കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണം 16: മരിച്ചവരില്‍ പൈലറ്റും സഹപൈലറ്റും; 123 പേര്‍ക്ക് പരുക്ക്; 15 പേരുടെ നില ഗുരുതരം; മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കോഴിക്കോട്: കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. പൈലറ്റും സഹപൈലറ്റും അടക്കമുള്ളവരാണ് മരിച്ചത്.

പൈലറ്റ് ക്യാപ്റ്റന്‍ ഡിവി സാഥേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ്, സഹീര്‍ സയ്യിദ്, മുഹമ്മദ് റിയാസ്, ഷറഫുദ്ദീന്‍, രാജീവന്‍, ദീപക്, അഖിലേഷ്, ഐമ തുടങ്ങിയവരാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

അപകടത്തില്‍ പരുക്കേറ്റ് 123 പേര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍പെട്ടവര്‍ക്ക് മികച്ച ചികിത്സ

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തിലെ രക്ഷാപ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. അപകടത്തില്‍പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്താന്‍ മലപ്പുറം, കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ഭരണ പ്രതിനിധികള്‍ ആശുപത്രികളില്‍ എത്തി ഇക്കാര്യം ഉറപ്പു വരുത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാനും രണ്ടു കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് വിവരം ലഭ്യമാക്കാനുള്ള കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, ഫറൂഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

തെന്നിമാറി 35 അടി താഴേക്ക് പതിച്ചത്

വന്ദേഭാരത് മിഷന്‍ വഴി ദുബായില്‍ നിന്ന് പ്രവാസികളെ കൊണ്ടുവന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്റിംഗിനിടെ തെന്നിമാറി താഴ്ചയിലേക്ക് പതിച്ചത്.

35 അടി താഴേക്കാണ് വിമാനം പതിച്ചത്. വിമാനത്തില്‍ 191 പേരാണ് ഉണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. വിമാനത്തിന്റെ മുന്‍ഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നെങ്കിലും തീ പിടിക്കാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി.

സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഫയര്‍ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Helpline numbers

  • കൺട്രോൾ റൂം നമ്പർ (Control Room): 0483- 2719493
  • ഹെല്പ് ലൈൻ നമ്പർ (Helpline): 0495 – 2376901
  • Kozhikode Medical College: 8547616121
  • Baby Memorial Hospital: 9388955466, 8547754909
  • Mims Hospital: 9447636145, 9846338846
  • Maithra Hospital: 9446344326
  • Beach Hospital: 9846042881, 8547616019
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel