റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏജന്‍സിയെ കണ്ടുപിടിച്ചതും, കരാര്‍ നല്‍കിയതും, അവരുമായി പണമിടപാടുകള്‍ നടത്തുന്നതുമെല്ലാം റെഡ് ക്രസന്റ് നേരിട്ടാണ്. ഇതേ രീതിയില്‍ മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റു പല സ്ഥാപനങ്ങളും വീടുകള്‍ നിര്‍മിക്കാന്‍ തയ്യാറാവുകയും ആ പദ്ധതി നടപ്പാവുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റ് സ്പോണ്‍സര്‍ ചെയ്ത ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ഏല്‍പ്പിച്ചത്.

യുഎഇ റെഡ് ക്രസന്റ് അതോറിറ്റി ടീം അവരുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയുടെ നേതൃത്വത്തില്‍ എത്തിയാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്. 11.07.2019നാണ് റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി അടക്കം നാല് യുഎഇ പൗരന്‍മാരും, എം.എ. യൂസഫലിയും യോഗത്തില്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ച് നല്‍കുന്നതിന് 3 ദശലക്ഷം ദിര്‍ഹവുമടക്കം മൊത്തം 10 ദശലക്ഷം യുഎഇ ദിര്‍ഹം കേരള സര്‍ക്കാരിന് സഹായമായി നല്‍കുന്നതിനുള്ള ഫ്രെയിം വര്‍ക്ക് ആണ് എംഒയുവില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് പ്രത്യേകം എഗ്രിമെന്റുകള്‍ വെക്കണമെന്ന കാര്യവും എംഒയുവില്‍ ഉള്‍പ്പെടുന്നു.

റെഡ് ക്രസന്റ് സംസ്ഥാനത്തിന് നല്‍കാനുദ്ദേശിക്കുന്ന സഹായം ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്ന ഭവനസമുച്ചയത്തിന് ഉപയുക്തമാക്കാമെന്നും, ഹെല്‍ത്ത് സെന്ററും അവിടെത്തന്നെ ആലോചിക്കാമെന്നും ഈ യോഗത്തില്‍ തീരുമാനിച്ചു. റെഡ് ക്രസന്റ് പണമായി സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കുന്നില്ലെന്നും, അവര്‍ തന്നെ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടം പണിത് സര്‍ക്കാരിന് കൈമാറുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നും റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 ആഗസ്റ്റ് മാസത്തില്‍ തുടങ്ങി 2020 ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായിരുന്നു പ്ലാന്‍. കോവിഡ് 19 മൂലം പണി താമസിച്ചു. 2020 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നു. 500 ച.അടി വിസ്തീര്‍ണ്ണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തില്‍ നിര്‍മിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News