59 ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന്‌ ശനിയാഴ്‌ച ഒരാണ്ട്

പെരുമഴയ്‌ക്കൊപ്പം മുത്തപ്പൻമല ഇടിഞ്ഞിറങ്ങി 59 ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന്‌ ശനിയാഴ്‌ച ഒരാണ്ട്‌‌. താഴ്‌വാരത്തെ 37 വീടുകളുടെ മുകളിലേക്ക് മണ്ണും പാറയും മരങ്ങളും പതിച്ചു. ആഗസ്‌ത്‌ എട്ടിന്‌ രാത്രി എട്ടിനായിരുന്നു ഉരുൾപൊട്ടൽ. ഉറ്റവരും വാസസ്ഥലവും തൊഴിലും നഷ്ടപ്പെട്ട്‌ ഒരു ജനത വിറങ്ങലിച്ചുനിന്നു.

ആ മണ്ണാഴങ്ങളിൽനിന്ന്‌ സർക്കാർ കരുതലിൽ ജീവിതത്തിന്റെ പച്ചത്തുരുത്തിലേക്ക്‌ അവർ ചേക്കേറുന്നു. പ്രിയപ്പെട്ടവരുടെ ഓർമ കരുത്താക്കി, കണ്ണീർ തുടയ്‌ക്കുകയാണവർ.

അതിജീവിച്ചവർക്കുള്ളിൽ മായാതെയുണ്ട്‌ ആ രാത്രി. രണ്ട് മിനിറ്റിനുള്ളിൽ വൻ ശബ്ദത്തോടെ മല നെടുകെ പിളർന്നു. നേരം പുലർന്നപ്പോഴാണ് 50 ഏക്കർ ഭൂമി ഒന്നടങ്കം ഒലിച്ചിറങ്ങിയതറിഞ്ഞത്. 19 കുടുംബത്തിലുള്ള 59 പേർ മരിച്ചു. 18 ദിവസം നീണ്ട തെരച്ചിലിനൊടുവിൽ 48 മൃതദേഹം കണ്ടെടുത്തു. 11 മൃതദേഹങ്ങൾ കിട്ടിയില്ല.

പുനരധിവാസ പ്രവർത്തനങ്ങളിൽ‌ സർക്കാർ ഉണർന്നുപ്രവർത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി നാല് ലക്ഷം രൂപവീതം നൽകി. ആലിൻചുവട് വായനശാലപടിയിൽ 59 വീട്‌ അതിവേഗം ഉയരുന്നു. സംസ്ഥാന സർക്കാർ സ്ഥലം വാങ്ങാൻ ആറുലക്ഷം രൂപ നൽകി.

സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്ന് ഒരുലക്ഷവും. പ്രവാസി വ്യവസായി എം എ യൂസഫലി 33 ഉം എൻജിനീയർമാരുടെ സംഘടന എട്ടും കേരള മുസ്ലീം ജമാഅത്ത് 12 ഉം ക്രിസ്‌ത്യൻ ചർച്ച്‌ ആറ് വീടുമാണ്‌ നിർമിക്കുന്നത്‌. ഭൂമിയും വീടും നഷ്ടമായ എല്ലാ കുടുംബങ്ങൾക്കുമായി 7.78 കോടി രൂപ അനുവദിക്കാൻ കഴിഞ്ഞമാസം 23ന്‌ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

67 പേർക്ക് ഭൂമി വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 4.02 കോടി രൂപ‌ അനുവദിച്ചു‌. ഒരു ഗുണഭോക്താവിന് ആറുലക്ഷം രൂപ. ആകെയുള്ള 94 ഗുണഭോക്താക്കൾക്കും വീട് നിർമാണത്തിന് 3.76 കോടി രൂപയും അനുവദിച്ചു. ഓരോരുത്തർക്കും നാലുലക്ഷം രൂപ. ഇവർക്ക്‌ ഇഷ്ടമുള്ള പ്രദേശത്ത് ഭൂമി വാങ്ങാം. വീടും നിർമിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News