വയനാട് വനാന്തരത്തിലെ ചോലനായ്ക്കരെ മാറ്റിപ്പാര്‍പ്പിച്ചു; പുറംലോകവുമായി ബന്ധമില്ലാത്ത നിബിഢവനത്തില്‍ നിന്ന് അവര്‍ പുറത്തേക്ക്

മലപ്പുറം വയനാട് അതിര്‍ത്തിയിലെ പരപ്പന്‍പാറ വനമേഖലയിലാണ് ജനസംഖ്യയില്‍ വളരെകുറവുള്ള പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്നത്. അടുത്തകാലം വരെ പുറം ലോകവുമായി ഇവര്‍ക്ക് ബന്ധമില്ലായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദമാണ് ഇവരെ പുറം ലോകവുമായി അടുപ്പിച്ചിരുന്നത്.

എങ്കിലും കാടിന് പുറത്തുവരാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.ശക്തമായ മഴ തുടരുന്ന ചൂരല്‍മല മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ സാദ്ധ്യത മുന്നില്‍ക്കണ്ടാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വനത്തിനുള്ളിലെ പുഴയോരത്താണ് ഇവര്‍ താമസിച്ചിരുന്നത്.

12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെയും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെയും റവന്യൂ- വനം- പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും പരിശ്രമത്തിന്റെ ഭാഗമായാണ് ഇവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള,നോര്‍ത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ മുന്‍ കൈയ്യെടുത്താണ് ഈ ശ്രമം നടത്തിയത്.

സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരായ കെ. വീരാന്‍കുട്ടി, കെ. ഹാഷിഫ് എന്നിവര്‍ കാടിനുള്ളിലെത്തി സംസാരിച്ചതിനുശേഷമാണ് ഇവരുടെ സമ്മതത്തോടെ കാടിനുപുറത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. മഴയൊതുങ്ങിയാല്‍ ഇവര്‍ തിരിച്ചുപോവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here