രാജമല ദുരന്തം; 14 മരണം, 16 പേരെ രക്ഷപ്പെടുത്തി; ലയങ്ങളിലുണ്ടായിരുന്നത് 78 പേര്‍; ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി

ഇടുക്കി: രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരണം 14 ആയി. അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാജലക്ഷ്മി (40), മുരുകന്‍ (46), മൈല് സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പളനിയമ്മ, ദീപന്‍, ചിന്താ ലക്ഷമി, സരസ്വതി തുടങ്ങിയവരാണ് ചികിത്സയില്‍ കഴിയുന്നത്.

20 ഓളം വീടുകള്‍ മണ്ണിനടിയിലായി. 78 പേര്‍ ലയങ്ങളിലുണ്ടായിരുന്നു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകട വിവരം പുറംലോകം അറിയുന്നത്.

അതേസമയം, മേഖലയില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി അറിയിച്ചു. ചെറിയ ഡാമുകള്‍ തുറന്നു വിടുന്നുണ്ട്. വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടി എടുത്തു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിടുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ, മൂന്നാര്‍ പെരിയവര താത്കാലിക പാലം തകര്‍ന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. മറയൂര്‍ അടക്കമുള്ള എസ്റ്റേറ്റ് മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് വൈദ്യുതിയും തടസ്സപ്പെട്ടിരിക്കയാണ്.

ശക്തമായ മഴയാണ് ഇടുക്കിയിലുള്ളത്. മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ മണ്ണിടിച്ചില്‍ വ്യാപകമായിരുന്നു. നിലവില്‍ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറില്‍ 130 അടിയിലേക്ക് ജലനിരപ്പ് എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News