പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ രണ്ടാക്കിയിട്ട് ഇന്ന് ഒരാണ്ട്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു കാശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയിട്ട് ഇന്ന് ഒരാണ്ട്. ഭീകരവാദം ഇല്ലായ്മ ചെയ്യുന്നതിനും കശ്മീരിന്റെ വികസനത്തിനുവേണ്ടിയെന്നുമായിരുന്നു മോദി സർക്കാരിന്റെ വാദങ്ങൾ. പക്ഷെ കേന്ദ്രം വാഗ്ദാനം ചെയ്ത തൊഴിൽ, വികസനം അടക്കമുള്ള കാര്യങ്ങളെല്ലാം ഇപ്പോഴും വാഗ്ദാനമായി തന്നെ നിൽക്കുന്നു.

മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കളെ തടങ്കലിൽ നിന്ന് മോചിപ്പിക്കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. മോദി സർക്കാരിന്റെ നടപടി ഭരണഘടനക്കെതിരെയുള്ള ആക്രമണമെന്നും, കശ്മീരി ജനതക്കൊപ്പം നിന്ന മലയാളികളോട് നന്ദിയെന്നും സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി കൈരളി ന്യൂസിനോട് പറഞ്ഞു

കഴിഞ്ഞ ആഗസ്റ്റ് 5ന് മോദി സർക്കാർ വാഗ്ദാനം ചെയ്തത് കശ്മീർ ഇതുവരെ കണ്ടിട്ടില്ലാത്ത വികസനവും ചെറുപ്പക്കാർക്ക് തൊഴിൽ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളും. എന്നാൽ ഒന്നുപോലും നടപ്പായിട്ടില്ല എന്നതാണ് സത്യാവസ്ഥ. ഫെബ്രുവരി 18ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നത് 84,000ത്തിൽ അധികം ഒഴിവുകൾ ജമ്മുകശ്മീരിൽ ഉണ്ടെന്നാണ്.. എന്നാൽ ആദ്യ ഘട്ടത്തിൽ നികത്തേണ്ട 10,000 ഒഴുവുകളിലേക്ക് പോലും ആളുകളെ നിയമിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

മോഡി സർക്കാർ ഭരണഘടനയ്ക്ക് മേലുള്ള കടന്നുകയറ്റമാണ് നടത്തിയതെന്ന് സിപിഐഎം നേതാവ് തരിഗാമി കൈരളി ന്യൂസിനോട് പറഞ്ഞു. ഇതുവരെ പുതിയ ഒരു പദ്ധതി പോലും ആരംഭിച്ചിട്ടില്ല. കർഷകരുടെ സ്ഥിതി പരിതപകരമെന്നും കശ്മീരിനെ മുഴുവൻ ലോക്ഡൗണിൽ നിർത്തിക്കൊണ്ട് ഒന്നാം വാർഷികം ആഘോഷിക്കേണ്ടി വരുന്നത് മോഡി സർക്കാരിന് തന്നെ അപമാനമാണെന്നും തരിഗാമി പ്രതികരിച്ചു.

അതോടൊപ്പം കശ്മീർ ജനതക്കൊപ്പം നിന്ന കേരളത്തിലെ ആളുകളെ കുറിച്ചു അഭിമാനമെന്നും ഇനിയും മലയാളികളുടെ പിന്തുണ ഉണ്ടാവണമെന്നും തരിഗാമി ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം മുതൽ സുരക്ഷ ശക്തമാക്കുകയും, നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്‌തിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദം ഇല്ല, പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകൾ കൊണ്ട് അടച്ചു. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമെന്ന് കാശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ആരോപിച്ചു.

ഇപ്പോഴും മെഹബൂബ മുഫ്തി ഉൾപ്പെടെ ഉള്ള നേതാക്കൾ തടങ്കലിൽ തന്നെ. ഇന്റർനെറ്റ് ഫോൺ സൗകര്യങ്ങൾ ഇതുവരെ കൃത്യമായി ലഭിക്കുന്നില്ല. 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചിട്ടില്ല. വാണിജ്യ മേഖലയിൽ 40,000 കോടിയിലധികമാണ് നഷ്ടം ഉണ്ടായത്. ഇതോടെ ശ്യാമപ്രസാദമുഖർജിയുടെ സ്വപ്നം നടപ്പാക്കുക മാത്രമാണ് മോദി സർക്കാർ ചെയ്തതെന്ന ആരോപണം ശക്തിയാർജ്ജിച്ചുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News