ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അല്ല, പൊലീസ് ചെയ്യുക; പൊലീസിന് അധികജോലി, ആരോഗ്യസംവിധാനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍ വീണ്ടും ജോലി ഭാരം കൂടും. ആ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കണം. സമ്പര്‍ക്കം കണ്ടെത്താന്‍ സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്യുമ്പോള്‍, പൊലീസിനെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു. ഇവരുടെ ജോലിയല്ല പൊലീസ് ചെയ്യുക.”

”ആ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. പൊലീസിന് അധികജോലിയുണ്ട്. ആരോഗ്യസംവിധാനത്തെ സഹായിക്കുക എന്നതാണത്. ആ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും? അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂ.”

”ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലുകള്‍, ത്യാഗപൂര്‍വമായ സേവനം, എന്നിവയെക്കുറിച്ചറിയാത്ത ആരുമില്ല. എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും സഹായം നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയുമല്ലേ സര്‍ക്കാര്‍ ചെയ്തത്? ഈ വാര്‍ത്താസമ്മേളനത്തില്‍ പോലും പലപ്പോഴും ഇത് പറഞ്ഞു.”

”റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ട നിരവധിപ്പേരുണ്ട്. അവരുടെ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഒപ്പം, കോണ്ടാക്ട് ട്രേസിംഗും വേണം. ഇതൊക്കെ ഒരു കൂട്ടര്‍ക്ക് മാത്രമായി പറ്റില്ല. മനുഷ്യരല്ലേ? അവരും തളരില്ലേ? അതിനാലാണ് മറ്റ് രീതിയിലുള്ള സഹായം പൊലീസ് വഴി എത്തിക്കുന്നത്.”

”ഒരുപാട് യാത്ര ചെയ്തവരുണ്ടാകാം. അവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാകും. സൈബര്‍ സഹായം ഉള്‍പ്പടെ വേണ്ടി വരാം. മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതില്‍ പൊലീസിന് കൂടുതല്‍ ഇടപെടാനാകും. ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത് ഗൗരവമേറിയ ദൗത്യമാണ്. ഇത് വരെ സമ്പര്‍ക്കവ്യാപനം അന്വേഷിച്ച് കണ്ടെത്തിയതും രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പൊലീസ് സഹായിച്ചിരുന്നു. ഉത്തരവാദിത്തം ഇപ്പോള്‍ കൂടുതലായി പൊലീസിനെ ഏല്‍പിക്കുന്നുവെന്ന് മാത്രം. അതില്‍ തെറ്റിദ്ധാരണ വേണ്ടതില്ല”.-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News