ടവറുകള്‍ക്ക് കേടുപാട് സംഭവിച്ചു; കാനനപാതയിലൂടെ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയ സംവിധാനമൊരുക്കി നല്‍കി ബിഎസ്എന്‍എല്‍ ജീവനക്കാര്‍

കൊച്ചി: മണ്ണിടിച്ചില്‍ ഉണ്ടായി ദുരന്തഭൂമിയായി മാറിയ രാജമല പെട്ടിമുടി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും തദ്ദേശീയര്‍ക്കും ആശയവിനിമയ സംവിധാനമൊരുക്കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മൂന്നാര്‍, രാജമല ഫാക്ടറി, പെട്ടിമുടി എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്‍ ടവറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആശയവിനിമയ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്നതിനാല്‍ ബിഎസ്എന്‍എല്‍ സാറ്റ്ലൈറ്റ് കണക്ടിവിറ്റി ഉടന്‍ പ്രദേശത്ത് പുനഃസ്ഥാപിച്ചു നല്‍കാന്‍ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടല്‍ കൊണ്ട് സാധിച്ചു.

പാലം തകര്‍ന്നതിനാല്‍ മൂന്നാറില്‍ നിന്ന് പെട്ടിമുടിയിലേയ്ക്ക് റോഡു മാര്‍ഗ്ഗം എത്തിച്ചേരാന്‍ സാധിയ്ക്കാത്തതിനാല്‍ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് ഇവര്‍ സംഭവസ്ഥലത്തെത്തിയത്. കനത്ത മഴയിലും കാറ്റിലും വൈദ്യുതി നിലച്ചതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചുകൊണ്ടാണ് സേവനം ലഭ്യമാക്കിയത്.

സ്വകാര്യ ടെലികോം കമ്പനികള്‍ സര്‍വ്വീസ് നടത്താത്ത ഈ മേഖലയില്‍ ബിഎസ്എന്‍എലിന്റെ സേവനം മാത്രമാണുള്ളത്. മണിക്കൂറില്‍ രണ്ടായിരത്തിലധികം കോളുകളാണ്‍ ഈ ടവറുകളില്‍ നിന്ന് ഉപയോഗിച്ചു കൊണ്ടിരിയ്ക്കുന്നതെന്ന് ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തോടനുബന്ധിച്ച് ഉപോയോഗം കൂടുമെന്നതിനാല്‍ സാറ്റ്ലൈറ്റ് ബാന്‍ഡ്വിഡ്ത്ത് നാലിരിട്ടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ബിഎസ്എന്‍എല്‍ സേവനം നല്‍കിയതെന്നും ഫ്രാന്‍സിസ് ജേക്കബ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News