പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ – തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ചാലക്കുടി പുഴയിൽ ജലനിരപ്പ് റെഡ്‌അലർട്ട് പരിധിയിലടുത്തു.
ആലുവ മണപ്പുറത്തും വെള്ളം കയറി. എറണാകുളം ജില്ലയിൽ ശക്‌തമായ കാറ്റും മഴയും തുടരുകയാണ്.കടുങ്ങല്ലൂർ വില്ലേജ് പരിധിയിൽ ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 55 കുടുംബങ്ങളെ വെള്ളം കയറിയതിനാൽ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടുകര സ്കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. 80 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
പാതാളം റഗുലേറ്റിന്റെ എല്ലാ ഷട്ടറുകളും പരമാവധി ഉയർത്തി. കണക്കക്കടവ് റെഗുലേറ്റിന്റെ 11 ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങളുള്ളവർ ജാഗ്രത പാലിക്കണം
ആറ് ക്യാമ്പുകൾ; 146 പേരെ മാറ്റത്താമസിപ്പിച്ചു
ജില്ലയിൽ ഇതുവരെ ആറ് ക്യാമ്പുകൾ തുറന്നു. കോതമംഗലം താലൂക്കിൽ അഞ്ചും കൊച്ചി താലൂക്കിൽ ഒന്നും ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിലെ ക്യാമ്പിൽ 32 കുടുംബങ്ങളാണുള്ളത്. ആകെ 54 ആളുകളുണ്ട്. 24 പുരുഷന്മാരും 27 സ്ത്രീകളും 3 കുട്ടികളും ക്യാമ്പിലുണ്ട്. കോതമംഗലം താലൂക്കിലെ ക്യാമ്പിൽ 40 കുടുംബളിൽ നിന്നും 92 പേരാണുള്ളത്.
38 പുരുഷന്മാരും 42 സ്ത്രീകളും 12 കുട്ടികളും 2 ഭിന്നശേഷിക്കാരും ക്യാമ്പിലുണ്ട്. 4 ജനറൽ ക്യാമ്പുകളും 60 വയസിനു മുകളിൽ ഉള്ളവർക്കായി രണ്ട് ക്യാമ്പുകളുമാണുള്ളത്.
Get real time update about this post categories directly on your device, subscribe now.