ഇഐഎക്കെതിരെ പ്രതിഷേധം ശക്തം; ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സിപിഐഎം

ദില്ലി: പരിസ്ഥിതി ചൂഷണത്തിന് വാതില്‍ തുറക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ കരടിനെതിരെ വന്‍ പ്രതിഷേധം.

സമീപ കാലത്തൊന്നും ഒരു കേന്ദ്ര വിജ്ഞാപനത്തിന്റെ കരടിനെതിരെ ഇത്ര വലിയ പ്രതിഷേധം ഉണ്ടായിട്ടില്ല. വന്‍കിട പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ഒഴിവാക്കുന്ന വിജ്ഞാപനം മാര്‍ച്ച് 23നാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്ത് ഇറക്കിയത്.

പുതിയ വിജ്ഞാപനപ്രകാരം പരിസ്ഥിതി ആഘാത പഠനങ്ങള്‍ വേണ്ടാത്ത നിര്‍മിതികള്‍, വ്യവസായങ്ങള്‍ നിരവധി. സമീപ വീടുകള്‍ക്കും പരിസ്ഥിതിയ്ക്കും വലിയ ആഘാതം ഉണ്ടാക്കുന്ന പാറ പൊട്ടിക്കല്‍ മുതല്‍ ഇളവുകള്‍ ആരംഭിക്കുന്നു . 5 ഏക്കറില്‍ താഴെയുള്ള പാറ പൊട്ടിക്കലിന് ഇനി പരിസ്ഥിതി പഠനം ആവിശ്യമില്ല.

മോദി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് തുറന്ന് നല്കിയ കല്‍ക്കരി ഖനനം, 70 മീറ്റര്‍ വരെയുള്ള ഹൈവേകള്‍, ചെറു വിമാനത്താവളത്തിന്റെ അത്ര തന്നെ വലിപ്പം വരെ വരുന്ന ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉള്ള നിര്‍മിതികള്‍,പ്രതിദിനം പതിനായിരം ലിറ്റര്‍ വരെ നാടന്‍ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍, തുറമുഖങ്ങള്‍ക്കുള്ള മണ്ണ് നീക്കല്‍ തുടങ്ങിയവയ്ക്ക് ഇനി ഒരു പരിസ്ഥിതി പഠനവും ആവശ്യമില്ലെന്നു കരട് വിജ്ഞാപനം പറയുന്നു.

മുപ്പതിനായിരം ടണ്‍ പരിധി വരുന്ന ലോഹ സംസ്‌കരണ യൂണിറ്റിന് പഠനം വേണമെന്നത് മാറ്റി, ഒരു ലക്ഷം സംസ്‌കരണ പരിധി ഉള്ള യൂണിറ്റുകള്‍ക്ക് മാത്രം പഠനം നടത്തിയാല്‍ മതിയെന്നാക്കി.

താപ വൈദുതി നിലയങ്ങളുടെ അനുമതി ലഭിക്കാനുള്ള പരിസ്ഥിതി ചട്ടങ്ങള്‍ ലഘൂകരിച്ചു. പൊതു ജനഅഭിപ്രായം തേടുന്ന എല്ലാ ചട്ടങ്ങളുടെയും അന്ത:സത്ത നശിപ്പിക്കാന്‍, വിജ്ഞാപനം തയാറാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ വച്ചിരിക്കുന്നു. വ്യവ്യസായ പദ്ധതികളുടെ പേരില്‍ സ്വന്തം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടാലും നിയമ പോരാട്ടം നടത്താന്‍ കഴിയില്ല. കൃഷിയിടങ്ങള്‍ പോലും ഏറ്റെടുത്തു വ്യവസായ നിര്‍മിതികള്‍ക്കായി കൈ മാറാന്‍ സര്‍ക്കാരിന് കഴിയും.

വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. നിയമം അല്ല കരട് മാത്രമാണ് എന്ന് പറഞ്ഞു പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സിപിഐഎം,സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.

ചലച്ചിത്ര താരങ്ങളും, സാഹിത്യപ്രവര്‍ത്തകരും ചിന്തകരും പരിസ്ഥിതി രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. പ്രളയം, വരള്‍ച്ച, ഭൂകമ്പം തുടങ്ങി വലിയ പ്രകൃതി ക്ഷോഭങ്ങള്‍ നേരിട്ട് കാണുന്ന യുവ ജനതയും രാഷ്ട്രീയ ഭേദമന്യേ ഡ്രാഫ്റ്റിനെതിരെ കൈകോര്‍ത്തു നില്‍ക്കുന്നു.പ്രകൃതി ചൂഷണം വ്യാപകമായി ആരംഭിച്ച 80 കളില്‍ പൊതു ജന പ്രതിഷേധത്തിനൊടുവില്‍ 1984ലാണ് കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ട് വന്നത്.

നിയമം കൃത്യമായി നടപ്പിലാക്കുവെന്ന് പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ 1994ല്‍ കൊണ്ട് വന്നതാണ് പരിസ്ഥിതി ആഘാത പഠനം. ഓരോ വ്യവസായം ആരംഭിക്കുമ്പോഴും അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ട് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചത്. 26 വര്‍ഷമായി നിലനില്‍ക്കുന്ന ഈ ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് എന്ന് സിപിഐഎം കുറ്റപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News