കരിപ്പൂര്‍ വിമാനാപകടം; പൈലറ്റ് ഉള്‍പ്പെടെ 15 മരണം; 100ലധികം പേര്‍ക്ക് പരുക്ക്; വിമാനം 35 അടി താഴ്ചയിലേക്ക് വീണ് തകര്‍ന്നു

കോഴിക്കോട്: കരിപ്പൂരില്‍ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്നും തെന്നിമാറി വന്‍അപകടം. അപകടത്തില്‍ 15 പേര്‍ മരിച്ചു.

191 യാത്രക്കാരുമായി വന്ന 1344 ദുബായ് – കോഴിക്കോട് എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. യാത്രക്കാരില്‍ 175 മുതിര്‍ന്നവരും 10 പേര്‍ കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാലു ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പറന്നിറങ്ങുമ്പോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്.

കനത്തമഴയെ തുടര്‍ന്നാണ് അപകടമെന്നാണ് സൂചന. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. വിമാനത്തിന്റെ മുന്‍ഭാഗത്തുളളവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here