ഓണത്തിന് മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ കൂടിയാണ് ഓണത്തിന് മുന്നോടിയായി നല്‍കുക.
രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിനിടെയാണ് ഓണത്തിന് മുമ്പ് വീണ്ടും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് ഇതിലൂടെ 2600 രൂപ വീതം ലഭിക്കും. ഇതിനു പുറമെയാണ് ഇപ്പോള്‍ ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ കൂടി മുന്‍കൂറായി നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചത്.
നേരത്തെ അഞ്ചുമാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മെയില്‍ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. പെന്‍ഷന്‍ മസ്റ്ററിങ് 15 മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനും ധനവകുപ്പ് നിര്‍ദേശം നല്‍കി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓണക്കാലത്തെ ആനുകൂല്യങ്ങളായ ബോണസ്, ഉത്സവ ബത്ത, അഡ്വാന്‍സ് തുടങ്ങിയവ മുന്‍ വര്‍ഷത്തെ പോലെ മുടക്കമില്ലാതെ നല്‍കും. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കുന്നതും മുടക്കില്ല.
ഇതിനു പുറമെ ഓണത്തിന് എല്ലാ വീട്ടിലും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കിറ്റ് വിതരണത്തിനുള്ള ഭക്ഷ്യ വകുപ്പിന്റെ തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. ഈ മാസം 12നോ 13നോ ആരംഭിച്ച് 20 തോടുകൂടി വിതരണ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
കൊവിഡിന്റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് കൈതാങ്ങാകുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. നേരത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്തും സര്‍ക്കാര്‍ എല്ലാവര്‍ക്കും ഭക്ഷ്യക്കിറ്റ് നല്‍കിയിരുന്നു.

Get real time update about this post categories directly on your device, subscribe now.