അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടര്‍ തുറന്നു; മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ക്യാമ്പുകളില്‍ 3,530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഏറ്റവും കൂടുതല്‍ ക്യാമ്പ് വയനാട്ടിലാണ്. 69 ക്യാംപില്‍ 3795 പേരാണ് അവിടെയുള്ളത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 43 ക്യാംപുകളിലായി പത്തനംതിട്ടയില്‍ 1015, കോട്ടയത്ത് 38 ക്യാംപില്‍ 801, എറണാകുളത്ത് 30 ക്യാംപില്‍ 852 പേരുമുണ്ട്. മലപ്പുറത്ത് 18 ല്‍ 890 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

സംസ്ഥാനത്ത് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വേഗത്തില്‍ ഉയരുന്നു. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ പെയ്തു. ഏഴടി ജലനിരപ്പ് ഉയര്‍ന്നു. അതിനിയും ഉയരും. 136 അടി എത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈകേയി ഡാമിലെത്തിക്കും. പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണം.

തമിഴ്‌നാട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അളവ് പാലക്കാട് ബേസിനില്‍ കൂടി. പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നു. പറമ്പിക്കുളം, ആലിയാര്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് കേരളത്തെ ബന്ധപ്പെടണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ നാല് ഷട്ടര്‍ തുറന്നു. പേപ്പാറ അണക്കെട്ടും തുറന്നു. തിരുവനന്തപുരത്ത് 37 വീട് പൂര്‍ണ്ണമായി തകര്‍ന്നു. 5348 ഹെക്ടര്‍ കൃഷി നശിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. പത്ത് വള്ളം, 20 തൊഴിലാളികളുമാണ് യാത്ര തിരിച്ചത്. പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്.

പത്തനംതിട്ടയില്‍ 51 ക്യാംപുകള്‍ തുറന്നു. മൂഴിയാറിന്റെയും മണിയാറിന്റെയും സ്പില്‍വേ തുറന്നു. കക്കി ഡാമില്‍ മണ്ണിടിഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുള്ള സിഎഫ്എല്‍ടിസികളില്‍ നിന്ന് രോഗികളെ മറ്റ് സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. പമ്പയുടെ കൈവഴിയുടെ തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കും. ചാലക്കുടിയില്‍ ആറ് ക്യാംപ് തുറന്നു. 139 പേര്‍ നിലവില്‍ അവിടെയുണ്ട്. വാളയാര്‍ ഡാം തുറക്കുമെന്ന മുന്നറിയിപ്പ് നല്‍കി.

ഈ മേഖലയിലെ മണ്ണിടിച്ചില്‍ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണം. നിലമ്പൂര്‍-നാടുകാണി രാത്രി ഗതാഗതം നിരോധിച്ചു. പ്രളയ സാധ്യത പ്രദേശങ്ങളില്‍ 250 ബോട്ട് എത്തിച്ചു. ഒന്‍പതിടത്ത് രക്ഷാ പ്രവര്‍ത്തകരെ വിന്യസിച്ചു. വയനാട്ടില്‍ 77 ക്യാംപ് തുറന്നു. 1184 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.

മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരും. അതിശക്തമായ മഴയുണ്ടായാല്‍ പനമരം പുഴയിലെ പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴിവാക്കണം. കാസര്‍കോട് കൊന്നക്കാട് വനത്തില്‍ മണ്ണിടിഞ്ഞു. ചൈത്രവാഹിനി പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയര്‍ന്നേക്കും.

മഴയുടെ കാര്യത്തില്‍ അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കും. കേന്ദ്ര മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇന്ന് കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 24 മണിക്കൂറില്‍ 204.5 മിമീ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ ഓറഞ്ച് അലര്‍ട്ട് കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ മലപ്പുറത്തും കണ്ണൂരും കൂടി ഓറഞ്ച് അലര്‍ട്ടിലാണ്. കേരളത്തിന്റെ തീരമേഖലയില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News