അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത്‌ അർജുൻ തന്നെയെന്ന് സിബിഐയോട്‌ ലക്ഷ്‌മി

അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത്‌ അർജുൻ തന്നെയെന്ന്‌ സിബിഐക്ക്‌ മുന്നിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി. പിന്നീട് അർജുൻ എന്തുകൊണ്ടാണ്‌ ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന്‌ അറിയില്ലെന്നും ലക്ഷ്‌മി അന്വേഷകസംഘത്തോട്‌ പറഞ്ഞു. ലക്ഷ്‌മിയുടെ സഹോദരൻ പ്രസാദിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തി.

ചൊവ്വാഴ്‌ച വൈകിട്ടാണ്‌ സംഘം ലക്ഷ്‌മിയുടെ വീട്ടിൽ എത്തിയത്‌. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ്‌ തമ്പിയെന്ന്‌ ലക്ഷ്‌മി പറഞ്ഞു. നികുതി അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്‌തിരുന്നത്‌ വിഷ്‌ണുവായിരുന്നു. പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും സിബിഐ തേടി. ഇവർക്ക്‌ ബാലഭാസ്‌കർ പണം നൽകിയിട്ടുണ്ട്‌.

ഇത്‌ തിരിച്ചുകിട്ടിയതായി ബാലഭാസ്‌കർ പറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പരിശോധിച്ചപ്പോൾ ശരിയാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. കുഞ്ഞിനുള്ള വഴിപാട്‌ നിറവേറ്റാനാണ്‌ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്‌ പോയത്‌. യാത്ര മുൻകൂട്ടി തീരുമാനിച്ചതാണെന്നും ലക്ഷ്‌മി മൊഴി നൽകി. ‌

ബാലഭാസ്‌കറിന്റെ മരണശേഷം സ്വർണക്കടത്ത്‌ കേസിൽ പ്രകാശ്‌ തമ്പിയും അർജുനും അറസ്‌റ്റിലായതിനെത്തുടർന്ന്‌ അപകടവുമായി ബന്ധപ്പെട്ട്‌ ചില പ്രാഥമിക മൊഴി എടുക്കലാണ്‌ ചൊവ്വാഴ്‌ച നടന്നത്‌.

വൈകിട്ട്‌ 5.30ന്‌ ആരംഭിച്ച മൊഴി എടുക്കൽ പൂർത്തിയായത്‌ രാത്രി 8.30നാണ്‌. കേസിന്റെ അന്വേഷണ പുരോഗതി അനുസരിച്ച്‌ ആവശ്യമെങ്കിൽ വീണ്ടും ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ബുധനാഴ്‌ച ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴി എടുക്കും. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകിയിരുന്നു.

ഇതേത്തുടർന്നാണ്‌ കേസ്‌ സിബിഐക്ക്‌ വിട്ടത്‌. വാഹനമോടിച്ചത്‌ താൻ തന്നെയാണെന്നാണ്‌ ആദ്യം അർജുൻ അപകടശേഷം പറഞ്ഞത്‌. എന്നാൽ, പിന്നീട്‌ മൊഴി മാറ്റുകയും വാഹനം ഓടിച്ചത്‌ ബാലഭാസ്‌കറാണെന്ന്‌ പറയുകയും ചെയ്‌തു. അർജുൻ മൊഴിമാറ്റിയതും പ്രകാശ്‌ തമ്പിയും വിഷ്‌ണും സ്വർണക്കടത്ത്‌ കേസിൽ പിടിയിലായതുമാണ്‌ അപകടത്തിന്‌ പിന്നിൽ സംശയങ്ങൾക്കിടയാക്കിയത്‌.

നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കേസിലെ പ്രതി സരിത്തിനെ അപകടസ്ഥലത്ത്‌ കണ്ടതായുള്ള വെളിപ്പെടുത്തലും ദുരൂഹതകൾക്ക്‌ ആക്കംകൂട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News