മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്; മുംബൈ വാസികൾക്ക് ആശ്വാസ വാർത്തയുമായി ബിഎംസി കമ്മീഷണർ

മഹാരാഷ്ട്രയിൽ ഇന്നും രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കേസുകൾ 10,483 രേഖപ്പെടുത്തുമ്പോൾ 10,906 പേർക്ക് അസുഖം ഭേദമായി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 4,90,262. 300 പേരുടെ മരണം റിപ്പോർട്ട് ചെയ്യുമ്പോൾ ഇത് വരെ മരണപ്പെട്ടവരുടെ സംഖ്യ 17092 ആയി ഉയർന്നു.

നിലവിൽ 1,45,582 പേർ ചികിത്സയിലാണ്. ഇത് വരെ 3,27,281 പേർ രോഗമുക്തി നേടി. കല്യാൺ ഡോംബിവ്‌ലി മേഖലയിൽ പുതിയ 239 കേസുകൾ റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ 7 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2600 ആയി ഉയർന്നു.

മുംബൈ വാസികൾക്ക് ആശ്വാസ വാർത്തയുമായി ബിഎംസി കമ്മീഷണർ

മഹാരാഷ്ട്രയിൽ രോഗവ്യാപനം രൂക്ഷമാകുമ്പോഴും മുംബൈ വാസികൾക്ക് ആശ്വാസം പകർന്ന് ബിഎംസി കമ്മീഷണർ.നഗരത്തിൽ ക്വാറന്റൈനിൽ പോകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്നും ധാരാവിയിൽ പരീക്ഷിച്ച പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ തന്ത്രങ്ങളും മുംബൈയുടെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ കഴിഞ്ഞത് ഫലം കാണുന്നുണ്ടെന്നും മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മരണ നിരക്കും ആശങ്ക ഉയർത്തുന്നതാണ്. എന്നാൽ മുംബൈ നഗരത്തിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് ബിഎംസി കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പറയുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഹോം ക്വാറന്റൈനിൽ പോകുന്നവരുടെ എണ്ണത്തിൽ 28 ശതമാനം കുറവുണ്ടെന്നും ഇക്ബാൽ സിംഗ് പറഞ്ഞു. ഇതേ കാലയളവിൽ നഗരത്തിലെ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനിൽ പോകുന്നവരുടെ എണ്ണം 62 ശതമാനം കുറഞ്ഞതായും കമ്മീഷണർ അറിയിച്ചു. ധാരാവിയില്‍ പരീക്ഷിച്ച പ്രതിരോധ, നിയന്ത്രണ തന്ത്രമാണ് വിജയം കണ്ടതെന്നും ഇക്ബാൽ സിംഗ് കൂട്ടിച്ചേർത്തു.

മുംബൈ നഗരത്തിൽ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് 68 ദിവസമാണെന്നും ബിഎംസി കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു.

മുംബൈയിൽ‌ വിപുലമായ പരിശോധനയും കർശനമായ പ്രതിരോധ പ്രവർത്തനങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ജൂലൈ 3 മുതൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ ഒഴിവാക്കിയിരുന്നു. സാധാരണ ജനങ്ങളിലേക്ക് പരിശോധനയുടെ വ്യാപ്തി വ്യാപിച്ചതും ഫലം കണ്ടുവെന്നാണ് വിദഗ്ധരും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here