കൊവിഡ് ക്ലസ്റ്ററിനു പുറത്ത് രോഗം പടരുന്നു; ആശങ്കയോടെ എറണാകുളം ജില്ല

എറണാകുളം ജില്ലയില്‍ കൊവിഡ് ക്ലസ്റ്ററിനു പുറത്ത് രോഗം പടരുന്നത് ആശങ്കക്കിടയാക്കുന്നു.ജില്ലയുടെ കി‍ഴക്കന്‍ മേഖലയായ കോതമംഗലം നെല്ലിക്കു‍ഴി ഭാഗങ്ങളില്‍ ഇന്നലെ മാത്രം 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന എളമക്കര സ്വദേശി മരിച്ചു.

ജില്ലയിലെ കോവിഡ് ലാര്‍ജ്ജ് ക്ലസ്റ്ററുകളായ ആലുവ,ഫോര്‍ട്ടുകൊച്ചി മേഖലകള്‍ക്ക് പുറത്ത് കി‍ഴക്കന്‍മേഖലകളില്‍ രോഗിക‍ളുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കക്കിടയാക്കിയിരിക്കുന്നത്.കോതമംഗലം,നെല്ലിക്കു‍ഴി എന്നിവിടങ്ങളിലായി ഇന്നലെ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.കൂടാതെ കി‍ഴക്കന്‍ മെഖലയില്‍ ഉള്‍പ്പെടുന്ന കടവൂര്‍, കല്ലൂര്‍ക്കാട്, പായിപ്ര, ആയവന, വാരപ്പെട്ടി.

കവളങ്ങാട് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ കി‍ഴക്കന്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത ജില്ലാഭരണകൂടം തള്ളിക്കളയുന്നില്ല.അതേ സമയം ഫോര്‍ട്ടുകൊച്ചി ക്ലസ്റ്ററില്‍ രോഗികളുടെ എണ്ണം കുറയാത്തതും ആശങ്കപ്പെടുത്തുന്നുണ്ട്.ഫോര്‍ട്ടുകൊച്ചി ക്ലസ്റ്ററില്‍ ക‍ഴിഞ്ഞ ദിവസവും 30ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ആലുവ ക്ലസ്റ്ററില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

ക‍ഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് നാവിക സേന ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുണ്ട്. അതേ സമയം വിട്ടുവീ‍ഴ്ച്ചയില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ജില്ലാഭരണകൂടം. ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജനറൽ ആശുപത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം എൽ എ അറിയിച്ചിട്ടുണ്ട്.

മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നുമുള്ള തുക ഉപയോഗിച്ചാണ് പി.സി.ആർ ടെസ്റ്റിങ്ങ് മെഷീൻ സ്ഥാപിക്കുന്നത്. പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ 400 ടെസ്റ്റുകൾ വരെ 45 മിനിറ്റ് കൊണ്ട് നടത്താൻ കഴിയും.അതേ സമയം കഴിഞ്ഞ ആറ് മാസത്തിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാതികളില്ലാതെ സുഗമമായി നടത്താന്‍ നേതൃത്വം നല്‍കിയതിന് എറണാകുളം കളക്ടര്‍ എസ് സുഹാസിനെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അഭിനന്ദിച്ചു.

കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകട സാധ്യതയുള്ളവര്‍ക്ക് രോഗം വരാതെ തടയുക, കോവിഡ് മൂലമുള്ള മരണസംഖ്യ കുറക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News