കോഴിക്കോട് രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

കോഴിക്കോട് രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഫറൂഖ് കോളേജിന് സമീപം ആലക്ക് മുകളിൽ മരം വീണ് പശു ചത്തു. മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും കേടപാടുണ്ടായി. ജില്ലയിലെ മലയോര മേഖലയിലെ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

രാത്രി പതിനൊന്നരയോടെ ഉണ്ടായ കാറ്റിലും മഴയിലും ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. ഫറൂഖ് കോളേജിന് സമീപം ശങ്കരൻ തൊടിയിൽ സതിയുടെ പറമ്പിലെ വലിയ മരം ആലയ്ക്ക് മുകളിൽ വീണ് പശു ചത്തു. ഇവരുടെ വീടിനും കേട്പാടുണ്ട്. മുക്കത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. കുറ്റിപ്പാല കിഴക്കുംപാടം പാലാട്ടു കുഴി ഷാജിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

മണ്ണിടിച്ചിലിൽ 400 അടി താഴ്ച്ചയുള്ള കുഴൽകിണർ മണ്ണിനടിയിൽപെട്ടു. ആർക്കും അപായമില്ല. ബേപ്പൂരിൽ വീടിന് മുകളിൽ തെങ്ങ് വീണ് 3 വയസുകാരന് പരിക്കേറ്റു. ഓട് പൊട്ടിവീണാണ് ഉറങ്ങുകയായിരുന്ന കുട്ടിയ്ക്ക് ചെറിയ പരിക്കേറ്റത്.

തിരുവണ്ണൂർ പയ്യനാട്ട് വീടിന് മുകളിൽ മരം വീണ് മേൽ കൂര തകർന്നു. പന്തീരങ്കാവ്, പയ്യാനക്കൽ , ബേപ്പൂർ, ഭാഗങ്ങളിൽ മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായി. വയനാട് റോഡിൽ പാറോപ്പടി, മാവൂർ പാറമ്മൽ തുടങ്ങിയ സ്ഥലങ്ങളിലും മരം വീണു. അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗത തടസ്സം നീക്കിയത്. താമരശേരി ചുരം രണ്ടാം വളവിലും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. വൈദ്യുതലൈൻ പൊട്ടിവീണതിനാൽ പലയിടത്തും വൈദ്യുതി തടസപ്പെട്ടു.

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന ജില്ലയിൽ പകൽ സമയങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടായി. കുറ്റ്യാടി, ചാലിയാർ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചാലിയാറിൻ്റെ തീരത്തോട് ചേർന്ന താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറ്റി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, മുക്കം നഗരസഭയിലെ പുൽപറമ്പ് എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here