ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയാണോ?; പൊയ്വെടികളുടെ സത്യം പുറത്തുവന്നാലും അദ്ദേഹത്തിന് ജാള്യമില്ല: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് ഇന്ന് തോന്നിയ സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്എസുകാരന്റെ കേസ് പിന്‍വലിച്ചത് തന്റെ വകുപ്പല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെ വകുപ്പായിരുന്നു? ഈ മുഖ്യമന്ത്രി എന്ന വാക്കുതന്നെ അദ്ദേഹത്തിന് വല്ല പ്രശ്നവും ഉണ്ടാക്കുന്നുണ്ടോ? എന്നെ ചാരി അവിടുത്തെ പ്രശ്നങ്ങള്‍ ഇങ്ങനെ ഉന്നയിക്കേണ്ടതുണ്ടോ? പ്രതിപക്ഷ നേതാവും സുഹൃത്തുക്കളും ഈ കോവിഡ് കാലത്ത് പറഞ്ഞതെന്തൊക്കെയാണ്? കോവിഡ് സ്ഥിതി അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നായിരുന്നില്ലേ ആദ്യം.

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന് പറഞ്ഞതാരായിരുന്നു?. അമേരിക്കന്‍ മാതൃകയില്‍ മിറ്റിഗേഷന്‍ രീതി നടപ്പാക്കണം എന്നും കോവിഡ് പ്രതിരോധത്തില്‍ രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കണം എന്നും പറഞ്ഞത് ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധം പാളിയതുകൊണ്ടായിരുന്നോ?;അദ്ദേഹം ചോദിച്ചു

എണ്‍പത്തേഴ് ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റെന്ന് പറഞ്ഞില്ലേ? ബ്രിട്ടീഷ് വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കി ആ ഡാറ്റയ്ക്ക് എത്ര വിലവരുമെന്നുവരെ ആരോപണം ഉന്നയിച്ചില്ലേ? ആഴ്ചകള്‍ക്കുശേഷം ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ ഉന്നയിച്ചിട്ടില്ലെന്നും ഒരു പത്രം പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നുമായിരുന്നു മറുപടി. ഇതാണോ പ്രതിപക്ഷ ധര്‍മ്മം?

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തരുത് എന്നു മാത്രമല്ല, നടത്തുന്നവര്‍ക്ക് ഭ്രാന്താണ് എന്നല്ലേ പറഞ്ഞുകളഞ്ഞത്? ആ പരീക്ഷ ഭംഗിയായി നടന്നപ്പോള്‍ എവിടെയായിരുന്നു ഈ പ്രതിപക്ഷം?

സാലറി ചലഞ്ച് പാടില്ല എന്നു പറയുക മാത്രമല്ല, അതിനെതിരെ വ്യാപക പ്രചാരണവും നടത്തിയില്ലേ? കര്‍ണാടകം അതിര്‍ത്തി അടച്ചതുമൂലം രോഗികള്‍ മരിച്ചതിന് ഉത്തരവാദി കേരള സര്‍ക്കാരാണെന്നല്ലേ പ്രതിപക്ഷം അന്ന് കഥയുണ്ടാക്കിയത്? അതിഥി തൊഴിലാളികളെ കേരളം പട്ടിണിക്കിടുന്നു എന്ന് പറഞ്ഞപ്പോള്‍ ഇന്നാട്ടിലെ ഏതെങ്കിലും ഒരു കമ്യൂണിറ്റി കിച്ചണില്‍ ഈ പ്രതിപക്ഷ നേതാവ് ചെന്നുനോക്കിയിരുന്നോ? മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു എന്ന് പറഞ്ഞിട്ടെന്തായി? ഏതെങ്കിലും ഒരു പ്രവാസിയെ ഇങ്ങോട്ടുവരുന്നതില്‍നിന്ന് തടഞ്ഞതായി ചൂണ്ടിക്കാണിക്കാമോ?

ടെക്നോസിറ്റിയിലെ കളിമണ്‍ ഖനനത്തില്‍ വന്‍ കൊള്ളയെന്ന് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ആ കമ്പനിയുടെ പ്രതിനിധി വിളിച്ചപ്പോള്‍ ‘ഞാനത് റെക്ടിഫൈ ചെയ്യാം’ എന്നുപറഞ്ഞത് നമ്മളെല്ലാം കേട്ടതല്ലേ?

ആരാധനാലയങ്ങള്‍ ആദ്യം തുറക്കണമെന്നും പിന്നീട് അടയ്ക്കണമെന്നും ആവശ്യപ്പെട്ടത് ആരായിരുന്നു? ബാറുകളും ബീവറേജുകളും അടയ്ക്കണം എന്ന ആദ്യം പറഞ്ഞതും പിന്നീട് തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഈ പ്രതിപക്ഷം തന്നെയല്ലേ? ഇതൊക്കെ ഈ അടുത്ത നാളുകളില്‍ ഉണ്ടായതാണ്. പൊയ് വെടികള്‍ പൊട്ടിച്ചുകൊണ്ടേയിരിക്കുക? വസ്തുതകള്‍ പുറത്തുവന്നാലെങ്കിലും അല്‍പം ജാള്യം തോന്നേണ്ടതല്ലേ? ഇതൊക്കെ തുറന്നുകാട്ടാന്‍ സര്‍ക്കാരിന് അവകാശമില്ലേ? അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്ന് വിലപിച്ചതുകൊണ്ട് വല്ല കാര്യവുമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News