മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ തുറന്നുവിടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് ഇനിയും പ്രതികരിച്ചിട്ടില്ല.തമിഴ്നാടിന്റെ രണ്ടാമത്തെ ജാഗ്രതാ നിർദേശത്തിനായി കാത്തിരിക്കുകയാണ് കേരളം.
തമിഴ്നാട് ഇതുവരെ രണ്ടാം ജാഗ്രതാ നിർദേശം നൽകിയിട്ടില്ല. അടിയന്തരഘട്ടം ഉണ്ടായാൽ മാത്രമേ സ്പിൽവേ തുറന്നുവിടുകയുള്ളൂ എന്നാണ് തമിഴ്നാടിന്റെ നിലപാട്.
തമിഴ്നാടിന്‍റെ രണ്ടാമത്തെ ജാഗ്രതാ നിർദേശം ലഭിക്കുന്നതോടെ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കും. അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 500 കുടുംബങ്ങളിലെ 2000ത്തോളം ആളുകളെയാണ് മാറ്റുക. 12 ക്യാംപുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
മൂന്നാമത്തെ മുന്നറിയിപ്പിനു ശേഷം മാത്രമേ സ്പിൽവേകൾ തുറക്കൂ. അതേസമയം ഏതു നിമിഷവും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
142.00 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്കു കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
തമിഴ്നാട് ഷട്ടറുകള്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുന്‍പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.