കൊവിഡ് വാർഡിലെ മുഖമില്ലാത്ത മനുഷ്യർ!! ഡോ: കവിത രവി എഴുതുന്നു

കൊവിഡ് ചികിത്സയിലുള്ള ഒരു ഡോക്ടർ കൂടിയ കവിത രവിയാണ് തന്റെ മുറിയിൽ ശുചീകരിക്കാനാനെത്തിയ ജീവനക്കാരിയുടെ ചിത്രം വിവരിക്കുന്നത്. ഈ യുദ്ധത്താൽ മുഖമില്ലാത്ത ആ മനുഷ്യരെ കാണാതെ പോകരുതെ എന്ന അഭ്യർത്ഥനയോടെ, കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ.

തൂവെള്ള വസ്ത്രങ്ങളിൽ സ്വയം പൊതിഞ്ഞും, കാലിൽ നീലയോ മഞ്ഞയോ നിറമുള്ള പാട പോലെയുള്ള ചെരുപ്പുകൾ അണിഞ്ഞും വരുന്ന ആരോഗ്യ പ്രവർത്തകരുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടില്ലേ?

മുഖമില്ലാത്ത മനുഷ്യർ.

പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് എന്ന് നാം വിളിക്കുന്ന മുഖവും ശരീരവും മൊത്തം മൂടുന്ന വസ്ത്രങ്ങൾ അണിഞ്ഞ്, ഒരു രോഗാണു പോലും ഉള്ളിൽ കടക്കാതെ കൊണ്ട് സ്വയം സംരക്ഷിച്ചു വേച്ചു വേച്ചു ഒരു യുവതി ഇന്നലെ മുറിയിൽ വന്നു.

കയ്യിൽ നിലം തുടയ്ക്കാനും കുളിമുറി വൃത്തിയാക്കാനും വേണ്ടിയുള്ള ഉപകരണങ്ങളുമായിട്ടാണ് അവർ വന്നത്. ഒരു ബക്കറ്റിൽ നേർപ്പിച്ച ബ്ലീച്ച് ലായനിയുമുണ്ട്.

ആളെ തിരിച്ചറിയാൻ കഴിയുമോ?

ഞാൻ സൂക്ഷിച്ചു നോക്കി.

ഇല്ല.

മുഖം വ്യക്തമല്ല.

പുകമഞ്ഞ് പോലെ എന്തോ ഒന്ന് അവരുടെ മുഖാവരണത്തിനുള്ളിൽ കണ്ണുകളുടെ ഭാഗത്തു പറ്റിപ്പിടിച്ചിരിക്കുന്നു.

മുഖം കാണാൻ ആവാത്ത സ്ഥിതിക്ക് അവരുടെ പേര് പറയുന്നതിൽ അർത്ഥമില്ലല്ലൊ. പ്രായവും അറിയാൻ കഴിഞ്ഞില്ല.

പേരൂർക്കട സ്വദേശിനി.

ഇപ്പോൾ ജോലി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് ബ്ളോക്കിൽ.

രണ്ടു കുഞ്ഞു മക്കളുണ്ട് അവൾക്ക്.

അമ്മയുടെ ചൂടും പറ്റി കിടന്നുറങ്ങേണ്ടുന്ന പ്രായമാണ് അവളുടെ കുഞ്ഞുങ്ങൾക്ക്.

പക്ഷേ, പതിനേഴു ദിവസത്തിൽ ഒരിക്കലാണ് ഇപ്പോൾ ആ അമ്മ തന്റെ കുഞ്ഞുങ്ങളെ കാണുന്നത്.

കോവിഡ് വാർഡിൽ പത്തു ദിവസമാണ് ഡ്യൂട്ടി. അതു കഴിഞ്ഞു ഏഴു ദിവസം ഹോം ക്വാറൻറ്റവൈനിൽ പോകണം.

വീട്ടിൽ സുരക്ഷിതമായി അങ്ങനെ കഴിയാൻ സൗകര്യം ഉള്ളവർക്ക് അങ്ങനെ ചെയ്യാം.

എന്നാൽ അവളുടെ വീട്ടിൽ അവൾക്ക് മാത്രമായി ഒറ്റയ്ക്ക് ഒരു മുറി എടുക്കാൻ ഇല്ല.
അതു കൊണ്ട് ശ്രീകാര്യത്തുള്ള ഒരു പള്ളിയോടു ചേർന്ന താൽക്കാലിക പാർപ്പിടത്തിൽ ഏഴു ദിവസം അടച്ചു പൂട്ടി കഴിയണം അവൾക്ക്.

എന്നിട്ടു വീട്ടിൽ പോകാം.

“മക്കളെ കാണാൻ പറ്റുന്നില്ല മാഡം. അതാണ് എന്റെ സങ്കടം.”

“ആവിയെടുക്കും മാഡം ഇതിടുമ്പോൾ. അര മണിക്കൂറു കഴിയുമ്പോൾ തന്നെ ബുദ്ധിമുട്ടാകും. കുറച്ചു കഴിയുമ്പോൾ നമ്മുടെ ശാസം തന്നെ ഇതിനുളിൽ നിറഞ്ഞു തുടങ്ങും. അപ്പോൾ കണ്ണട പോലത്തെ ഉപകരണത്തിൽ പുക പോലെ നീരാവി പിടിക്കും. പക്ഷേ, ഇതെല്ലാം ഇട്ടിട്ടു വേണം ഓരോ മുറിയും വൃത്തിയാക്കാൻ,” അവൾ പറഞ്ഞു.

കോവിഡ് ബ്ലോക്കിലെ ഓരോ മുറിയും എല്ലാ ദിവസവും മൂന്നു തവണ ഇങ്ങനെ അണു നാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഒരിക്കലും മുടങ്ങാതെ.

പ്ലാസ്റ്റിക് ഉറ പോലെയുള്ള പാദ രക്ഷകൾ ഇട്ടാൽ നടക്കാൻ ബുദ്ധിമുട്ടാണ്. പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് എല്ലാം ധരിച്ചു വേണം ഈ ബ്ലോക്കിലെ ഓരോ മുറിയും കുളിമുറിയും വൃത്തിയാക്കുന്ന ഭാരിച്ച ജോലികൾ ഇവർ ചെയ്യാൻ.

ഒന്നോ രണ്ടോ മുറികൾ വൃത്തിയാക്കി കഴിയുമ്പോഴേക്ക് തളർന്നു പോകും ചിലർ. സ്വന്തം ശാസത്തിന്റെ ചൂടേറ്റു വാടികുഴഞ്ഞു പോകും.
പക്ഷേ, പരിഭവങ്ങൾ ആരോടും പറയാൻ നിൽക്കുന്നില്ല അവർ.

രോഗ നിയന്ത്രണത്തിന്റെ വീരഗാഥകളിൽ ആരും ഇവരെ ഓർക്കാറുമില്ല.
മുഖമില്ലാത്ത മനുഷ്യരെ ആരും ഓർക്കേണ്ട എന്നാണോ?
ആരും അവർക്കു പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകാൻ ഓർക്കുന്നുമില്ല.

വാഴ്ത്തപ്പെടാത്ത വീരന്മാരുടെ പട്ടികകളിൽ ഒരു പ്രസിദ്ധീകരണവും ഒരു റ്റെലിവിഷൻ ചാനലും ഇവരെ പറ്റി ഒരു ഫീച്ചറും നൽകാറുമില്ല.

പക്ഷേ അവരെ മറക്കാൻ എനിക്ക് കഴിയില്ല.

കാരണം, ഇവരെ പോലെയുള്ള, ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്താൻ ഇടയില്ലാത്ത, അസാധാരണരായ
ഒരുപാട് പേരുടെ സഹനമാണ് എന്നെ പോലെ ഉള്ള കോവിഡ് രോഗികളെ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരുന്നത്.

ആര് മറന്നാലും എനിക്ക് ഇവരെ മറക്കാൻ ആവില്ല.

പേടിയില്ലേ കോവിഡ് ബ്ലോക്കിൽ ജോലിക്കു വരാൻ, ഞാൻ ചോദിച്ചു.

ഇല്ല മാഡം. ആദ്യം ഈ ഉടുപ്പൊക്കെ ഇട്ടു വന്നപ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് ഒക്കെ തോന്നിയെങ്കിലും പിന്നെ അതു ശീലമായി.

അതു പറയുമ്പോൾ അവളുടെ മുഖഭാവം എന്തായിരിക്കും എന്ന് ഞാൻ ഊഹിക്കാൻ ശ്രമിച്ചു.
ഇല്ല. ഒരു ഊഹവും കിട്ടിയില്ല.
കാരണം അവളുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലല്ലോ.

പക്ഷേ, അപ്പോൾ അവളുടെ വെള്ള വസ്ത്രങ്ങൾക്ക് കൂടുതൽ വെണ്മ വന്നു ചേരുന്നതു പോലെ തോന്നി.

തന്റെ ജോലി തീർത്ത്, ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി, അവൾ പുറത്തു കടന്നു.
അവൾക്ക് പിന്നാലെ, മുറിക്കുള്ളിൽ ബ്ലീച്ചിന്റെ നേർത്ത ഗന്ധം പടർന്നു.

രോഗമുക്തമായ ജീവിതത്തിലേക്കുള്ള പാതയുടെ ഗന്ധമായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News