എന്തിനാണ് ഈ ഇരട്ടമുഖം? ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍; തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയില്‍ നടത്തിയേ തീരൂ. ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സംസ്ഥാനത്തെ പൊലീസ് രാജാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്.”

”ഇത് എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരു വശത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പൊലീസ് ഇടപെടല്‍ മരവിപ്പിക്കുക. ഇതോടെ കൊവിഡ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കും. ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം? പല തരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ആളുകളുണ്ടല്ലോ? പ്രളയം വരും, വരള്‍ച്ച വരുമെന്നൊക്കെ. ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്?”

”കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നമ്മളേറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്. ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളില്‍ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാര്‍ മാത്രമാണോ ഉള്ളത്?”

”സ്വാധീനിക്കാനാവുന്നവരെ അടര്‍ത്തിമാറ്റുക, അവരില്‍ സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക, അതാണോ ഇപ്പോള്‍ ചെയ്യേണ്ടത്? ഈ നാടിന്റെ അനുഭവം കണ്ടല്ലോ. ജനങ്ങള്‍ ഒരുമയോടെ കൊവിഡ് പ്രതിരോധത്തില്‍ അണിനിരക്കുന്നു. ആക്ഷേപങ്ങള്‍ക്ക് വില കല്‍പിച്ചെങ്കില്‍ ഇന്നത്തെ കാഴ്ചയുണ്ടാകുമോ? ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ട്.”

”പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു. നല്ല കാര്യം. അത് തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവര്‍ തന്നെ പേറണം.”

”കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സയെന്ന നിര്‍ദേശം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. വിദഗ്‌ദോപദേശം അടക്കം തേടിയാണ് ഇത് സ്വീകരിച്ചത്. ചിലര്‍ ഇതിനെ വളച്ചൊടിച്ചു. സംസ്ഥാനം ചികിത്സയില്‍ നിന്ന് പിന്മാറുന്നുവെന്നായിരുന്നു പ്രചാരണം.

അതേതരം പ്രചാരണമാണ് പൊലീസിന്റെ കാര്യത്തിലും നടക്കുന്നത്. മറ്റൊരു രീതിയില്‍ ഇതിനെ വളച്ചൊടിക്കുന്നത് നമ്മുടെ പ്രതിരോധത്തെയാണ് തളര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്. അപകടത്തിലാക്കുന്നത് സമൂഹത്തെയാണ്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണ് പോകരുത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News