിക്കാനും ആരാധിക്കാനും വിശ്വാസികള്‍ക്കുള്ള അവകാശം സമുന്നതമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നേടത്തോളം ക്ഷേത്രങ്ങളും പള്ളികളും ഉണ്ടാവണം.
ആരാധനാലയങ്ങള്‍ ഉയരുന്നതു കാണുമ്പോള്‍ വിശ്വാസിക്കുണ്ടാവുന്ന ആഹ്‌ളാദത്തില്‍ ഞാന്‍ എല്ലായ്‌പ്പോഴും പങ്കുചേരുന്നു. ഒരു വിഗ്രഹപ്രതിഷ്ഠ സാമൂഹ്യവിപ്ലവത്തിനു തിരി കൊളുത്തിയ ദേശമാണല്ലോ എന്റെ കേരളം.
പക്ഷേ ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിയുന്നതും, പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുന്നതും പോലെ മനുഷ്യത്വഹീനമായ സംഗതി വേറെയില്ല.
ഒരുവിഭാഗം ജനങ്ങളെ ആശങ്കയുടേയും ദു:ഖത്തിന്റെയും കടലിലേക്ക് വലിച്ചെറിഞ്ഞുണ്ടാകുന്ന ‘സന്തോഷം’ എങ്ങനെയാണ് സന്തോഷമാകുന്നത്? ഇങ്ങനെ നിര്‍മ്മിക്കുന്ന ഒരു ക്ഷേത്രത്തില്‍ ഏതു ദേവനാണ് ചൈതന്യത്തോടെ ഇരിക്കുക? എന്ത് മന:സൗഖ്യമാണ് അവിടെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വിശ്വാസിക്കുണ്ടാവുക? ഇന്ത്യയുടെ ആത്മസത്തയുടെ കണ്ണീരില്‍ പടുത്തുയര്‍ത്തുന്ന ഒരു കെട്ടിടം ആരാധനാലയമാകുമോ?
ഏതു മന്ത്രങ്ങള്‍ക്കു കഴിയും അവിടെ തളംകെട്ടി നില്‍ക്കുന്ന ദു:ഖത്തിന്റെ നനവിനെ അകറ്റാന്‍?ആത്മാവിന്റെ അകം തെളിഞ്ഞുകണ്ട നാരായണഗുരു എഴുതുന്നു:
‘ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മവിരോധമോര്‍ത്തിടേണം,
പരനു പരം പരിതാപമേകിടുന്നോ-
രെരി നരകാബ്ദിയില്‍ വീണെരിഞ്ഞിടുന്നു.’
(ആത്മോപദേശശതകം, പദ്യം: 25)
1992 ഡിസംബര്‍ 6നാണ് ആര്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ അതിക്രമിച്ചുചെന്ന് മസ്ജിദ് പൊളിച്ചത്. വലിയ ക്രിമിനല്‍ കുറ്റം എന്ന് സുപ്രിം കോടതി വിശേഷിപ്പിച്ച ആ കേസ് ഇപ്പോഴും വിചാരണ തീര്‍ന്നിട്ടില്ല.
അന്നു പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി ക്ഷേത്രം പണിയാന്‍ വേണ്ടി നടത്തുന്ന ഭൂമിപൂജക്ക് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാള്‍ ആര്‍.എസ്.എസ്. തലവന്‍ ആണെന്ന് അറിയുന്നു. യുദ്ധവിജയസ്മാരകമാണോ അവിടെ പണിയുന്നത്? അവിടേക്ക് ദൈവം വരുമോ?
പള്ളി പൊളിച്ച സമയത്ത് ഇന്ത്യയിലെ ഒരു വിഭാഗം ജനാധിപത്യവാദികള്‍ അതിനെ ‘രാമന്റെ ദു:ഖ’മായി വിശേഷിപ്പിച്ചിരുന്നു. എം.പി.വിരേന്ദ്രകുമാര്‍ ആ പേരില്‍ ഒരു പുസ്തകം എഴുതി.
ഞാന്‍ കരുതുന്നത് ഇത് ഗുരുവിന്റെ ദു:ഖം ആണെന്നാണ്.

Get real time update about this post categories directly on your device, subscribe now.