കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: പി രാജീവ്‌

ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന പാർടിതന്നെയാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌.

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന ” തർക്ക ‘ പ്രദേശത്തിൻ്റെ കവാടം 1986 ഫെബ്രുവരിയിൽ തുറന്നു നൽകിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. തർക്ക സ്ഥലത്തു തന്നെ 1989 നവമ്പറിൽ ശിലാന്യാസത്തിന് വിഎച്ച്പി ക്ക് അനുമതി നൽകിയതും രാജീവ് ഗാന്ധി തന്നെ.

ഈ ചരിത്രമറിയുന്നവർക്ക് പ്രിയങ്ക ഗാന്ധിയുടേയും കോൺഗ്രസിൻ്റെയും നിലപാടിൽ അത്ഭുതം തോന്നില്ല എന്നും പി രാജീവ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പോലും ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയ രണ്ടു സന്ദർഭങ്ങളിലും മുഖ്യ പ്രതി കോൺഗ്രസ്സ് തന്നെയാണ് .

ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന ” തർക്ക ‘ പ്രദേശത്തിൻ്റെ കവാടം 1986 ഫെബ്രുവരിയിൽ തുറന്നു നൽകിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. തർക്ക സ്ഥലത്തു തന്നെ 1989 നവമ്പറിൽ ശിലാന്യാസത്തിന് വിഎച്ച്പി ക്ക് അനുമതി നൽകിയതും രാജീവ് ഗാന്ധി തന്നെ.

ഇപ്പോൾ ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയത്, രാമക്ഷേത്രത്തിന് രാജീവ് ഗാന്ധി നേരത്തെ കല്ലിട്ടതാണെന്നാണ് . അതു ശരിയാണ്. രാജീവ് ഗാന്ധിയുടെ അനുമതിയോടെ വി എച്ച് പിയാണ് അത് നിർവഹിച്ചതെന്ന് മാത്രം.

1989 നവമ്പർ 3ന് രാജീവ് ഗാന്ധി പാർലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അയോധ്യയിലെ ഫൈസാബാദിൽ നിന്നായിരുന്നു. നേരത്തെ നിശ്ചയിച്ച നാഗ്‌പൂർ മാറ്റിയാണ് അയോധ്യയിൽ നിന്നും പ്രചാരണം തുടങ്ങിയത്.

നേരത്തെ തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും വ്യതിചലിച്ചാണ് രാമ രാജ്യം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് രാജീവ് ഗാന്ധി പ്രഖ്യാപിക്കുന്നത്.

രഥയാത്രയുമായി വന്ന അദ്വാനിയെ ബിഹാറിൽ വെച്ച് അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു. അതിനെ തുടർന്ന് ബിജെപി, പ്രധാന മന്ത്രി വി പി സിംഗിനുള്ള പിന്തുണ പിൻവലിച്ചു.

അന്നത്തെ പ്രതിപക്ഷ നേതാവ് രാജിവ് ഗാന്ധിയും കോൺഗ്രസ്സും ബി ജെ പി ക്ക് ഒപ്പം ചേർന്ന് വി പി സിംഗിനെ പുറത്താക്കി. ഫലത്തിൽ ബാബറി മസ്ജിദ് തകർക്കാനുള്ള രഥയാത്രക്ക് പിന്തുന്ന നൽകുകയായിരുന്നു രാജീവ് ഗാന്ധിയും കോൺഗ്രസ്സും ചെയ്തത്.

ഈ ചരിത്രമറിയുന്നവർക്ക് പ്രിയങ്ക ഗാന്ധിയുടേയും കോൺഗ്രസിൻ്റെയും നിലപാടിൽ അത്ഭുതം തോന്നില്ല.ഇതിൻ്റെയെല്ലാം തുടർച്ചയിലാണ് ബാബറി മസ്ജിദ് തകർക്കുന്നത്. അത് തടയാൻ ഏതറ്റം വരെയും പോകാൻ ദേശീയോദ്ഗ്രഥന കൗൺസിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പിന്തുന്ന നൽകിയെങ്കിലും കുറ്റകരമായ നിസംഗതയോടെ അദ്ദേഹം പള്ളി പൊളിച്ച് തിരുന്നതു വരെ അനങ്ങിയില്ല.

വർഗീയ നിലപാടുകൾ വഴി വോട്ടാണ് കോൺഗ്രസ് ലക്ഷ്യം വെച്ചതെങ്കിൽ ഫലം കൊയ്തത് തീവ്രവർഗ്ഗീയതയായിരുന്നുവെന്നത് ചരിത്ര പാഠം.വിശ്വാസിക്ക് ക്ഷേത്രമെന്നതും പള്ളിയെന്നതും വിശ്വാസത്തിൻ്റെ ഭാഗമാണ്. സുപ്രിം കോടതി വിധി അനുസരിക്കേണ്ടത് മുഴുവൻ പൗരൻമാരുടെയും ഭരണഘടനാപരമായ ചുമതലയുമാണ്.

എന്നാൽ, ഇവിടെ വിശ്വാസത്തെ വർഗ്ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി എല്ലാ മതവിഭാഗങ്ങളിലും പ്പെടുന്ന 132 കോടിയിലധികം വരുന്ന ജനതയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ,അദ്ദേഹം ഈ സന്ദർഭത്തിൽ നൽകുന്ന സന്ദേശം വളരെ കൃത്യമാണ്. അതിനോടൊപ്പം നിൽക്കുന്ന പാർടി തന്നെയാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

വാൽക്കഷ്ണം:

പ്രിയങ്കയുടേയും കമൽനാഥിൻ്റേയും ആഹ്വാനമനുസരിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് എം പിമാർ വെള്ളി ഇഷ്ടികയുമായി യാത്ര തുടങ്ങിയോ ആവോ !
#CONGRSS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News