ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത് മൂന്നു പേരെ; ഇതില്‍ രണ്ടുപേരും കുറ്റകൃത്യം ചെയ്തത് യുഡിഎഫ് ഭരണകാലത്ത്: ചെന്നിത്തലയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്.

മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: എല്‍ഡിഎഫിന്റെ നാലു വര്‍ഷക്കാലത്തെ ട്രഷറി അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. അതില്‍ എന്റെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അറിവിലേയ്ക്ക് കുറച്ചു കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.

ഈ സര്‍ക്കാര്‍ വന്നതിനുശേഷം 3 പേരെ ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തു. ഇതില്‍ രണ്ടുപേരും യുഡിഎഫ് ഭരണകാലത്താണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിലെ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തില്‍ ഇങ്ങനെ 9 പേരെയാണ് ഡിസ്മിസ് ചെയ്തിട്ടുള്ളത്. ഇതില്‍ 6 പേരും യുഡിഎഫ് ഭരണകാലത്താണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്.

ഇപ്പോള്‍ സോഫ്ടുവെയറിലെ ഒരു പഴുത് ഉപയോഗിച്ച് വലിയൊരു തട്ടിപ്പ് വഞ്ചിയൂര്‍ ഓഫീസിലെ അക്കൗണ്ടന്റ് ചെയ്തിരിക്കുകയാണ്. ഡിസ്മിസല്‍ അര്‍ഹിക്കുന്ന കുറ്റമാണ് അയാള്‍ ചെയ്തിരിക്കുന്നത്. അതു നടന്നിരിക്കും.

സോഫ്ടുവെയറിലെ പിഴവാണല്ലോ ഇങ്ങനെയൊരു അവസരം അയാള്‍ക്കു നല്‍കിയത്. ഈ സോഫ്ടുവെയറിനു രൂപം നല്‍കിയത് 80 ശതമാനവും നിങ്ങളുടെ ഭരണകാലത്താണ്. 2016-17ലാണ് ഇത് റോള്‍ഔട്ട് ചെയ്തത്.

ഞാന്‍ ഇത്രയും പറഞ്ഞത് യുഡിഎഫ് ഭരണകാലത്ത് മുഴുവന്‍ ട്രഷറിയില്‍ അഴിമതിയായിരുന്നൂവെന്നു സ്ഥാപിക്കാനല്ല. സോഫ്ടുവെയര്‍ അടിസ്ഥാനപരമായി എന്തോ പിശകാണെന്നു സ്ഥാപിക്കാനുമല്ല. ഇങ്ങനെയുള്ള പിഴവുകള്‍ ഉണ്ടാവും. അവ തിരുത്തി മുന്നോട്ടു പോകണം.

അപൂര്‍വങ്ങളില്‍ അപൂര്‍വമായെങ്കിലും ട്രഷറിയില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് യുഡിഎഫ് കാലമെന്നോ എല്‍ഡിഎഫ് കാലമെന്നോ വ്യത്യാസമില്ല. കണ്ടുപിടിച്ചാല്‍ കര്‍ക്കശമായ നടപടിയെടുക്കുക എന്നതു മാത്രമേ കരണീയമായിട്ടുള്ളൂ.

ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട തട്ടിപ്പാണ്. ആ തട്ടിപ്പ് കണ്ടെത്താനും നടപടിയെടുക്കാനും കഴിഞ്ഞു എന്നതു തന്നെയാണ് ട്രഷറിയുടെ പ്രത്യേകത. എന്നാല്‍ ഈ സംഭവത്തിന്റെ മറവില്‍ ട്രഷറിയുടെ വിശ്വാസ്യതയെത്തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിക്കൂടാ.

മറുവശത്ത് ബാങ്കുകളുടെ കാര്യം ആലോചിച്ചു നോക്കൂ. 2019 ഡിസംബറില്‍ പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് പ്രകാരം 4412 ബാങ്കിംഗ് ക്രമക്കേടുകളില്‍ നിന്ന് തട്ടിച്ചത് 1.13 ലക്ഷം കോടി രൂപയാണ്. ഇതു സെപ്തംബര്‍ വരെയുള്ള കണക്കാണെന്ന് ഓര്‍ത്തോളണം.

തൊട്ടുമുന്നേയുള്ള റിപ്പോര്‍ട്ടില്‍ 6801 കേസുകളില്‍ നിന്നായി 71000 കോടി രൂപയായിരുന്നു ഈ തുക. ഇതാണ് ഒരു ലക്ഷത്തി പതിമൂവായിരം കോടിയായി പെരുകിയത്.

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിന്റെ വലിപ്പം ഇതാണ്. എന്‍പിഎ അല്ലെന്ന് ഓര്‍ക്കണം. വാല്യേഷന്‍ ഇല്ലാതെ പണം കൊടുക്കുക, ഇല്ലാത്ത അക്കൌണ്ട് വഴി ഇടപാടു നടത്തുക, ചെക്കില്‍ ക്രമക്കേടു നടത്തുക തുടങ്ങി പലതരത്തില്‍ ക്രമക്കേടു നടത്തുന്നുണ്ട്.

ഈ ക്രമക്കേടുകളില്‍ നിന്ന് ബാങ്കുകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുമുണ്ട്. ഇടപാടുകളിലെ റിസ്‌ക് ഘടകം ബാങ്കിംഗ് മേഖല കണക്കുകൂട്ടുന്നു എന്നര്‍ത്ഥം. അതുകൊണ്ടാണല്ലോ എല്ലാ ബാങ്കും ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്.

ഇതു പറയുന്നത് ക്രമക്കേടുകളെ ന്യായീകരിക്കാനല്ല. പക്ഷേ, ഇപ്പോള്‍ നടന്ന സംഭവത്തെ മുന്‍നിര്‍ത്തി ട്രഷറിയ്‌ക്കെതിരെ പ്രചരണം നയിക്കുന്നവരുടെ ശ്രദ്ധയില്‍ ഇതു പെടുത്തുകയാണ്. ട്രഷറിയിലെ ഇടപാടുകള്‍ക്ക് ഒരു സാമൂഹ്യമായ ജാഗ്രതയുണ്ട്.

പത്രങ്ങളും ചാനലുകളും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാം ട്രഷറി ഇടപാടുകളില്‍ ജാഗ്രത കാണിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ക്രമക്കേടുകള്‍ സംഭവിച്ചാല്‍ ട്രഷറി വകുപ്പും അധികാരികളും ജനങ്ങളോട് ഉത്തരം പറയേണ്ടി വരും. മേല്‍ സൂചിപ്പിച്ച ആര്‍ബിഐ റിപ്പോര്‍ട്ടു പ്രകാരം ബാങ്കുകളില്‍ നിന്ന് തട്ടിച്ചെടുത്ത 1.13 ലക്ഷം കോടി രൂപയെക്കുറിച്ച് എത്ര മുഖപ്രസംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്? എത്ര ചാനല്‍ ചര്‍ച്ചകള്‍ നാം കണ്ടിട്ടുണ്ട്? ഈ തട്ടിപ്പിന്റെ വലിപ്പം ചൂണ്ടിക്കാണിച്ച് ബാങ്കിംഗ് മേഖലയാകെ കുഴപ്പമാണെന്ന് ചിത്രീകരിക്കാനോ, ബാങ്കില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമല്ലെന്ന പ്രചാരവേല നടത്താനോ ആരെങ്കിലും തുനിഞ്ഞിട്ടുണ്ടോ?

ഈ സാഹചര്യം നാം മനസിലാക്കണം. തട്ടിപ്പുകാര്‍ എവിടെയുമുണ്ട്. തട്ടിപ്പിനുള്ള പഴുതുകള്‍ അവര്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. മറുവശത്ത് ഒരു സിസ്റ്റമെന്ന നിലയില്‍ തട്ടിപ്പു തടയാനുള്ള ജാഗ്രതയും പുലര്‍ത്തണം. ആ ജാഗ്രതയും പരിശോധനയും നടക്കുന്നതുകൊണ്ടാണല്ലോ തട്ടിപ്പു കണ്ടുപിടിക്കുന്നതും നടപടിയെടുക്കുന്നതും.

ട്രഷറിയില്‍ പണം ഡെപ്പോസിറ്റ് ചെയ്യുന്നവരോടും മറ്റ് ഇടപാടുകാരോടും പറയട്ടെ. ട്രഷറിയാണ് ഏറ്റവും സുരക്ഷിതമായ ധനകാര്യ സ്ഥാപനം. തെറ്റുണ്ടായാല്‍ തുറന്നു കാട്ടാന്‍ പൊതുമണ്ഡലമുണ്ട് എന്നുള്ളതു തന്നെയാണ് ഇതിന്റെ ഒരു പ്രധാന ഗ്യാരണ്ടി.

അടുത്തത് അവിടെ നിക്ഷേപിക്കുന്ന എല്ലാ പണവും സര്‍ക്കാരിനെയാണ് ഏല്‍പ്പിക്കുന്നത്. ഈ സുരക്ഷിതത്വം വേറെ ഏതു ധനകാര്യ സ്ഥാപനത്തില്‍ കിട്ടും?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here