ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ; മേരി സെബാസ്റ്റ്യന് പൊലീസിന്റെ ആദരം

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പൊതിച്ചോറിനുള്ളില്‍ 100 രൂപ പൊതിഞ്ഞു നല്‍കിയ കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യന് കണ്ണമാലി പൊലീസിന്റെ ആദരം.

ചെല്ലാനത്തെ ക്യാമ്പിലേക്ക് പൊലീസ് ശേഖരിച്ച പൊതിച്ചോറില്‍ നിന്നാണ് അപ്രതീക്ഷിതമായി 100 രൂപ നോട്ട് ലഭിച്ചത്. പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നാലാവുന്ന ചെറിയ തുക ഭക്ഷണപ്പൊതിക്കൊപ്പം നല്‍കിയ മഹാമനസ്‌കതയ്ക്കാണ് പൊലീസിന്റെ ആദരം.

കൊവിഡ് ഭീഷണിയും കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും നേരിടുന്ന ചെല്ലാനത്തെ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പൊതിച്ചോറില്‍ നിന്നും യാദൃശ്ചികമായാണ് കണ്ണമാലി ഇന്‍സ്‌പെക്ടര്‍ ഷിജു ആ നൂറ് രൂപാ നോട്ട് കണ്ടെടുത്തത്.

കോടികള്‍ മൂല്യമുളള നൂറു രൂപ എന്ന തലകെട്ടില്‍ സിഐ തന്നെ ഇത് സമുഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ശേഷം നടത്തിയ തിരച്ചിലിലാണ് കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിന്‍ ആണ് ആ മഹാമനസ്‌കതയ്ക്ക് പിറകിലെന്ന് കണ്ടെത്തിയത്.

ആഴ്ചകളായി ചെല്ലാനത്തുകാരുടെ വിഷമം അറിഞ്ഞു തന്നെയാണ് മേരി ആ നൂറ് രൂപാ നോട് പൊതിച്ചോറിനിടയില്‍ കരുതിയത്. പണിയില്ലാതെയാകുന്നൊരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട കാര്യമില്ല. കൂലി വേലക്കാരനായ ഭര്‍ത്താവിന് ജോലിയില്ലാതായിട്ട് നാലാഴ്ചയായി. അതുകൊണ്ട് തന്നെ കൈയ്യില്‍ ഉണ്ടായിരുന്ന നൂറു രൂപ പൊതിച്ചോറിനൊപ്പം വെച്ചു.

ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നു മാത്രമാണ് മേരി ആഗ്രഹിച്ചത്. 10 രൂപ കൊടുത്താല്‍പ്പൊലും പലരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട് സിംപതി പിടിച്ചു പറ്റുന്ന ഇക്കാലത്ത്. വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറി വേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസ്സിനു മുന്‍പില്‍ നമിക്കുന്നു എന്നല്ലാതെ മറ്റെന്തു പറയാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News