ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തുപിടിക്കും; സര്‍ക്കാരിന് മുന്നിലുള്ള ഉത്തരവാദിത്തം അതാണ്; രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജമലയിലെയും കരിപ്പൂരിലെയും ധനസഹായത്തില്‍ തെറ്റായ ധാരണയും ബോധപൂര്‍വവും വിമര്‍ശനം ഉണ്ടാവാം. എന്നാല്‍ ഇത് രണ്ടും രണ്ട് രീതിയിലുള്ള ദുരന്തമാണ്. അതിന് ശേഷമുള്ള പ്രവര്‍ത്തനവും രണ്ട് രീതിയിലാണ്.

രാജമലയില്‍ പ്രഖ്യാപിച്ചത് ആദ്യ ഘട്ട ധനസഹായമാണ്. അതോടെ എല്ലാം തീരില്ല. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി പിന്നീടേ വിലയിരുത്താനാവൂ. നഷ്ടം പിന്നീടേ മനസിലാക്കാനാവൂ.

എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തുപിടിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിന് മുന്നിലുള്ള ഉത്തരവാദിത്തം അതാണ്. ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടു. എല്ലാം ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ട് സര്‍ക്കാരിന്. ഇത് രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മാത്രമേ അത്തരം പ്രശ്‌നം എന്തെന്ന് മനസിലാക്കാനാവൂ. അവരെ സംരക്ഷിക്കും. അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും. പല കാര്യങ്ങളും ഇതിന്റെ ഭാഗമായി വരും.

രാജമലയില്‍ പോയില്ല, കരിപ്പൂരില്‍ പോയി എന്ന ആരോപണമുണ്ടായി. അതില്‍ രണ്ട് കാര്യം നോക്കണം. രക്ഷാപ്രവര്‍ത്തനമാണ് ഗൗരവമായി നടക്കേണ്ടത്. അതിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. വിവിധ ഏജന്‍സികളെയും വിവിധ വിഭാഗങ്ങളെയും ഏകോപിപ്പിക്കണം.

രാജമലയില്‍ അത് നടക്കുന്നു. അവിടെ എത്തിച്ചേരാനാവാത്ത സാഹചര്യം ഉണ്ടായിരുന്നു. രണ്ട് മന്ത്രിമാര്‍ അവിടെ ക്യാംപ് ചെയ്യുന്നുണ്ട്. അപകടം നടന്ന ഉടന്‍ മൂന്നാറിലേക്ക് എങ്കിലും പോകാനാവുമോ എന്ന് നോക്കിയിരുന്നു. ഇന്നലെയത് പറഞ്ഞില്ലെന്നേയുള്ളൂ. കാലാവസ്ഥ മോശമായതിനാല്‍ പോകാനാവില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് മന്ത്രിമാര്‍ കാര്‍ മാര്‍ഗം പോയത്. ഓരോ സ്ഥലത്തിന്റെയും ആവശ്യം അനുസരിച്ച് നടപടി സ്വീകരിക്കുന്നുണ്ട്.

കരിപ്പൂരില്‍ രക്ഷാ പ്രവര്‍ത്തനം അവസാനിച്ചു. അത് അതിവിദഗ്ദ്ധമായാണ് നടന്നത്. എല്ലാവരും ആ രക്ഷാപ്രവര്‍ത്തന വേഗതയെ പ്രശംസിക്കുന്നു. നാടിന്റെ മികവാണ് അവിടെ കാണാനായത്. അവിടെ കഴിയുന്നവര്‍ക്ക് എന്ത് ചെയ്യാനാവും, അപകടത്തിന്റെ ഭീകരത അവിടെ കാണുമ്പോഴാണ് മനസിലാവുക. എയര്‍ക്രാഫ്റ്റ് താഴെ വന്ന് മുറിഞ്ഞ് ഒരു ഭാഗം മുന്നോട്ട് പോയി. മുന്നിലെ മതിലില്‍ ഈ ഭാഗം ഇടിച്ചു. അത് പിന്നെയാണ് ഞങ്ങള്‍ കണ്ടത്.

കോഴിക്കോട് പോയി തിരിച്ച് വന്ന ശേഷം. അവിടെയാണ് പൈലറ്റുമാര്‍ മരിച്ചത്. വല്ലാത്തൊരു ദുരന്തമാണ്. അത്തരമൊരു ദുരന്തം സംഭവിച്ചാല്‍ ചിലപ്പോള്‍ ആരും രക്ഷപ്പെടില്ല. 18 പേരെ മരിച്ചൂ എന്നതില്‍ ആശ്വസിക്കാം. നല്ലൊരു ഭാഗം രക്ഷപ്പെടാം. കത്താനും സ്‌ഫോടനം നടക്കാനും സാധ്യതയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം എന്താണ് വേണ്ടതെന്ന് നോക്കാനാണ് പോയത്. വേര്‍തിരിവില്ല. അങ്ങനെ കാണേണ്ടതില്ല.”

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here