സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കൊച്ചി എന്‍ ഐ എ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നേരത്തെ എന്‍ ഐ എയുടെ വാദം കേട്ട കോടതി ഇന്ന് പ്രതിഭാഗത്തിന്‍റെ വിശദമായ വാദം കേള്‍ക്കും.കേസില്‍ യു എ പി എ നിലനില്‍ക്കുമൊ എന്ന് കോടതി ആവര്‍ത്തിച്ച് ചോദിച്ചിരുന്നു.എന്നാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന കുറ്റം യു എ പി എയുടെ പരിധിയില്‍ വരുമെന്നായിരുന്നു എന്‍ ഐ എയുടെ വാദം.

ഇക്ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ച്ച ജാമ്യാപേക്ഷ പരിഗണിക്കവെ കേസ് ഡയറി അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ നികുതിവെട്ടിപ്പ് കുറ്റമല്ലേ നിലനില്‍ക്കുകയുള്ളൂവെന്നും യു എ പി എ നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചിരുന്നു.എന്നാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന കുറ്റം യു എ പി എയുടെ പരിധിയില്‍ വരുമെന്നാണ് എന്‍ ഐ എക്ക് വേണ്ടി ഹാജരായ അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്.

20 തവണയായി 200 കിലോ സ്വര്‍ണ്ണമാണ് പ്രതികള്‍ കടത്തിയതെന്നും എന്‍ ഐ എ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.പ്രതികളുടെ തീവ്രവാദ ബന്ധം തെളിയിക്കുന്ന രേഖകള്‍ കേസ്ഡയറിയിലുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.

ദേശവിരുദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ നിന്നാണ് സ്വര്‍ണ്ണംവാങ്ങാനുള്ള പണം സ്വരൂപിച്ചിരുന്നതെന്നും ഇത് ഹവാലയായി വിദേശത്ത് എത്തിച്ചിരുന്നതായും ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

സ്വപ്നയെ കുരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ മറ്റൊരുവാദം.എന്നാല്‍ കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നും ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെത്തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ അന്വേഷണം തുടങ്ങിയതെന്നും എ എസ് ജി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതിഭാഗത്തിന്‍റെ കൂടുതല്‍ വാദം കേള്‍ക്കാനായി കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News