ഇ ഐ എ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണം; പുരോഗമന കലാസാഹിത്യസംഘം

ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന ഇ ഐ എ 2020 നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. ഈ വിജ്ഞാപനം രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനത്തെ തകര്‍ക്കാന്‍ ഇടയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് ഇന്ത്യയുടെ പ്രകൃതിയെ കൊള്ളയടിക്കാനുള്ള സൗകര്യങ്ങളാണ് ഈ കരടു നിര്‍ദ്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന മൂലധന മേധാവിത്തമാണ് പ്രകൃതിക്കു മുന്നിലെ മുഖ്യഭീഷണി എന്ന പരമസത്യമാണ് ഇവിടെ വെളിപ്പെടുന്നത്. അവരുടെ പരിരക്ഷയോടെ അധികാരത്തില്‍ വന്നിരിക്കുന്ന മതരാഷ്ട്രവാദികളുടെ സര്‍ക്കാര്‍ തങ്ങളുടെ യജമാനന്മാര്‍ക്ക് വേണ്ടി നിലവിലുള്ള നിയമങ്ങളെ അട്ടിമറിക്കുന്നു. പുതിയ നിയമങ്ങളുണ്ടാക്കുന്നു.

കോവിഡ് 19 എന്ന മഹാവ്യാധി രാജ്യത്ത് മരണനൃത്തം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളുടെ പരിമിതിയെ പരമാവധി ഉപയോഗിക്കുകയാണ് നരേന്ദ്രമോദി. പൊതുമേഖലാ സമ്പത്തിന്റെ വില്‍പ്പന ത്വരിതപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രകൃതിയുടെ വാതില്‍ ആഗോള കുത്തക ഭീമന്മാര്‍ക്കു വേണ്ടി തുറന്നു വെക്കുന്നു.

രാജ്യത്തെ തകര്‍ക്കാനും ഇവിടെ മനുഷ്യജീവിതം അസാധ്യമാക്കാനുമുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി വിയോജിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തയ്യാറാവണം. പരിസ്ഥിതിയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ കോര്‍പ്പറേറ്റ് മേധാവിത്തവും അവര്‍ക്കു വേണ്ടി ഭൃത്യവേല ചെയ്യുന്ന കേന്ദ്രസര്‍ക്കാരും ആണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടു വരണമെന്ന് പ്രകൃതിയെ സ്‌നേഹിക്കുന്ന മുഴുവന്‍ സുഹൃത്തുക്കളോടും സംഘം അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News