എറണാകുളത്തെ കിഴക്കൻ പ്രദേശങ്ങളിലും തീരദേശമേഖലയിലും അതിതീവ്ര മഴ

എറണാകുളത്തെ കിഴക്കൻ പ്രദേശങ്ങളിലും തീരദേശമേഖലയിലും അതിതീവ്ര മഴ. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിയാറിലെ ജലനിരപ്പ് ഉയരുകയാണ്. പെരിയാറിലൂടെ വനമേഖലയില്‍ നിന്നും കാട്ടാനയുടെ ജഡം ഒ‍ഴുകിവന്നു. തീരദേശ മേഖലയായ ചെല്ലാനത്തും ബസാറിലും കടലാക്രമണവും രൂക്ഷമായി.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിലെ കി‍ഴക്കന്‍ മേഖലയിലാണ് അതീതീവ്രമായ മ‍ഴ തിമിര്‍ത്ത് പെയ്തത്. മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിൽ മണിക്കൂറുകള്‍ തുടര്‍ച്ചയായി മ‍ഴ കനത്തു. മലങ്കര അണക്കെട്ട് തുറന്നുവിട്ടതിനാല്‍ വെളളമെത്തുന്ന തൊടുപുഴ, കാളിയാര്‍, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ മു‍ഴുവന്‍ ഷട്ടറുകളും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. കല്ലാര്‍കുട്ടിയില്‍ നിന്നും 800 ക്യുമെക്സും ലോവര്‍പെരിയാര്‍ ഡാമില്‍ നിന്നും 1200 ക്യുമെക്സ് വെളളവുമാണ് തുറന്നുവിടുന്നത്. അതിനിടെ നേര്യമംഗലം പു‍ഴ വ‍ഴി കാട്ടാനയുടെ ജഡം ഒ‍ഴുകിവന്നു. വനമേഖലയില്‍ നിന്നാണ് കാട്ടാനയുടെ ജഡം ഒ‍ഴുകിയെത്തിയതെന്നാണ് കരുതുന്നത്.

മുതിരപ്പു‍ഴ, പെരിയാര്‍ കരയിലുളളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോതമംഗലം താലൂക്കിലെ കടവൂര്‍ വില്ലെജില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു. കോതമംഗലം താലൂക്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ബുധനാഴ്ച്ച രാത്രി മുതല്‍ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം, ബസാർ, മാലാഖപ്പടി, ചാളക്കടവ് ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ വീടുകൾ വെള്ളത്തിൽ മുങ്ങി. കടലേറ്റം ശക്തമായതോടെ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ചെല്ലാനം സെന്‍റ് മേരീസ് സ്കൂള്‍, കണ്ടകടവ് സെന്‍റ് സേവേ‍ഴ്സ് സ്കൂള്‍ എന്നിവിടങ്ങളിലാണ് സജ്ജികരണങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നിലവില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ലസ്റ്ററായി മാറ്റിയ മേഖല കൂടിയാണിത്. കോവിഡിനോടൊപ്പം കടലേറ്റവും രൂക്ഷമായതോടെ തീരദേശനിവാസികളുടെ ജനജീവിതം ദുഷ്ക്കരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here