കരിപ്പൂര്‍: കനത്ത മ‍ഴ അപകട കാരണം; വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയെന്ന് വ്യോമയാന മന്ത്രി

മഴ മൂലം വിമാനം റൺവേയിൽ നിന്ന് തെന്നി മാറുകയായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്പുരി പറഞ്ഞു. റൺവേയ്ക്കുള്ളിൽ വിമാനം നിർത്താൻ അവസാന ഘട്ടം വരെ ശ്രമിച്ചെന്നും മന്ത്രി പ്രതികരിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രാലയം ദില്ലിയിൽ ഉന്നതതല യോഗം ചേർന്ന് അപകടം വിലയിരുത്തി. അതേ സമയം കരിപ്പൂർ വിമാനത്താവള റൺവേ സുരക്ഷിതമല്ലെന്ന് 2011ൽ ഏവിയേഷൻ സുരക്ഷാ വിഭാഗം വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട്‌ നൽകിയിരുന്നു. 2019ലും എയർപോർട്ട് അതോറിറ്റിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

2010ലെ മംഗലാപുരം വിമാനപകടത്തെ തുടർന്ന് സിവിൽ ഏവിയേഷന്റെ സുരക്ഷ വിഭാഗം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തി.അവർ 2011ൽ വ്യോമയാന മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ അപകടാവസ്ഥ ചൂണ്ടികാട്ടിയിരുന്നതായി വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

ചട്ടമനുസരിച്ചു റൺവേ അവസാനിച്ചു കഴിഞ്ഞാൽ സുരക്ഷയ്ക്കായി 200 മീറ്റർ സ്ഥലമെങ്കിലും ഒഴിച്ച് ഇടണം. എന്നാൽ കരിപ്പൂരിൽ ഉള്ളത് 90 മീറ്റർ മാത്രം. റൺവേയുടെ ഇരു സൈഡിലും 150 മീറ്റർ വീതി വേണം. കരിപ്പൂരിൽ ഉള്ളത് 75 മീറ്റർ മാത്രം.

റൺവേയിലെ റമ്പറിന്റെ സാനിധ്യം വിമാനത്തിന്റെ ബ്രേക്കിങ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് 2019ലും എയർപോർട്ട് അതോറിറ്റിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ദില്ലിയിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നത തല യോഗം ചേർന്ന് കരിപ്പൂരിലെ വിമാനം അപകടം വിലയിരുത്തി.

പൈലറ്റിനും പിഴവ് പറ്റിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. മഴ മൂലം വിമാനം തെന്നി മാറുകയായിരുന്നുവെന്ന്, യോഗ ശേഷം മാധ്യമങ്ങളെ കണ്ട വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു.

വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നോ എന്നും വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതി പരിശോധിക്കും. ലാൻഡിംഗ് ഗിയറിലെ തകരാർ മൂലം ടയറുകൾ പ്രവർത്തന രഹിതമായി എന്ന് എയർ ഇന്ത്യയിലെ പൈലറ്റുമാരിൽ ചിലർ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News