കനത്ത മ‍ഴ തുടരുന്നു; സംസ്ഥാനത്തെങ്ങും വ്യാപക നാശനഷ്ടം

കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടം.

കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവര്‍ഷം ശക്‌തമായതോടെ വടക്കൻ ജില്ലകളിൽ മഴ കനത്തു.

കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയാണ് പെയ്യുന്നതെങ്കിലും വീശിയടച്ച കാറ്റ് കനത്ത നാശം വരുത്തി. വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു വീണു. മരങ്ങൾ വീണ് 25 ഓളം വീടുകൾ ഭാഗികമായി തകർന്നു, ഏതാനും വീവീടുകൾ പൂർണമായി തകർന്നു. പിലിക്കോട് കാർഷിക ഗവേഷണത്തിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ തകർന്നു വീണു. പോളി ഹൗസും കാറ്റിൽ നിലംപൊത്തി.

25 ലക്ഷം രൂപയുടെ നഷ്ടം ഇവിടെ മാത്രം ഉണ്ടായി. കെ സ് ഇ ബി കാഞ്ഞങ്ങാട് ഡിവിഷനിൽ മാത്രം പതിമൂന്നര ലക്ഷത്തിന്റെ നഷ്ടം ഉണ്ടായി. 125 എൽ ടി ലൈൻ തൂണുകളും 24 എച്ച് ടി ലൈൻ പോസ്റ്റുകളും തകർന്നു.മരങ്ങൾ വീണും
വെള്ളം കയറിയും വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. കാസർകോട് ജില്ലയുടെ തെക്കൻ മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്.

കോഴിക്കോട്‌ ഇരുവഞ്ഞിപ്പുഴയും ചാലിയാർ പുഴയും കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റി. ചെമ്പ് കടവ് പാലം വെള്ളത്തിൽ മുങ്ങിയതോടെ തുഷാരഗിരി അടിവാരത്തിൽ ഗതാഗതം സ്തംഭിച്ചു.

പാലക്കാട് ജില്ലയില്‍ അട്ടപ്പാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. അട്ടപ്പാടിയിലെ പടിഞ്ഞാറൻ മേഖലയിൽ വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണും മരങ്ങൾ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിൽ രണ്ടു ദിവസം മുൻപ് തകർന്ന 33 kV വൈദ്യുത ലൈൻ തകർന്നത് ശരിയാക്കാൻ കഴിയാത്തതിനാൽ അട്ടപ്പാടിയിലേക്കുള്ള വൈദ്യുതബന്ധം പുനഃ സ്ഥാപിക്കാനായിട്ടില്ല.

എരുത്തേമ്പതിയിൽ വൈദ്യുത കമ്പി പൊട്ടിവീണ് വീണ് വീട്ടമ്മ മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം പശുവിന് പുല്ലരിയുന്നതിനിടെയാണ് അപകടം. എരുത്തേമ്പതി മൂങ്കിൽമട പഴനി സ്വാമിയുടെ ഭാര്യ ലീലാവതിയാണ് (65) ഷോക്കേറ്റ് മരിച്ചത്.
ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് വൈദ്യുത കമ്പി പൊട്ടി ലീലാവതിയുടെ ദേഹത്ത് വീഴുകയുമായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. NDRF ന്‍റെ ആദ്യ സംഘം പാലക്കാടെത്തി.

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 94 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 365 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി.
നിലമ്പൂർ മുണ്ടേരിയിലെ മരപ്പാലം ഒലിച്ചു പോയതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികൾ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്.

അതേസമയം തൃശൂർ ജില്ലയിലെ പൂമലഡാമിൽ ജലനിരപ്പ് 27 അടിയായതിനെ തുടർന്ന് ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ജലനിരപ്പ് 28 അടിയാവുമ്പോൾ ഷട്ടറുകൾ തുറക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവിട്ടിരിക്കുന്നത്. 29 അടിയാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ഷട്ടറുകൾ ഏതു സമയവും തുറക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയില്‍ കനത്ത മഴയില്‍ മൂന്നാറിലെ പെരിയവരൈ പാലം ഒലിച്ചു പോയി. എന്നാല്‍ കനത്ത മഴയില്‍ പോലീസിന്‍റേയും പി.ഡബ്ലൂ.ഡി വകുപ്പിന്‍റേയും നേത‌ൃത്വത്തില്‍ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ പാലം പൊതുജനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരുണാപുരം, കമ്പംമേട് മേഖലകളിൽ ശക്തമായ കാറ്റിൽ പരക്കെ നാശനഷ്ടമുണ്ടായി.23 വീടുകൾ ഭാഗീകമായ് തകർന്നു. പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. അതേസമയം കമ്പംമേട് ചെക്ക് പോസ്റ്ററിലെ ആരോഗ്യവകുപ്പ് – പോലീസ് ഡിപ്പാർട്ട്‌മെന്റുകളുടെ കോവിഡ് പരിശോധനാ കേന്ദ്രം പൂർണമായ് തകർന്നു. നെടുങ്കണ്ടം -കമ്പം റൂട്ടിലും കമ്പംമേട് പുളിയൻമല റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു.

പത്തനംതിട്ട ജില്ലയില്‍ മണിയാർ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റീമീറ്റർ ഉയർത്തി. കക്കാട്ടാറിൽ ഒരു മീറ്റർ വരെയും പമ്പയാറിൽ 80 സെന്റീമീറ്റർ വരെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News