സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ്; സ്വര്‍ണ്ണം കടത്തുന്ന വഴികള്‍ വിശദീകരിച്ച് കസ്റ്റംസ് ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കസ്റ്റംസ് ഇക്കാര്യമറിയിച്ചത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തുള്‍പ്പടെ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത്. ഒരു സംഘം ആളുകള്‍ കള്ളക്കടത്തിനായി പണം മുടക്കുന്നുണ്ട്. ഹവാലയായി പണം വിദേശത്ത് എത്തിക്കുന്നു. ഈ പണം ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുന്നു. തുടര്‍ന്ന് അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നു. ഈ ശൃംഖല പൊളിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് കസ്റ്റംസ് അറിയിച്ചു.

ശൃംഖലയുടെ ഭാഗമെന്ന് സംശയിക്കുന്ന വിദേശത്തുള്ള ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെക്കൂടി അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌തെങ്കിലെ കേസ് മുന്നോട്ട്‌പോകൂവെന്നും കസ്റ്റംസ് പറഞ്ഞു. കേസിലെ പ്രതികളായ മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അബ്ദുള്‍ ഷമീം, ജിഫ്‌സല്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടായിരുന്നു കസ്റ്റംസ് ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ കള്ളക്കടത്തുമായി തങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയൊ ബന്ധമില്ലെന്നും കസ്റ്റംസ് തെറ്റായി പ്രതിചേര്‍ത്തതാണെന്നുമായിരുന്നു പ്രതിഭാഗം വാദം. വിശദമായ വാദം കേട്ട കോടതി ജാമ്യാപേക്ഷ വിധി പറയാനായി മാറ്റുകയായിരുന്നു.

അതേസമയം, എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായിരുന്ന സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നായിരുന്നു നടപടി.

പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ഇതെക്കുറിച്ച് കൂടുതല്‍ പരിശോധിച്ച് വരികയാണെന്നും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടി.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ഇ ഡി ആവശ്യപ്പെട്ടു. ഇതെത്തുടര്‍ന്ന് ഈ മാസം 14 വരെ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News