കണ്‍സള്‍ട്ടന്‍സി വിവാദങ്ങള്‍: മനോരഥം കിനാവിലേ ഓടു: ഡോ. ടി എം തോമസ് ഐസക്

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ എന്തിനാണ് കണ്‍സള്‍ട്ടന്‍സികളുടെ പുറകേ പോകുന്നത് എഞ്ചിനീയര്‍മാരും വിദഗ്ദരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലേ? അവരായിരുന്നില്ലേ റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം പണിതുകൊണ്ടിരുന്നതത് പിന്നെ ഇപ്പോള്‍ എന്തിനു കണ്‍സള്‍ട്ടന്‍സി? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ഒട്ടേറെ ശുദ്ധാത്മാക്കളുണ്ട്.

കേരളത്തിലെ ഇടതുപക്ഷ മനസ്സുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രചാരണവിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ലോകബാങ്കിന്‍റെയും ഐഎംഎഫിന്‍റെയുമെല്ലാം ചൊല്‍പ്പടിക്ക് വഴങ്ങി നയങ്ങള്‍ ആവിഷ്കരിച്ചവരാണ് ഇന്ന് ഇപ്പോള്‍ ഇടതുപക്ഷത്തെ പഠിപ്പിക്കാന്‍ വരുന്നത്.

ചില പ്രോജക്ടുകള്‍ നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സികള്‍ പലകാരണങ്ങള്‍കൊണ്ട് അനിവാര്യമായിത്തീരുന്ന ഒരു സാഹചര്യം ഇന്നുണ്ട്. ഒന്ന്, കിഫ്ബിയില്‍ നിന്നുമാത്രം ഇന്ന് ഏതാണ്ട് 50000 കോടി രൂപയുടെ പ്രോജക്ടുകളാണ് നടപ്പിലാവുന്നത്. ഇതിനു പുറമേയാണ് സില്‍വര്‍ ലൈനും റീബില്‍ഡ് കേരളയും മറ്റും വഴിയുള്ള പ്രോജക്ടുകള്‍. ഒരു കാലത്തും ഇതുപോലെ നമ്മുടെ നാട്ടില്‍ മുതല്‍മുടക്ക് ഉണ്ടായിട്ടില്ല.

ഇത്രയും പ്രോജക്ടുകളുടെ വിശദമായ രൂപരേഖ തയ്യാറാക്കാനും എസ്റ്റിമേറ്റ് തയ്യാറാക്കാനുമെല്ലാം ഇന്നുള്ള ഉദ്യോഗസ്ഥ സംവിധാനം പോരാ. കൂടുതല്‍ ആളുകളെ സര്‍ക്കാരിലെടുത്ത് അവരെയൊക്കെ പരിശീലിപ്പിച്ച് ഈ പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചാല്‍ അവയൊന്നും അടുത്തകാലത്തൊന്നും നടപ്പാക്കാന്‍ കഴിയില്ല. കിഫ്ബിയില്‍ ഒരു 20000 കോടി രൂപയുടെയെങ്കിലും ചെറിയ പ്രോജക്ടുകളാണ്.

പക്ഷേ, അവയുടെ നല്ലപങ്കിന്‍റെയും ഇന്‍വെസ്റ്റിഗേഷനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കാലതാമസംമൂലം ആരംഭിക്കുന്നതിനു നാലാംവര്‍ഷത്തിലേ കഴിഞ്ഞിട്ടുളളൂ. അപ്പോള്‍ വന്‍കിട പ്രോജക്ടുകളുടെ കാര്യം പറയേണ്ടതുണ്ടോ? സാധാരണഗതിയില്‍ ബജറ്റില്‍ നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്കു പുറമേയാണ് ഈ പദ്ധതികളെന്ന് ഓര്‍ക്കണം.

രണ്ട്, വന്‍കിട പദ്ധതികള്‍ക്കു വേണ്ടിവരുന്ന പണം പ്രത്യേകമായി വായ്പയെടുക്കേണ്ടിവരും. ഇതിനായി ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടുന്ന വിശദാംശങ്ങളോടെ പദ്ധതികളുടെ വിശദമായ രേഖ തയ്യാറാക്കാനുള്ള പ്രാവീണ്യം ഇത്തരം കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്കുണ്ട്. കെഫോണിന്‍റെ പ്രോജക്ടിന് നബാര്‍ഡില്‍ നിന്നും ആയിരത്തില്‍പ്പരം കോടി രൂപ വായ്പയായി കിഫ്ബിക്ക് ലഭിച്ചത് പ്രോജക്ട് രേഖയുടെ മികവിന്‍റെകൂടി അടിസ്ഥാനത്തിലാണ്.

മൂന്ന്, കേന്ദ്രസര്‍ക്കാര്‍പോലും അവരുടെ വന്‍കിട പദ്ധതികള്‍ക്കെല്ലാം പ്രത്യേക കണ്‍സള്‍ട്ടന്‍സി പ്രകാരം പ്രോജക്ട് രേഖ തയ്യാറാക്കുന്നത് നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. സമീപകാലത്ത് നമ്മളെല്ലാം പല തവണ കേട്ടിട്ടുളള കാര്യമാണ്. അമൃതം പദ്ധതിയുടെ പ്രോജക്ട് ഡെവലപ്പ്മെന്‍റ് മാനേജ്മെന്‍റ് യൂണിറ്റ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അമൃത് പദ്ധതിയുടെ രേഖ തയ്യാറാക്കിയിട്ടുള്ളത് ടെണ്ടര്‍ വിളിച്ച് കണ്‍സള്‍ട്ടന്‍സി ഏജന്‍സികളെ നിയോഗിച്ചുകൊണ്ടാണ്.

നാല്, ലോകബാങ്കിന്‍റെയുമെല്ലാം എല്ലാ പദ്ധതികളുടെയും രേഖ തയ്യാറാക്കുന്നത് അവര്‍ നിയോഗിക്കുന്ന കണ്‍സള്‍ട്ടന്‍റിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.

അഞ്ച്, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തും മേല്‍പ്പറഞ്ഞ പ്രകാരമാണ് പ്രോജക്ടുകള്‍ തയ്യാറാക്കിയിരുന്നത്. പക്ഷെ, അന്ന് ഇന്നത്തെ അപേക്ഷിച്ച് വളരെ ചുരുക്കമായിരുന്നു വന്‍കിട പ്രോജക്ടുകള്‍ എന്നതുകൊണ്ട് അവ വലിയ ചര്‍ച്ചാ വിഷയമായിരുന്നില്ല. ഇതിനു നല്ല ഉദാഹരണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന കെഫോണിന്‍റെ കണ്‍സള്‍ട്ടന്‍സിയും ടെണ്ടര്‍ നടപടികളും.

കെഫോണിനെതിരെ ആദ്യഘട്ടത്തില്‍ ഒളിഞ്ഞും ഇപ്പോള്‍ തെളിഞ്ഞും രംഗത്തിറങ്ങുന്നതിന്‍റെ കാരണം മറ്റൊന്നല്ല. 20 ലക്ഷം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭിക്കുന്നതടക്കം കേരളത്തിന്‍റെ ഭാവിയെ സമൂലം മാറ്റിയെഴുതുന്ന അടിസ്ഥാനസൗകര്യവികസനത്തിനു കാരണമാകുന്ന കെഫോണ്‍ ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍. ഇന്‍റര്‍നെറ്റ് കുത്തകകള്‍ക്കുനേരെ കേരളം ഉയര്‍ത്തുന്ന വെല്ലുവിളിയാണ് കെഫോണ്‍.

വമ്പന്‍ നുണകള്‍ കെഫോണിനെതിരെ ഉയര്‍ത്തിവിടുന്ന യുഡിഎഫുകാരോട് സഹതപിക്കുകയേ വഴിയുള്ളൂ. കാരണം ഈ പദ്ധതിയുടെ തുടക്കം2012ല്‍ യുപിഎ സര്‍ക്കാരാണ്. ഇന്ത്യ മുഴുവന്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് വ്യാപിപ്പിക്കുക എന്നൊരു പദ്ധതി അവരാണ് കൊണ്ടുവന്നത്. നാഷണല്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് (എന്‍.ഒ.എഫ്.എന്‍) എന്നായിരുന്നു പദ്ധതിയുടെ പേര്. പിന്നീടത് ഭാരത് നെറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുതുക്കി. കേന്ദ്രസഹായത്തോടെ സംസ്ഥാനങ്ങള്‍വേണം പദ്ധതി നടപ്പാക്കാന്‍. സംസ്ഥാനങ്ങള്‍ക്കു നേരിട്ട് നടപ്പാക്കാം. അതല്ലെങ്കില്‍ സ്വകാര്യ കമ്പനികള്‍ വഴി നടപ്പാക്കാം. പക്ഷെ ഭാരത് നെറ്റ് അധികമൊന്നും പിന്നെ നീങ്ങിയില്ല.

പദ്ധതി കേരളത്തില്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍തീരുമാനിച്ചു. കേരളത്തിനു പ്രത്യേക ധനസഹായം നല്‍കാമെന്ന് അന്നത്തെ ഐറ്റി സെക്രട്ടറി അരുണ സുന്ദരരാജ് വാഗ്ദാനവും ചെയ്തു. 2015 ജൂലൈ 16ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം നിര്‍വഹണ രീതിയും തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു എസ്പിവി രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തോട് സുതാര്യമായ പ്രക്രിയയില്‍ ഒരു കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചതും ഈ കമ്മിറ്റി തന്നെ. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സിക്കുവേണ്ടി 2016 ജനുവരിയില്‍ ടെണ്ടറും ക്ഷണിച്ചു.

ഈ ഘട്ടം വരെയുള്ളത് ചുരുക്കിപ്പറഞ്ഞാല്‍ പദ്ധതി യുപിഎ സര്‍ക്കാരിന്‍റേത്.എങ്ങനെ നടപ്പാക്കണമെന്ന രീതി നിര്‍ദ്ദേശിച്ചത് യുപിഎ സര്‍ക്കാര്‍. അതനുസരിച്ച് പദ്ധതി ഏറ്റെടുത്തത് യുഡിഎഫ് സര്‍ക്കാര്‍, കണ്‍സള്‍ട്ടന്‍റിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍.

അനാലിസിസ് മാസണ്‍, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ് എന്നീ നാലു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. ഓരോ കമ്പനിയും വ്യത്യസ്തമായി സമര്‍പ്പിച്ച സാങ്കേതിക ടെണ്ടറും സാമ്പത്തിക ടെണ്ടറും സാങ്കേതിക സമിതി വിശദമായി പരിശോധിച്ചു. സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത പി.ഡബ്യു.സിയെ കമ്മിറ്റി തെരഞ്ഞെടുക്കുകയും 2016 ജൂണ്‍ മാസം ഇവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത് 2016 മെയ് അവസാനമാണെന്ന് ഓര്‍ക്കുക. കണ്‍സള്‍ട്ടന്‍റിന്‍റെ പരിഗണനാ വിഷയങ്ങളും ടെണ്ടറും വിളിച്ചത് യുഡിഎഫായിരുന്നു. എല്‍ഡിഎഫ് ടെണ്ടറിന്‍റെ ഫലം അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

2017 ലെ ബജറ്റില്‍ കെഫോണ്‍ നടപ്പിലാക്കുമെന്നും ഇതിനായി 1000 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രഖ്യാപിക്കുകയും ചെയ്തു. ചില പുതിയ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഒന്ന്, എസ്പിവിയുടെ ഘടന തീരുമാനിച്ചു. കെ.എസ്.ഇ.ബിക്ക് 49 ശതമാനവും,കെ.എസ്.ഐ.ടി.ഐ.എല്ലിന് 49 ശതമാനവും സര്‍ക്കാരിന് 2 ശതമാനവും ഷെയര്‍ ഉള്ള കമ്പനിയായിരിക്കും എസ്പിവി. രണ്ട്, അതിനുള്ള പണം കിഫ്ബി വഴി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ ധനസഹായം കിട്ടില്ലെന്ന് അതിനകം വ്യക്തമായിക്കഴിഞ്ഞിരുന്നു. മൂന്ന്, ഫൈബര്‍ ഓപ്റ്റിക്കല്‍ കണക്ഷന്‍ എല്ലാ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എത്തിക്കും. നാല്, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. അങ്ങനെ കെഫോണ്‍ പദ്ധതി രൂപംകൊണ്ടു.

കണ്‍സള്‍ട്ടന്‍റ് തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം 907.4 കോടി രൂപ മൂലധന ചെലവും ഒരു വര്‍ഷത്തേക്കുള്ള ഓപ്പറേറ്റിംഗ് ചെലവ് 104.4 കോടി രൂപയും ഭരണ ചെലവ് 16.4 കോടി രൂപയും ഉള്‍പ്പെടെ 1028 കോടി രൂപയാണ് പ്രോജക്ടിന്‍റെ അടങ്കല്‍. 2017 മെയ് മാസം ഭരണാനുമതി നല്‍കി. എന്നാല്‍ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ഏഴുവര്‍ഷത്തേയ്ക്കുള്ള നടത്തിപ്പു ചെലവും പരിപാലനച്ചെലവും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അങ്ങനെയാണ് പ്രോജക്ടിന്‍റെ എസ്റ്റിമേറ്റ് ചെലവ് 1638 കോടിയായി വര്‍ദ്ധിച്ചത്.

ടെന്‍ഡറില്‍ മൂന്നു കമ്പനികള്‍ പങ്കെടുത്തു. ഏറ്റവും കുറച്ചു തുക ക്വാട്ടു ചെയ്തത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (1538 കോടി), രണ്ടാമത് ടിസിഐഎല്‍ (1729 കോടി), മൂന്നാമത് എ ടു ഇസെഡ് (2853 കോടി). സ്വാഭാവികമായും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡി (ബി.ഇ.എല്‍)ന് പദ്ധതി ലഭിച്ചു. ഇതിലെവിടെയാണ് അഴിമതി? ഏഴു വര്‍ഷത്തെ മൂലധന ചെലവും ഓപ്പറേറ്റിംഗ് ചെലവും പരിപാലന ചെലവും ഉള്‍പ്പെടെയാണ് 1532 കോടി രൂപ.

ഇതൊക്കെ ഏകപക്ഷീയമായിട്ടാണോ തീരുമാനിക്കപ്പെട്ടത്? അല്ലേയല്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതിന് ڊ അതായത്, ടെണ്ടര്‍ നടപടികള്‍ കൈകാര്യം ചെയ്യുക, കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുക, ടെക്നിക്കല്‍ ബിഡും ഫിനാന്‍ഷ്യല്‍ ബിഡും വിലയിരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് 2017 സെപ്തംബര്‍ 8ന് കേരള സര്‍ക്കാര്‍ ഒരു വിദഗ്ധ സാങ്കേതിക സമിതിയെ നിയമിച്ചു.

ആ സമിതിയില്‍ കോഴിക്കോട്ടെ ഐ.ഐ.എമ്മിലെയും എന്‍.ഐ.ടിയിലെയും വിദഗ്ധര്‍, കേന്ദ്രസര്‍ക്കാരിന്‍റ ടെലികോം വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍.ഐ.സി. കേന്ദ്രത്തിന്‍റെ സ്ഥാപനമായ സിഡാക്, കെ.എസ്.ഐ.ടി.ഐ.എല്‍,കെ.എസ്.ഇ.ബി എന്നിവയുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നു. അവരുടെ മേല്‍നോട്ടത്തില്‍ നടന്ന നിശിതപരിശോധനയ്ക്കു ശേഷമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതിലെവിടെയാണ് അഴിമതിയ്ക്ക് പഴുത്?

2019 ജൂണ്‍ ഏഴിനു ചേര്‍ന്ന ഡിപ്പാര്‍ട്ട്മെന്‍റല്‍ പര്‍ച്ചേസ് കമ്മിറ്റിയുടെ യോഗം അംഗീകരിച്ച ശേഷമാണ് ബി.ഇ.എല്ലിന് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണിത്. ക്വോട്ടു ചെയ്തതിനെക്കാള്‍ 17 കോടി രൂപ കൂടി ബിഇഎല്‍ ഇളവു ചെയ്തിരുന്നു എന്ന് പര്‍ച്ചേസ് കമ്മിറ്റിയുടെ മിനിട്സ് പരിശോധിച്ചാല്‍ വ്യക്തമാകും.

ഇനിയൊരു കാര്യംകൂടിയുണ്ട്. ടെണ്ടര്‍ എക്സസിന് കാബിനറ്റ് അംഗീകാരമുണ്ടോ? ഉവ്വ്. സംസ്ഥാന മന്ത്രിസഭ ഭരണാനുമതി 1548 കോടി രൂപയായി പുതുക്കി. കിഫ്ബി ലഭ്യമാക്കുന്ന 1061 കോടി രൂപ കഴിഞ്ഞ് ബാക്കിയുള്ള ചെലവിലേയ്ക്ക് 336 കോടി രൂപ മൂന്നു വര്‍ഷംകൊണ്ട് കെഫോണ്‍ കമ്പനിക്ക് നല്‍കുന്നതിനും തീരുമാനിച്ചു. ബാക്കി പണം കമ്പനിതന്നെ വരുമാനത്തില്‍ നിന്നും കണ്ടെത്തണം.

ഇപ്പോള്‍ യുഡിഎഫിന്‍റെ ഡിമാന്‍റ് പി.ഡബ്ല്യു.സിയെ പ്രോജക്ട് മോണിറ്ററിംഗ് സ്ഥാനത്തു നിന്നും മാറ്റണമെന്നുള്ളതാണ്. ഇവരെ തെരഞ്ഞെടുത്തത് യുഡിഎഫ്. അവര്‍ ഉണ്ടാക്കിയ ഡിപിആറിന്‍റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ വിളിച്ച് ഈ വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഈ അന്തിമഘട്ടത്തിലെങ്കിലും കേരളത്തിലുള്ള പാവപ്പെട്ടവരുടെ വീടുകളില്‍ ഇന്‍റര്‍നെറ്റ് സൗജന്യമായി എത്തിക്കുന്നതിനുള്ള പദ്ധതിയെ അട്ടിമറിക്കുന്നതിന് എന്തുമാര്‍ഗ്ഗം എന്നാണ് അവര്‍ ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുന്നത്.

തീര്‍ത്തും സുതാര്യമായി നടന്ന ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാല്‍ സര്‍ക്കാര്‍ ഭയന്നു പിന്മാറുമെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. മനോരഥം കിനാവിലേ ഓടൂ എന്ന് അവര്‍ക്ക് വഴിയേ മനസിലാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here