കരിപ്പൂര്‍ വിമാനാപകടം; മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 18 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിക്കേറ്റ 149 പേര്‍ ചികിത്സയിലാണ്. 23 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ 9 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. സ്വകാര്യ ആശുപത്രിയില്‍ മരിച്ചവരുടേതടക്കം 18 മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോസ്റ്റ്‌മോര്‍ട്ടവും നടന്നു. മന്ത്രി കെ ടി ജലീല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വൈകീട്ട് വരെ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നു.

അപകടത്തില്‍ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശി സുധീര്‍ വാരരിയത്തിന് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ഇവരുടെ കുടുംബാംഗങ്ങള്‍ മോര്‍ച്ചറിയില്‍ എത്തി മൃതദേഹം കണ്ടു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോഴിക്കോട് വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തി.

പൈലറ്റ് ദീപക് വസന്ത് സാഠേയുടെ മൃതദേഹം ഞായറാഴ്ച മുബൈയിലേക്ക് കൊണ്ടുപോകും. സഹപൈലറ്റിന്റെ മൃതദേഹം ഡല്‍ഹിക്ക് കൊണ്ടുപോയി. ഇരുവരുടേയും ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങനെത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മോര്‍ച്ചറിക്ക് മുന്നില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. ബന്ധുക്കളെ മാത്രം പോലീസ് അനൗന്‍സ് ചെയ്യുന്ന മുറയ്ക്ക് മോര്‍ച്ചറിക്ക് മുന്നിലേക്ക് കടത്തിവിടു.

പരിക്കേറ്റ 149 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ദിശ ഹെല്‍പ്പ് ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, സ്വയം ക്വാറന്റൈനില്‍ പോകണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News