കരിപ്പൂര്‍ അപകടം: വ്യോമയാന മന്ത്രാലയത്തിന്‍റെയും ഡിജിസിഎയുടെയും അലംഭാവം: വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗം

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റേയും, ഡിജിസിഎയുടേയും അലംഭാവമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വ്യോമയാന സുരക്ഷാ ഉപദേശക സമിതി അംഗവും, മുന്‍ പൈലറ്റുമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ കുറ്റപ്പെടുത്തുന്നത്.

കരിപ്പൂരിലെ പോരായ്മകളെക്കുറിച്ച് 9 വര്‍ഷം മുന്‍പ് തന്നെ വ്യോമയാന മന്ത്രാലയത്തേയും. ദിജിസിഎയെയും അറിയിച്ചതാണ്. പിന്നീട് വന്ന സര്‍ക്കാരും ഈ മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുത്തില്ല.

തെളിവുകളും, ചിത്രങ്ങളും സഹിതം നല്‍കിയ കത്ത് പരിഗണിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. കരിപ്പൂരില്‍ അപകടം നടന്ന റണ്‍വേ 10 ല്‍ വിമാനം ഇറക്കരുതെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്.

മഴക്കാലത്ത് ഇവിടെ കാറ്റിന്‍റെ ദിശ പടിഞ്ഞാറ് നിന്നാണ്. അതായത് മഴക്കാലത്ത് ഇവിടെ വിമാനമിറങ്ങുമ്പോള്‍ വിമാനത്തിന്‍റെ പിന്നില്‍ നിന്നാണ് കാറ്റ് വീശുന്നത്. ടെയില്‍ വിന്‍ഡ് എന്ന ഈ പ്രതിഭാസം വലിയ അപകടംമുണ്ടാക്കുന്നതാണ്.

ടേബിള്‍ ടോപ്പ് റണ്‍വേ സംബന്ധിച്ച് DGCA യ്ക്കും, കേന്ദ്ര വ്യോമയാനമന്ത്രാലയത്തിനും നല്‍കിയ മുന്നറിയിപ്പുകള്‍ കടലാസില്‍ മാത്രം ഒതുക്കുകയാണ് ചെയ്തത്.

മംഗുളുരു വിമന അപകടത്തിന് ശേഷം നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലം നടപ്പാക്കിയെന്ന് DGCA പറയുന്നത് കള്ളമാണെന്നും ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ പറയുന്നു. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സംവിധാനം കോഴിക്കോടില്ല.

4 സി വിഭാഗത്തിലുള്ള റണ്‍വേയാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ വേണ്ടി ഇവിടെത്തെ റണ്‍വേ 4 ഇ വിഭാഗത്തിലേക്ക് ഡിജിസിഎ മാറ്റി ഇത് നിയമവിരുദ്ധമാണ്.

ഈ റണ്‍ വേയുടെ ഓരു ഭാഗത്ത് വന്‍തോതില്‍ റബര്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇത് മാറ്റാനുള്ള സംവിധാനം കോഴിക്കോടില്ല. ഇന്നത്തെ നിലയ്ക്ക് ഇവിടെ വലിയ വിമാനം ഇറങ്ങാന്‍ ഒരിക്കലും അനുമതി നല്‍കാന്‍ പാടില്ല.

കേന്ദ്രവ്യോമയാന മന്ത്രിയാണ് ഇതിന് ഉത്തരവാദി. കരിപ്പൂരില്‍ സുരക്ഷിതമായി വിമാനം ഇറക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല പകരം ടെര്‍മിനല്‍ മോടിപിടിപ്പിക്കാന്‍ മാത്രമാണ് വ്യോമയാനമന്ത്രാലയത്തിന്‍രെ ശ്രദ്ധ.

റണ്‍വേ സേഫ് എന്‍ഡ് ഏരിയ പോലും കൃത്യമായ രീതിയില്‍ തയ്യാറാക്കിയിട്ടില്ല എന്നും മോഹന്‍ രംഗനാധന്‍ കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News