വില്‍ക്കാനുള്ളതല്ല പരിസ്ഥിതി; വിജ്ഞാപനം കോര്‍പറേറ്റുകളെ സഹായിക്കാന്‍, പിന്‍വലിക്കണമെന്ന് ബൃന്ദ കാരാട്ട്

ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതില്‍ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്. 2020ല്‍ ലോക ബാങ്കിന്റെ ബിസിനസ് എളുപ്പമാക്കല്‍ സൂചികയില്‍, 190 രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി 63–ാം സ്ഥാനത്തെത്തിയിരിക്കുന്നു.

ഒറ്റ വര്‍ഷംകൊണ്ട് 14 സ്ഥാനമാണ് ഒറ്റയടിക്ക് കയറിപ്പോയത്. പക്ഷേ, യേല്‍ സര്‍വകലാശാലയുടെ ആഗോള പരിസ്ഥിതി നിര്‍വഹണ സൂചികയില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ ഏറെ താഴ്ന്ന് നൂറ്റിഅറുപത്തെട്ടാം സ്ഥാനത്തെത്തി, ഒറ്റയടിക്ക് 29 പോയിന്റ് താഴ്ച.

പരിസ്ഥിതികാര്യത്തില്‍ വെള്ളം ചേര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തി കച്ചവടക്കാരെ സഹായിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണന.

2006ലെ ഇഐഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഒന്നരദശകം കഴിയുമ്പോള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയെഴുതി കുറേക്കൂടി കര്‍ശനനിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താനും കഴിയേണ്ടതായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിന് നേര്‍ വിപരീതമായാണ് കേന്ദ്രം ഇടപെട്ടത്.

1) 2020ലെ പരിസ്ഥിതി ആഘാതപഠനം( എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ്ഇഐഎ) കരട് പുറപ്പെടുവിച്ചത് 1986ലെ പരിസ്ഥിതി സംരക്ഷണ ആക്ടിലെ 3–ാം വകുപ്പനുസരിച്ചാണ്. പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുകയും കുറച്ചുകൊണ്ടുവരികയും ചെയ്യുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിന് നല്‍കുന്ന വകുപ്പാണിത്.

2020ലെ കരട് ഇഐഎ ആകട്ടെ, ‘പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക’ എന്ന നിയമപ്രകാരമുള്ള ഉപാധി നിറവേറ്റുന്നതിനുപകരം വെള്ളം ചേര്‍ക്കലിനാണ് ശ്രമിക്കുന്നത്. 2006ലെ ഇഐഎ നിര്‍ദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയടക്കമുള്ള കോടതികളും നല്‍കിയ ഉത്തരവുകളെ കാറ്റില്‍ പറത്താന്‍ കൂടിയാണ് ഈ കരട് തയ്യാറാക്കിയത്. ഇതിന്റെ നിയമസാധുതതന്നെ സംശയാസ്പദമാണ്.

2) കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതിനും ‘ബിസിനസ് എളുപ്പമാക്കല്‍’ നടപ്പാക്കി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണിത്. ഖനനത്തിനുള്ള പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് അതിനെ ‘ഉദാരവല്‍ക്കരിക്കു’ന്നതും നിയന്ത്രണ വിമുക്തമാക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമായാണ്. പ്രസ്തുത മാറ്റങ്ങള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെട്ടവയാണ്. ഇഐഎ റിപ്പോര്‍ട്ടുകളുടെ സംഗ്രഹങ്ങള്‍ മാത്രമാണ് പൊതുചര്‍ച്ചയ്ക്കായി ലഭ്യമാകുക. 2020ലെ കരടാകട്ടെ, കുറേക്കൂടി ദുര്‍ഗ്രഹമാക്കും.

3) ഏറ്റവും പ്രതിഷേധാര്‍ഹമായ കാര്യം. പരിസ്ഥിതി നിയന്ത്രണങ്ങളിലെ ഈ വെള്ളം ചേര്‍ക്കലുകള്‍ കാരണം പ്രയാസമനുഭവിക്കുന്ന ആദിവാസികളുടെ ഉല്‍ക്കണ്ഠകള്‍ ചെറുതായിപ്പോലും കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നതാണ്. ആദിവാസി, ഗോത്രജനം, ഗ്രാമസഭ, വനാവകാശം, അഞ്ചാം പട്ടിക, ആറാം പട്ടിക പിഇഎസ്എ തുടങ്ങിയ വാക്കുകള്‍തന്നെ ഇതില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ആദിവാസികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളാണ് അവഗണിക്കപ്പെടുന്നത്. വിജ്ഞാപനം തള്ളിക്കളയുന്നതിന് അതുമാത്രം മതി.

4) ഹൈദരാബാദിലെ എഎസ്സി തയ്യാറാക്കി 2010 ഫെബ്രുവരിയില്‍ പ്രസിദ്ധപ്പെടുത്തിയ ധാതുഖനനത്തിനുള്ള ഇഐഎ ഗൈഡന്‍സ് മാനുവല്‍ 2006ലെ ഇഐഎ നിര്‍വചനങ്ങളെയും വ്യവസ്ഥകളെയും ബന്ധപ്പെടുത്തിയാണ് തയ്യാറാക്കപ്പെട്ടത്. 2020ലെ ഈ പുതിയ ഇഐഎ കരട് വഴി ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അസാധുവാക്കപ്പെടുമ്പോള്‍, 2010ലെ മാന്വലിലെ മാര്‍ഗനിര്‍ദേശങ്ങളുടെ അവസ്ഥ എന്താകും? ഖനനമേഖല വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന സാഹചര്യത്തില്‍ ഇതിന് പ്രാധാന്യം ഏറുകയാണ്.

ഇത്തരം ഖനനം കാരണം, അതിനു ചുറ്റുമുള്ള വായുവും വെള്ളവും ഭൂമിയും നശിക്കുന്നത് നാം കണ്ടുവരികയാണ്. 2020ലെ കരട് ഇഐഎ ഇക്കാര്യം പരിഗണിക്കുന്നതോ പോകട്ടെ, ഖനിത്തൊഴിലാളികള്‍ ‘കശാപ്പ് ഖനനം’ എന്നുവിളിക്കുന്ന ഇത്തരം ഖനനങ്ങളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ഉരിയാടുന്നതേയില്ല. ഖനികള്‍ അടച്ചുപൂട്ടുമ്പോള്‍ ഭൂമി പഴയ മട്ടിലാക്കിക്കൊടുക്കണം എന്നാണ് 2010 ലെ മാന്വല്‍ പറയുന്നത്. അത് ആരുടെ ഉത്തരവാദിത്തമാന്നെന്നോ ആരാണ് നിരീക്ഷിക്കുക എന്നോ ഉള്ള കാര്യത്തില്‍ മൗനംമാത്രം. വന്‍തോതില്‍ പരിസ്ഥിതിനാശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ഈ പ്രശ്‌നത്തിന് അടിയന്തര പരിഗണന ലഭിക്കേണ്ടതാണ്. പക്ഷേ, കരട് ഇക്കാര്യത്തില്‍ നിശ്ശബ്ദമാണ്.

5) ചില വിഷയങ്ങളില്‍ ഈ കരട് അധികാര കേന്ദ്രീകരണം ഉറപ്പാക്കുന്നു. ഉദാഹരണത്തിന് 6, 7, 8, 9 വകുപ്പുകള്‍ നോക്കുക. വിദഗ്ധ വിലയിരുത്തല്‍ കമ്മിറ്റിയിലും സാങ്കേതിക കമ്മിറ്റിയിലും ആളെ നിയമിക്കാനുള്ള ഏകാവകാശം കേന്ദ്രത്തിനാണ്. സംസ്ഥാന തലത്തിലുള്ള ഇഐഎഎസികള്‍ നിയമിക്കാനുള്ള അധികാരംകൂടി കവര്‍ന്നെടുത്തുകൊണ്ട് ഇടപെടാനാണ് നീക്കം.

6) തങ്ങള്‍ ആഗ്രഹിച്ചതിന്‍പടി പെരുമാറാത്ത കമ്മിറ്റികള്‍ക്കുപകരം സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും ഒന്നിലേറെ വിദഗ്ധ സമിതികള്‍ നിയമിക്കാനുള്ള അധികാരം 11–ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് നല്‍കുകയാണ്.

സംസ്ഥാനത്തോടുപോലും ആലോചിക്കാതെ മറ്റൊരു കമ്മിറ്റിയെ കേന്ദ്രത്തിന് നിയമിക്കാം.

കമ്മിറ്റിക്ക് ജനാധിപത്യപരമായ സാമൂഹ്യഘടന ഉറപ്പുവരുത്താനായി വേണ്ട വനിത- -പട്ടിക വിഭാഗ പ്രാതിനിധ്യം നല്‍കണം. ഇതിനും പുറമെ, ആശങ്കപ്പെടേണ്ടതായ നാല് പ്രധാന വശമുണ്ട് ഈ കരടിന്.

1)വിലയിരുത്തല്‍ സമിതിയുടെയും പൊതുജനങ്ങളുടെയും പരിശോധനയില്‍നിന്നും വിലയിരുത്തലില്‍നിന്നും ഒഴിവാക്കാനായി ചില പദ്ധതികളുടെ തരം മാറ്റിയത്.

2) പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്യുക എന്നത് ചില കാര്യങ്ങളില്‍ നിര്‍വീര്യമാക്കി.

3) വിവിധപദ്ധതികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ പിന്നീട് സാധൂകരിച്ച് കൊടുക്കുന്നത്.

4)വിവിധ പ്രോജക്ടുകള്‍ക്ക് ഇളവ് കൊടുക്കുന്നത്.

ഉദാഹരണത്തിന് 5–ാംവകുപ്പ് മലിനീകരണവ്യവസായങ്ങളെയടക്കം പാരിസ്ഥിതിക അനുമതിയോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനയോ ഇല്ലാതെയും വിലയിരുത്തല്‍ സമിതിയുടെ പരിശോധന കൂടാതെയും പ്രവര്‍ത്തനാനുമതി നല്‍കാവുന്ന പട്ടികയില്‍ പെടുത്തുകയാണ്. ഇതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍പോലും ലംഘിക്കപ്പെടുകയാണ്.

റിയല്‍ എസ്റ്റേറ്റ് – കണ്‍സ്ട്രക്ഷന്‍ മേഖലയെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കുകയാണ്. വിലയിരുത്തല്‍ സമിതിയുടെ പരിശോധനകള്‍ 50,000 മുതല്‍ 1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നിര്‍മാണങ്ങള്‍ക്കേ വേണ്ടൂ എന്ന നിര്‍ദേശം അസ്വീകാര്യവുമാണ്. 20,000 മുതല്‍ 50,000 ച. മീറ്റര്‍ വരെയുള്ള പ്രോജക്ടുകള്‍ വിലയിരുത്തലില്‍നിന്നും പൊതുജനഹിയറിങ്ങില്‍നിന്നും ഒഴിവാക്കി. 20,000ത്തില്‍ താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയേ വേണ്ട.

2006 നിയമത്തിലെ വ്യവസ്ഥകള്‍ 50,000ത്തിനും 1,50,000ത്തിനും ഇടയ്ക്ക് വിസ്തീര്‍ണമുള്ള പ്രോജക്ടുകളുടെ കാര്യത്തില്‍ ഒഴിവാക്കിക്കൊടുക്കാനുള്ള മന്ത്രാലയത്തിന്റെ ഭേദഗതി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയതാണ്.

സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സുപ്രീംകോടതി ട്രിബ്യൂണല്‍ വിധി ശരി വയ്ക്കുകയായിരുന്നു. അത് മറികടക്കാനായുള്ള ഈ പുതിയ വിജ്ഞാപനം അംഗീകരിക്കാനാകില്ല. മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യമാണ് എണ്ണ പര്യവേക്ഷണത്തെ ബി-ടു പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മറ്റു പല മലിനീകരണവ്യവസായങ്ങളെയും ഇങ്ങനെ ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്.

മറ്റൊരു വകുപ്പില്‍ ( 5.7) നിര്‍വചനങ്ങള്‍ അവ്യക്തമാക്കിയാണ് കോര്‍പറേറ്റുകളെ സഹായിക്കുന്നത്. തന്ത്രപ്രധാനം എന്ന് പേരിട്ട് ഏത് വ്യവസായത്തിനും പരിസ്ഥിതി നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവ് കൊടുക്കാന്‍ വേണ്ടിയാണിത്.

കൈത്തൊഴില്‍കാര്‍ക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ അവകാശം നിഷേധിക്കരുത്. സോളാര്‍ തെര്‍മല്‍ പ്ലാന്റുകളെയും 2000 ഹെക്ടറിനു കീഴിലുള്ള ജലസേചന പദ്ധതികളെയും പ്രതിരോധസാമഗ്രികളുടെ നിര്‍മാണ പദ്ധതികളെയും ഒക്കെ ഇതില്‍ പെടുത്തിയാലോ? ഇത്തരം യൂണിറ്റുകള്‍ക്ക് തരംമാറ്റം അനുവദിക്കരുത്.

എല്ലാ പദ്ധതികള്‍ക്കും അവ കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളുമായുള്ള കൂടിയാലോചന നിര്‍ബന്ധമാക്കണം. പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ടുകള്‍ പ്രാദേശികഭാഷയില്‍ ലഭ്യമാക്കണം. വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഗ്രാമസഭകളില്‍ കൂടിയാലോചനകള്‍ നടത്തണം.

നിയമലംഘനം കൈകാര്യം ചെയ്യുന്ന 22, 23 വകുപ്പുകള്‍ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന കുറ്റവാളികളെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. നിയമലംഘനത്തെക്കുറിച്ച് തദ്ദേശവാസികള്‍ക്കോ മറ്റുള്ളവര്‍ക്കോ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശംപോലും അത് അംഗീകരിക്കുന്നില്ല. പിഴയടച്ച് രക്ഷപ്പെടാം. ഇത്തരം നടപടികള്‍ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും വിലക്കിയതാണ്. ഈ വകുപ്പുകള്‍ അപ്പടി റദ്ദാക്കണം.

വകുപ്പ് 3.16 കോര്‍പറേറ്റ് പാരിസ്ഥിതിക ഉത്തരവാദിത്തത്തെ നിര്‍വചിക്കുന്നുണ്ട്. പക്ഷേ, അതിന്റെ തുക നിശ്ചയിക്കുന്നില്ല, പകരം അതുകൂടി പദ്ധതിച്ചെലവായിട്ടാണ് കാട്ടുക. 19–.1 വകുപ്പ് സവിശേഷമായ ഒന്നാണ്.

2006 ലെ ഇഐഎ പ്രകാരം പ്രോജക്ട് കാലാവധി 30 വര്‍ഷമായിരുന്നു. പുതിയ വിജ്ഞാപനം അത് 50 വര്‍ഷമാക്കി ഉയര്‍ത്തുകയാണ്. സ്വകാര്യ ഖനനക്കമ്പനികള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ ഇങ്ങനെ പകുത്തുകൊടുക്കാന്‍ അനുവദിച്ചുകൂടാ.ജില്ലാതല മിനറല്‍ ഫണ്ട് തദ്ദേശവാസികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നതിനുപകരം ക്ലസ്റ്റര്‍ ആവശ്യത്തിന് വകതിരിച്ചുവിടരുത്. അതുകൊണ്ടുതന്നെ 24. 3 ബി വകുപ്പ് തള്ളിക്കളയണം.

ഈ വിജ്ഞാപനം കോര്‍പറേറ്റുകളെ സഹായിക്കാന്‍ ഉള്ളതാണ്. അത് പിന്‍വലിക്കണം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച് മാറ്റിയെഴുതണം. അതേ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണം ചെയ്യൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News