കോടിയുടെ വിലയുള്ള നൂറ് രൂപാ നോട്ട്

എറണാകുളം: ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിൽ നിന്നാണ് 100 രൂപാ നോട് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഭിച്ചത്. വയറു നിറയ്ക്കുന്ന പൊതിച്ചോറിനൊപ്പം അപ്രതീക്ഷിതമായി ലഭിക്കുന്ന ചെറിയ തുക നല്‍കുന്ന സന്തോഷം കൂടി മനസില്‍ കണ്ടാവും പേരു വെളിപ്പെടുത്താതെ ആരോ ആ നൂറ് രൂപ നോട്ടും പൊതിച്ചോറിനൊപ്പം കരുതിയത്.

കൊവിഡ് ഭീഷണിയും കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും നേരിടുന്ന ചെല്ലാനത്തുകാര്‍ക്ക് ഒരാശ്വാസമെന്ന നിലയിലാണ് കണ്ണമാലി പൊലീസിന്‍റെ നേതൃത്വത്തില്‍ അയല്‍ ഗ്രാമമായ കുമ്പളങ്ങിയില്‍ നിന്നും മറ്റ് സമുനസ്സുകളില്‍ നിന്നും ഭക്ഷണപ്പൊതികള്‍ ശേഖരിച്ചത്. ഈ പൊതിച്ചോറുകള്‍ക്കിടയിലാണ് പ്ലാസ്റ്ററിക് കവറിൽ പൊതിഞ്ഞ ഒരു നൂറിന്റെ നോട്ട് ഇൻസ്പെക്ടർ ഷിജുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

നൂറു രൂപയാണെങ്കിലും ഒരു കോടിയുടെ വിലയുണ്ട് ഇന്നത് ചെല്ലാനത്തുകാരുടെ മുന്‍പിലെത്തുമ്പോള്‍. പത്ത് രൂപ കൊടുത്താല്‍പ്പൊലും പലരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് സിംപതി പിടിച്ചു പറ്റുന്ന ഇക്കാലത്ത്. വാങ്ങുന്നവന്‍റെ ആത്മാഭിമാനത്തെ മുറി വേല്‍പ്പിക്കാതെ പൊതിച്ചോറില്‍ നൂറ് രൂപ കരുതിയ മനസ്സിനു മുന്‍പില്‍ നമിക്കുന്നു എന്നല്ലാതെ മറ്റെന്തു പറയാന്‍.

ഈ പണം നൽകിയതാരാണെന്നറിയില്ല. അത് അറിയാതിരിക്കുന്നത് തന്നെയാണ് നല്ലത്. മറ്റൊന്നും കൊണ്ടല്ല മനസിൽ മരിക്കാത്ത മനുഷ്വത്വം ബാക്കി നിൽക്കുന്നവർ നമുക്കിടയിലുണ്ടെന്ന ഒരോർമ്മപ്പെടുത്തലിനെങ്കിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here