ചേക്കുട്ടിപ്പാവയുടെ ഉപജ്ഞാതാവ് ലക്ഷ്മി മേനോന്‍റെ പുത്തന്‍ ആശയം ഏറ്റെടുത്ത് എറണാകുളം ജില്ലാഭരണകൂടം. പിപിഇ കിറ്റുകള്‍ തയ്യാറാക്കുമ്പോള്‍ ബാക്കിയാവുന്ന പാഴ്വസ്തുക്കളുപയോഗിച്ച് മെത്ത നിര്‍മ്മിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്ക് കൈമാറാമെന്ന ആശയമാണ് ജില്ലാഭരണകൂടം യാഥാര്‍ഥ്യമാക്കുന്നത്.
സംസ്ഥാനത്ത് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും നിര്‍മ്മാണ ശേഷം ബാക്കി വരുന്ന ചെറു കഷ്ണങ്ങള്‍ ശേഖരിച്ച് അവകൊണ്ട് കിടക്ക നിര്‍മ്മിക്കുക എന്നതായിരുന്നു വനിതാ സംരംഭക കൂടിയായ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച പുതിയ ആശയം. പഞ്ചായത്തുകളില്‍ തുടങ്ങുന്ന കോവിഡ് കെയര്‍ സെന്‍ററുകളിലേക്കായി ഈ കിടക്കകള്‍ നല്‍കാമെന്നും ലക്ഷ്മി തന്‍റെ ആശയമായി പങ്കുവെച്ചിരുന്നു.
അത്തരത്തില്‍ തയ്യാറാക്കുന്ന മെത്തയുടെ ഗുണനിലവാരം തിരിച്ചറിഞ്ഞ ജില്ലാഭരണകൂടംകുടുംബശ്രീ മിഷന്‍റെയും വിസ്ഡം ഡവലപ്പ്മെന്‍റ് ഫൗണ്ടേഷന്‍റെയും സഹകരണത്തോടെ കൂടുതല്‍ കിടക്കകള്‍ നിര്‍മ്മിക്കുകയായിരുന്നു.ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ സി എസ് ആര്‍ ഫണ്ടുപയോഗിച്ചാണ് 100 മെത്തകള്‍ നിര്‍മ്മിച്ചത്.എറണാകുളം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മെത്തകള്‍ കളക്ടര്‍ക്ക് കൈമാറി.ആദ്യ ഘട്ടമെന്ന നിലയില്‍ നൂറ് കിടക്കകള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്ക് ഉടന്‍ കൈമാറുമെന്ന് കളക്ടര്‍ അറിയിച്ചു.
പ്രളയാതിജീവനത്തിന്‍റെ പ്രതീകമായ ചേക്കുട്ടിപ്പാവയുടെ ഉപജ്ഞാതാക്കളില്‍ ഒരാളാണ് ലക്ഷ്മി മേനോന്‍.ചേക്കുട്ടിപ്പാവ അന്താരാഷ്ട്രതലത്തില്‍വരെ ഹിറ്റായതുപോലെ കോവിഡ്കാല പ്രതിസന്ധികളെ അതിജീവിക്കാനായി ലക്ഷ്മി അവതരിപ്പിച്ച ശയ്യ എന്ന ആശയത്തിനും വലിയ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.