ഇന്ന് 1184 പേര്‍ക്ക് കൊവിഡ്; 784 പേര്‍ക്ക് രോഗമുക്തി; 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 255 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 66 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 40 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം നായരമ്പലം സ്വദേശിനി ഗ്രേസി ഷൈനി (54), ആഗസ്റ്റ് 7ന് മരണമടഞ്ഞ കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസര്‍ഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കല്‍പ്പറ്റ സ്വദേശി അലവിക്കുട്ടി (65), ആഗസ്റ്റ് 8ന് മരണമടഞ്ഞ മലപ്പുറം പള്ളിക്കല്‍ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബേക്കര്‍ (64), തിരുവന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 115 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം ജില്ലയിലെ 219 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 178 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 118 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 100 പേര്‍ക്കും, എറണാകുളം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 52 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 33 പേര്‍ക്ക് വീതവും, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 32 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 20 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, മലപ്പുറം ജില്ലയിലെ 3, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു എയര്‍ ക്രൂവിന് വീതവും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും, എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 180 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 102 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 71 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,737 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,620 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,295 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,419 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,876 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1323 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,583 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,00,988 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2829 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,805 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 127 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ (23), കടയ്ക്കല്‍ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാര്‍ഡ്), ശ്രീമൂലനഗരം (12), തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാര്‍ഡുകള്‍), പനമരം (സബ് വാര്‍ഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂര്‍ മുന്‍സിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലിലെ നരിക്കുനി (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാര്‍ഡ് 7, 8, 10, 18), പഴയകുന്നുംമ്മേല്‍ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂര്‍ (15, 19, 20), മണ്‍ട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 531 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കരിപ്പൂര്‍ വിമാനത്താവള അപകടത്തിൽ രക്ഷാ പ്രവര്‍ത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ തുടരണം. കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. രാജമല ദുരന്തത്തിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണം 48 ആയി. 22 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പതിനാറ് കിലോമീറ്റര്‍ വിസ്തൃതിയിൽ പരിശോധന തുടരുകയാണ്. ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. വനപാലകരും ദ്രുതകര്‍മ്മ സേനയും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമാണ്.

തിരുവനന്തപുരത്തെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാര്‍ജ് ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. സമ്പർക്ക വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറലിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും ജാഗ്രതാ നടപടികൾ ശക്തമാക്കാനും ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. സാമൂഹിക അകലം അടക്കം സുരക്ഷാ മാര്‍ഗ്ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനാണ് നടപടി. മാസ്ക ധരിക്കുന്നതിൽ അടക്കം പ്രചാരണം നൽകും.

കാസർകോട്, കണ്ണൂര്‍, കോഴിക്കോട് റൂറൽ, സിറ്റി, പാലക്കാട് വയനാട്, തൃശ്ശൂര്‍ സിറ്റി, എറണാകുളം എന്നിവിടങ്ങളിൽ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ തൃപ്തികരമാണ്. പുതിയ നിയന്ത്രണങ്ങൾക്ക് രൂപം നൽകാൻ ഐജിമാര്‍ ഡിഐജി ജില്ലാ പൊലീസ് മേധാവി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരദേശത്തെ പ്രശ്ന പരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നൽകി. കോസ്റ്റൽ പൊലീസ് ഐജി ശ്രീജിത്തിനെ സഹായിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം സംസ്ഥാനത്ത് എല്ലായിടത്തും വിനിയോഗിക്കാനാണ് തീരുമാനം.

ആലപ്പുഴ പാണാവള്ളിയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. എണറാകുളം ജില്ലയിൽ ഫോർട്ട് കൊച്ചി ക്ലസ്റ്ററിലാണ് രോഗ വ്യാപനം കൂടുതൽ . ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്. ആലുവ ക്ലസ്റ്ററിൽ രോഗ വ്യാപനം കുറയുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെമാത്രം 144 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇന്ന് ആകെ 255 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗ വ്യാപനം കൂടുതലാണ്. ലോക്ക് ഡൗൺ കാലത്ത് കര്‍ണാടക മണ്ണിട്ടചച്ച മാക്കൂട്ടം പാത ചരക്ക് വാഹന നീക്കത്തിനായി തുറന്നു. കൊവിഡ് പരിശോധനയും വിവരശേഖരണവും ഇവിടെ തുടരും. വൈകീട്ട് ആറ് മണിവരെ ആയിരിക്കും വാഹനങ്ങൾക്ക് പ്രവേശനം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്ത് വേണം വണ്ടികൾ വരാൻ. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധയും ക്രമീകരണവും വേണം.

തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതിയിൽ 37 വീടുകൾ പൂർണ്ണമായും തകർന്നു. 583 പേരെ മാറ്റി പാര്‍പ്പിച്ചു. 5785 ഹെക്ടര്‍ കൃഷി നശിച്ചു. നീണ്ടകര അഴീക്കൽ മേഖലയിൽ നിന്ന് 55 മത്സ്യതൊഴിലാളികൾ കൂടി പത്തനംതിട്ട ജില്ലയിലെത്തി. അറിയിപ്പ് ലഭിച്ച ഉടനെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 4657 പേരെ മാറ്റി പാര്‍പ്പിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 400 പേരും ഇവരുടെ കൂട്ടത്തിലുണ്ട്.

മൂഴിയാര്‍ പമ്പ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നുണ്ട്. ആലപ്പുഴയിൽ 74 ക്യാമ്പുണ്ട്. 4449 പേരാണ് ക്യാമ്പിലുള്ളത്. കോട്ടയത്ത് 5647 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണ്. ചെല്ലാനത്ത് അതിശക്തമായ കടൽക്ഷോഭമുണ്ടായി. പാലക്കാട് മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. വയനാട്ടിൽ മഴ കുറഞ്ഞിട്ടുണ്ട്. ബാണാസുര അണക്കെട്ടിലടക്കം സ്ഥിതി നിയന്ത്രണ വിധേയമാണ്. 4217 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ചെറിയ മഴ പെയ്താൽ പോലും ഉരുൾപൊട്ടൽ സാധ്യയുള്ള മലോയര മേഖലകളുണ്ട്. ഓഗസ്റ്റിൽ ആകെ കിട്ടുന്ന മഴ 427 മില്ലീമീറ്ററാണ്. കഴിഞ്ഞ പത്ത് ദിവസം മാത്രം 476 മില്ലീമീറ്റര്‍ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഗസ്റ്റിൽ ഇത്തരം അതിതീവ്ര മഴ ആവർത്തിക്കുന്നു. മഴ മാറിയതോടെ നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അതിവേഗം വെള്ളം ഒഴിയുന്നുണ്ട്. അച്ചൻകോവിലാര്‍ മണിമലയാർ മീനച്ചിലാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് അപകടകരമായി നിലവിലുള്ളത്. ഇവിടെയും ജലനിരപ്പിൽ കുറവുണ്ടാകുന്നുണ്ട്.

മാസ്ക് ധരിക്കാത്ത 5901 കേസുകൾ രജിസ്റ്റര്‍ ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പ്രളയം തടയാൻ സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടനാടാണ് ഇതിൽ പ്രധാനം. പത്തനംതിട്ടയിലും കോട്ടയത്തും മഴ കിട്ടി വെള്ളം പൊങ്ങിയാൽ കുട്ടനാട്ടിൽ ക്രമാതീതമായി വെള്ളമെത്തും. അതിൽ പമ്പ അച്ചൻകോവിൽ നദികളിലെ വെള്ളം കടലിലേക്ക് പുറന്തള്ളുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കഴിഞ്ഞ വര്‍ഷം മുപ്പത് മീറ്റര്‍ വീതിയിൽ മുറിച്ചിരുന്ന പൊഴി ഇത്തവണ 360 മീറ്ററാക്കി. ഇത് ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. മണിമലയാറിൽ വെള്ളം ഉയര്‍ന്നത് മൂലം ചിലയടങ്ങളിൽ വെള്ളം കയറി. അത് കൂടി പരിശോധിക്കും. വയനാട്ടിൽ നാലരക്കോടി ചെലവിട്ട് നദികളും തോടും വൃത്തിയാക്കി ആഴം കൂട്ടിയതിനാൽ വലിയ വെള്ളക്കെട്ട് ഉണ്ടായില്ല. റൂം ഫോർ പമ്പ, റൂം ഫോര്‍ വേമ്പനാട് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here