ലീഗിന് ആശയത്തേക്കാൾ പ്രിയം ആമാശയത്തോടാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു

രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാന്യാസം നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ആർഎസ്എസ് ഇതിനെ കാണുന്നത് കേവലമൊരു ആരാധനാലയത്തിന്റെ നിർമാണാരംഭം എന്ന നിലയ്‌ക്കല്ല. “ജന്മഭൂമി’ പത്രത്തിന്റെ തലക്കെട്ടുതന്നെ ‘രാമരാജ്യത്തിന് ശിലാന്യാസം’ എന്നാണ്. ബാബ്‌റി മസ്ജിദ് തകർത്ത സ്ഥലത്താണ് രാമക്ഷേത്രം ഉയരുന്നത്. യുപി സർക്കാർ പള്ളി പണിയാനുള്ള ഭൂമിപോലും കൈമാറിയിട്ടില്ല.

ആധുനികയുഗത്തിലെ പച്ചയായ കൈയേറ്റത്തെതുടർന്ന് നടക്കുന്ന ആദ്യ മതരാഷ്ട്ര സ്ഥാപനത്തിനാകും തുടക്കം കുറിച്ചത്‌. സമാനമല്ലെങ്കിലും ഇതിനോട് അടുത്തുനിൽക്കുന്ന സംഭവമാണ് തുർക്കിയിലെ ഹഗിയ സോഫിയയുടെ കാര്യത്തിലും നാം കണ്ടത്.

ഓരോ മതവിശ്വാസസമൂഹത്തിന് മേധാവിത്വമുള്ള രാജ്യങ്ങളും വിശ്വാസപ്രമാണത്തിന് അനുസൃതമായി അവരവരുടെ ‘മതരാഷ്ട്രങ്ങളാ’യി ഓരോ നാടിനെയും രൂപാന്തരപ്പെടുത്തിയാൽ തുല്യാവകാശത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന മനുഷ്യർ ഏത്‌ മണ്ണുതേടിയാണ് പോവുക?

വ്യത്യസ്ത മത, ജാതി, ഭാഷ, സാംസ്കാരിക ജനവിഭാഗങ്ങളെ ഒരു ചരടിൽ കോർത്തിണക്കിയത് നൂറ്റാണ്ടുകളായി നിലനിന്ന് പോരുന്ന സർവമതസ്നേഹമാണ്. അതാണ് ഇപ്പോൾ തകിടംമറിക്കപ്പെട്ടത്. 1949ലാണ് ബാബ്‌റി മസ്ജിദിന്റെ മിഹ്റാബിൽ (പ്രാർഥനയ്‌ക്ക് നേതൃത്വം നൽകുന്നയാൾ നിൽക്കുന്ന സ്ഥലം) രാമവിഗ്രഹം ‘സ്വയംഭൂവാകു’ന്നത്.

ഇതറിഞ്ഞ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു അത് സരയൂനദിയിലേക്ക് എടുത്തുകളയാനാണ് യുപിയിലെ മുഖ്യമന്ത്രിയായിരുന്ന വല്ലവപന്തിനോട് ആവശ്യപ്പെട്ടത്. പക്ഷേ, അതിന് കൂട്ടാക്കിയില്ല.

ആ ഒരു അനുസരണക്കേടിന് രാജ്യം കൊടുക്കേണ്ടിവന്ന വില വിവരണാതീതമാണ്. മസ്ജിദ് തകർക്കപ്പെടുന്നതിനുമുമ്പ് തർക്കസ്ഥലത്ത് രാമക്ഷേത്ര നിർമാണത്തിനായുള്ള പ്രഥമ ശിലാന്യാസം നടത്തിയത് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്.

കേരളത്തിൽ മുസ്ലിംലീഗ് യുഡിഎഫ് മുന്നണിയിൽനിന്ന് പുറത്തുപോന്നത് ശിലാന്യാസപ്രശ്നത്തിൽ കോൺഗ്രസ്‌ നേതൃത്വത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ്. ആ എതിർപ്പിന് ആഴ്ചകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അധികാരം തലയ്‌ക്ക്‌ പിടിച്ച ലീഗ് നേതൃത്വം ഞൊടിയിടയിൽ എല്ലാം മറന്നു. ആരേക്കാളുമധികം ലീഗിനെ ‘മനസ്സിലാക്കിയ’ കെ കരുണാകരന് ‘ചെള്ളി’ തുള്ളിയാൽ എത്രത്തോളം തുള്ളുമെന്ന് അറിയാമായിരുന്നു.

കേരളത്തിൽ ലീഗിന്റെ പ്രതിഷേധത്തി’ന്റെ ആഴവും വ്യാപ്തിയും ശരിക്കുമറിഞ്ഞ കോൺഗ്രസ്, നരസിംഹറാവുവിന്റെ കാലത്ത് പള്ളി പൊളിക്കുന്നതിന് സർവ സൗകര്യങ്ങളും ചെയ്തുകൊടുത്തു. പള്ളി പൊളിച്ചതിനെ മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം നടന്ന രണ്ടാമത്തെ മഹാപാതകമെന്നാണ് അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ വിശേഷിപ്പിച്ചത്.

പല ദേശീയപത്രങ്ങളും 1992 ഡിസംബർ ഏഴിന് പുറത്തിറങ്ങിയത് മഹാദുരന്തത്തിൽ പ്രതിഷേധിക്കാൻ തങ്ങൾക്ക് വാക്കുകളില്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ്.

കോടിക്കണക്കിനു വരുന്ന ഹൈന്ദവ സഹോദരങ്ങളും ലക്ഷക്കണക്കിനു വരുന്ന മറ്റ്‌ മതസ്ഥരും, ബാബ്‌റി മസ്ജിദ് ഇടിച്ചുതകർത്തത് ഇന്ത്യൻ മതേതരത്വത്തിനേറ്റ തീരാകളങ്കമാണെന്ന് ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.

രാജ്യചരിത്രംപോലും ബാബ്‌റി മസ്ജിദിന്റെ തകർച്ചയ്‌ക്ക് മുമ്പും പിമ്പും എന്ന നിലയിൽ പകുക്കപ്പെട്ടു. വർഗീയകലാപങ്ങളാലും ബോംബ് സ്ഫോടനപരമ്പരകളാലും പാർലമെന്റാക്രമണത്താലും രാജ്യം ഒടുങ്ങാത്ത ദുരന്തങ്ങളുടെ ദുരിതഭൂമിയായി മാറി.

പള്ളി പൊളിച്ച് 27 വർഷത്തിനുശേഷമാണ് തർക്കഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച കേസിൽ സുപ്രീംകോടതിയുടെ തീർപ്പുണ്ടാകുന്നത്.ഇപ്പോഴിതാ വീണ്ടും രാമക്ഷേത്രനിർമാണം സജീവമായിരിക്കുന്നു.

ഏറെ കൗതുകകരമായ കാര്യം കോൺഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയാണ്. ഭൂമിപൂജയ്‌ക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തതിലെ കുണ്ഠിതം രേഖപ്പെടുത്തിയ പ്രിയങ്ക കോൺഗ്രസ്‌ എന്ന മതേതര പാർടിയുടെ നേതൃത്വത്തിലാണെന്ന വസ്തുതപോലും മറന്നു.

പ്രിയങ്കയുടെ ആശംസാവചനങ്ങളിൽ ഒരസ്വാഭാവികതയും ഇല്ലെന്നാണ് എഐസിസിയുടെ നിലപാട്. കഴിഞ്ഞവർഷം അയോധ്യാവിധി വന്നപ്പോൾത്തന്നെ കോൺഗ്രസ്‌ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും പാർടി അവകാശപ്പെട്ടു.

പ്രിയങ്ക ചൊരിഞ്ഞ ആശംസ മതേതര വിശ്വാസികളിലുണ്ടാക്കിയിട്ടുള്ള ഞെട്ടൽ ചെറുതല്ല. സമയദോഷം കണക്കിലെടുത്ത് ചടങ്ങ് മാറ്റിവയ്‌ക്കണമെന്നാണ് മുതിർന്ന കോൺഗ്രസ്‌ നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്‌ ആവശ്യപ്പെട്ടത്.

ക്ഷേത്രനിർമാണത്തിലേക്ക് പൊതുപിരിവെടുത്ത് വാങ്ങിയ വെള്ളിക്കല്ലുകൾ കൊടുത്തയച്ചാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ചടങ്ങിനെ സ്വാഗതം ചെയ്തത്. രാമനെ ആരാധിക്കാനുള്ള ജനങ്ങളുടെ അവകാശം ബിജെപി കൈയടക്കുകയാണെന്നും ഇത് ശരിയല്ലെന്നുമാണ് മുൻ കേന്ദ്രമന്ത്രിയും തലമൂത്ത കോൺഗ്രസ്‌ നേതാക്കളിൽ പ്രമുഖനുമായ സൽമാൻ ഖുർഷിദ് പ്രതികരിച്ചത്.

ബിജെപിയേക്കാൾ വലിയ ബിജെപിയാകാനുള്ള ശ്രമത്തിലാണോ കോൺഗ്രസ്‌. ആർഎസ്എസ് സ്വഭാവത്തോടെ സേവാദളിനെ നാളെ കോൺഗ്രസ്‌ വേഷംമാറ്റി കാക്കിട്രൗസറും വെള്ള ഷർട്ടും കറുത്ത തൊപ്പിയും ധരിപ്പിച്ച് അവതരിപ്പിക്കുകയില്ലെന്ന് ആര് കണ്ടു.

ലീഗിന്റെ ഉന്നതാധികാര സമിതികൾ ചേർന്നാലും ഇല്ലെങ്കിലും കടലുണ്ടിപ്പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോകും. യുക്തമായ തീരുമാനം തക്കസമയത്ത് എടുക്കാൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തി എന്ന പതിവ് പ്രസ്താവനയല്ലാതെ ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ അതും തെറ്റിച്ച് ഒരു തുണ്ടുകടലാസിൽ രണ്ടുവരിയെഴുതി ലീഗ് അവരുടെ ഇമ്മിണി വലിയ പ്രതിഷേധം കോൺഗ്രസ്സിനെ അറിയിച്ചു. ലീഗിന് ആശയത്തേക്കാൾ പ്രിയം ആമാശയത്തോടാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. പാവം പിടിക്കോഴികൾക്ക് വംശനാശം സംഭവിച്ചാൽ ലീഗ് യോഗങ്ങളുടെ ഗതി എന്താകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here