ഇപ്പോ‍ഴില്ലാത്ത ഒരിടം; പുത്തുമല ദുരന്തത്തിന് ഒരുവർഷം; കണ്ണീരോർമ്മകളും, ദ്യശ്യങ്ങളും

വയനാട്‌ പുത്തുമല ഉരുൾപ്പൊട്ടൽ ദുരന്തം നടന്നിട്ട്‌ ഇന്ന് ഒരുവർഷം. പതിനേഴ്‌ പേരാണ്‌ ദുരന്തത്തിൽ മരിച്ചത്‌. അഞ്ചുപേരുടെ മൃതശരീരം കണ്ടെത്താനായില്ല. ഈ വർഷവും അതേ പെരുമഴയാണ്‌ ഇവിടെ.പുത്തുമലയിലെ കാഴ്ചകൾക്ക്‌ കണ്ണീരിന്റെ നനവുണ്ട്‌.

അതേ മഴയാണ്‌ ഇന്നും പുത്തുമലയിൽ. മണ്ണിന്റെ നിറം മാറി പച്ചപ്പ്‌ പടർന്നുതുടങ്ങി. ഓർമ്മകളിലൊതുങ്ങില്ല ആ ദിവസത്തെ സംഭവങ്ങൾ. എത്രപേരെന്നോ എത്രയിടങ്ങളെന്നോ അറിയാതെ പെരുമഴയിൽ ഭയപ്പെട്ട്‌ നടന്ന മനുഷ്യർ. അപ്രതീക്ഷിത ദുരന്തത്തിന്റെ മുന്നിൽ ധീരരായ്‌ രക്ഷാപ്രവർത്തനം നടത്തിയവർ. കൈക്കുഞ്ഞുമായി മലവെള്ളപ്പാച്ചിൽ നിന്ന് കുതറിയോടിയവർ. ഒരു നിമിഷം കൊണ്ട്‌ കുത്തൊഴുക്കിൽപ്പെട്ടവർ. വിരൽതുമ്പിൽ നിന്ന് ഊർന്നുപോയവർ. പിന്നീട്‌ നന്മയുടെ കൈകൾ പുത്തുമലക്കായ്‌ നീട്ടിയവർ. എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതാണ്‌ കണ്ണീരിന്‍റെ നനവുപറ്റിയ ഈ മൺതടം.

പച്ചപിടിച്ച്‌ വരുന്നതേയുണ്ടായിരുന്നുള്ളൂ കുറേ മനുഷ്യരിവിടെ. ചെറിയ സ്വപ്നങ്ങളേയുണ്ടായിരുന്നുള്ളൂ അവർക്ക്‌. ചിതറിവിതച്ചാൽ മുളക്കാത്ത വിത്തുകളെപ്പോലെ എല്ലായ്പ്പോഴും ഒരുമിച്ചായിരുന്നു പുത്തുമലക്കാർ.
അതേ വേർതിരിവില്ലാതെ മലവെള്ളപ്പാച്ചിൽ എല്ലാം എടുത്തുകൊണ്ടുപോയി.ഒരു കൊച്ചുജനതയിൽ
അത് സൃഷ്ടിച്ച ആഘാതം ചെറുതല്ല.

അവർക്ക്‌ ഒരുമിക്കാൻ ഒരു ഗ്രാമമൊരുക്കുന്നുണ്ട്‌ അൽപമകലെ. സർക്കാരിന്‍റേയും കുറേയേറെപ്പേരുടെയും ശ്രമഫലമായി. ഒന്നും പഴയത്‌ പോലെയാവില്ലെങ്കിലും ചെറിയ പ്രതീക്ഷകളുമായ്‌ അവർ ഇപ്പോൾ പലയിടങ്ങളിലായി ജീവിക്കുന്നു.

അഞ്ചുപേരെ തിരികെ കിട്ടിയിട്ടില്ല ഇതുവരെ.അവരുടെ കുടുംബങ്ങൾ ഇപ്പോഴും നീറുന്നുണ്ട്‌.
ഉമ്മറത്ത്‌ ഒരു വിളിയൊച്ചയിൽ പ്രതീക്ഷിക്കുന്നുണ്ട്‌ കണ്ണീരിനാൽ അവരെ.

ഇപ്പോഴും മഴപെയ്തുകൊണ്ടിരിക്കുന്നു ഇവിടെ. പുത്തുമലയുൾപ്പെടുന്ന ചൂരൽമല മേഖലയിൽ ക‍ഴിഞ്ഞ ദിവസവും ഉരുൾപ്പൊട്ടി. എല്ലാവരേയും മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒ‍ഴിവായി. പുത്തുമല ഒരു പാഠമായിരുന്നുവെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് സഹദ് പറയുന്നു.

മ‍ഴയിൽ കുതിർന്ന് ഇപ്പോ‍ഴില്ലാത്ത ഒരുപാടിടങ്ങളിലേക്ക് ചൂണ്ടി നിൽക്കുന്നുണ്ട് ഇവിടെയിപ്പോ‍ഴും ഒരു ബോർഡ്. ഒ‍ഴിഞ്ഞുപോയവരുടെ ഭൂമിയിൽ തനിയെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News