സംസ്ഥാനത്ത് കനത്തമ‍ഴ തുടരുന്നു; വടക്കൻ ജില്ലകളിൽ വ്യാപക നാശം; മലപ്പുറം ജില്ലയില്‍ റെഡ് അലേര്‍ട്ട്

കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. മ‍ഴ അതിശക്തമായ തുടരുന്ന സാഹചര്യത്തില്‍ ദുരിതം നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറെടുപ്പ്‌ ഊർജിതമാക്കി.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ടു ടീം കൂടി വ്യാഴാഴ്‌ചയെത്തി. ഇതടക്കം വയനാട്‌, ഇടുക്കി, തൃശൂർ, ആലപ്പുഴ, മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ സേന നിലയുറപ്പിച്ചിട്ടുണ്ട്‌. ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.

ഡാമുകളിൽ വെള്ളം നിറയുകയാണ്‌. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുമെന്ന്‌ കേന്ദ്ര ജല കമീഷൻ അറിയിച്ചു. തൊടുപുഴ, കിള്ളിയാർ, കോതമംഗലം, മൂവാറ്റുപുഴ ആറുകളിൽ വെള്ളപ്പൊക്കത്തിന്‌ സാധ്യതയുള്ള വിധം വെള്ളം പൊങ്ങി. അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മേഖലകളിലായി 17 വീട്‌ തകർന്നു. മലപ്പുറത്ത്‌ നിലമ്പൂർ ടൗണിലും വെള്ളം കയറി. എട്ടു‌ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു.

കർണാടക കുടകിൽ തലക്കാവേരി ക്ഷേത്രത്തിനടുത്ത് ഉരുൾപൊട്ടി നാലുപേരെ കാണാതായി. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്‌ഹാർട്ട് ഗ്യാപ്പിൽ വീണ്ടും മലയിടിഞ്ഞു.

കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും വേണാട് കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തകർന്നു.ഉരുൾപൊട്ടലിൽ ഏലപ്പാറതോട് കരകവിഞ്ഞ് ടൗൺ വെളളത്തിനടിയിലായി.കാട്ടാനയുടെ ജഡം പെരിയാർ പുഴയിലൂടെ ഒഴുകിപ്പോയി.‌ മൂന്ന്‌ ദിവസത്തിനുള്ളിൽ പത്തടിവെളളമാണ്‌ ഇടുക്കി ജലസംഭരണിയിൽ കൂടിയത്‌.

മലപ്പുറത്ത്‌ ഇന്ന്‌ റെഡ്‌ അലർട്ട്‌
വെള്ളിയാഴ്‌ച മലപ്പുറം ജില്ലയിൽ റെഡ്‌ അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 11.30 വരെ കേരള തീരത്ത് കൂറ്റൻ തിരമാലയുണ്ടാകും. മീൻപിടിത്തം പാടില്ല.

മലപ്പുറത്ത് മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്നു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചാലിയാറിന്റെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്ന ആയിരത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു

9നും ന്യൂനമർദം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ ഇന്ത്യയിലേക്ക് നീങ്ങി രണ്ടു ദിവസത്തിനുള്ളിൽ ദുർബലമാകുമെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാൽ, ഒമ്പതോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News