രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഇന്ത്യയില്‍

രാജ്യത്ത്‌ കൊവിഡ്‌ മരണം 40732. രോഗികൾ 19,60,000. രണ്ടുദിവസമായി എണ്ണൂറിലേറെയാണ്‌ പ്രതിദിന മരണം. രണ്ടാഴ്‌ചയായി 700നുമുകളിൽ മരണം. ഒരുദിവസത്തെ രോഗികൾ ഏതാനും ദിവസമായി അരലക്ഷത്തിലേറെയാണ്‌. ചികിത്സയിലുള്ളവർ 5,94,000.

2.09 ശതമാനമാണ്‌ രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌. ഗുജറാത്തിൽ 3.85 ശതമാനവും മഹാരാഷ്ട്രയിൽ 3.56 ശതമാനവും ഡൽഹിയിൽ 2.9 ശതമാനവും മധ്യപ്രദേശിൽ 2.6 ശതമാനവുമാണ്‌ മരണനിരക്ക്‌. അസമിലും കേരളത്തിലുമാണ്‌ കുറഞ്ഞ മരണനിരക്ക്‌. അസമിൽ 0.24 ശതമാനവും കേരളത്തിൽ 0.31 ശതമാനവും.

24 മണിക്കൂർ കാലയളവിൽ 52509 കേസും 857 മരണവും റിപ്പോർട്ടുചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 51706 പേർക്ക്‌ രോഗം ഭേദപ്പെട്ടു. ആകെ രോഗമുക്തർ 12.82 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 67.19 ശതമാനം. ചൊവ്വാഴ്‌ച 619652 സാമ്പിൾ പരിശോധിച്ചു. ആകെ പരിശോധന 2.15 കോടി. രോഗസ്ഥിരീകരണ നിരക്ക്‌ 8.47 ശതമാനം‌.

മഹാരാഷ്ട്രയിലും ആന്ധ്രയിലും പ്രതിദിന കോവിഡ്‌ കേസുകൾ വീണ്ടും പതിനായിരം കടന്നു. ഇതാദ്യമായി രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ മരണം തൊള്ളായിരത്തിലേറെയായി. മഹാരാഷ്ട്രയിൽ 334ഉം തമിഴ്‌നാട്ടിൽ 112ഉം മരണം. കർണാടകത്തിൽ 95ഉം ആന്ധ്രയിൽ 77ഉം യുപിയിൽ 40ഉം പഞ്ചാബിൽ 29ഉം ഗുജറാത്തിൽ 23ഉം ബിഹാറിൽ 20ഉം ഡൽഹയിൽ 11ഉം മരണം. രാജസ്ഥാനിലും തെലങ്കാനയിലും 13 വീതം മരണം.

മഹാരാഷ്ട്രയിൽ നാല്‌ ദിവസത്തിനുശേഷമാണ്‌ കേസുകൾ വീണ്ടും പതിനായിരം കടന്നത്‌. 10,309 പേർക്ക്‌ ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ 1125 കേസും 42 മരണവും. ആന്ധ്രയിൽ അഞ്ച്‌ ദിവസത്തിനുശേഷമാണ്‌ കേസുകൾ വീണ്ടും പതിനായിരം കടന്നത്‌. ഡൽഹിയിൽ പ്രതിദിന കേസുകൾ വീണ്ടും ആയിരം കടന്നു. യുപിയിൽ 4078 ഉം ബിഹാറിൽ 2701 ഉം തെലങ്കാനയിൽ 2012 ഉം ഒഡിഷയിൽ 1337ഉം കേസ്‌ ബുധനാഴ്‌ച റിപ്പോർട്ടുചെയ്‌തു.

ആന്റിജെൻ പരിശോധനകളിൽ വർധന ‌
ആന്റിബോഡി സാന്നിധ്യം കണ്ടെത്തി രോഗനിർണയം നടത്തുന്ന ആന്റിജെൻ പരിശോധനയുടെ അനുപാതത്തിൽ രാജ്യത്ത്‌ വലിയ വർധന‌. ആകെ നടക്കുന്ന പരിശോധനകളിൽ 45 ശതമാനത്തോളം ആന്റിജെൻ പരിശോധനയാണ്‌.

ഡൽഹിയിൽ ഒരു മാസത്തോളമായി ആകെ പരിശോധനകളുടെ മൂന്നിൽ രണ്ടും ആന്റിജെൻ പരിശോധനകളാണ്‌. ഇതേ തുടർന്ന്‌ പോസിറ്റീവ്‌ ഫലങ്ങളുടെ എണ്ണം ഗണ്യമായി ഇടിഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി പരിശോധനകളുടെ എണ്ണത്തിലും ഡൽഹിയിൽ വലിയ ഇടിവുണ്ടായി. ചൊവ്വാഴ്‌ച പതിനായിരത്തിൽ താഴെ മാത്രമായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News