സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും കോണ്‍ഗ്രസ്സ് നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുത്തു

വനിതയായ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോലീസ് കേസെടുത്തു.പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ എം സലീമിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും കുറുപ്പംപടി പോലീസ് കേസെടുത്തത്. സലീമിനെ പോലീസ് ഉടന്‍ചോദ്യം ചെയ്യും.

തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതടക്കം ഗുരുതര ആരോപണങ്ങളാണ് പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയായ യുവതി പോലീസിന് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.കാക്കനാടുള്ള ഫ്ലാറ്റില്‍ പകല്‍ സമയത്ത് പോയി താമസിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇത് നിരസിച്ചതിനെത്തുടര്‍ന്ന് പ്രസിഡന്‍റ് സലീം നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് കട്ടില്‍ കൊടുക്കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളില്‍ നിന്ന് ഓട്ടോകൂലിയിനത്തില്‍ 500 രൂപമുതല്‍ 750 രൂപവരെ ഈടാക്കിയതിന് കൂട്ടുനില്‍ക്കാത്തതിന്‍റെ പേരില്‍ തന്നെ പരസ്യമായി അസഭ്യം പറഞ്ഞെന്നും ചവിട്ടാന്‍ വന്നുവെന്നും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ്സ് നേതാവുമായ എന്‍ എം സലീമിനെതിരെ കെസെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് സലീമിനെതിരെ കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തിന്‍റെ ഭാഗമായി സലീമിനെ ഉടന്‍ ചോദ്യം ചെയ്യും.കൂടാതെ പഞ്ചായത്തിലെ മറ്റ് അംഗങ്ങളുടെയും ജീവനക്കാരുടെയും മൊ‍ഴിയെടുക്കും.അതേ സമയം സലീമിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയുടെ അ‍ഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. സലീമിന്‍റെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പഞ്ചായത്തോഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.ക‍ഴിഞ്ഞ 5 വര്‍ഷത്തിനിടെ പഞ്ചായത്തില്‍ നടത്തിയ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് വലിയ അ‍ഴിമതിയാണ് നടന്നതെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News