സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ്-19; 1426 പേര്‍ക്ക് രോഗമുക്തി; 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 8ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് സ്വദേശിനി കുംബ മാറാടി (75), ആഗസ്റ്റ് 1ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മണിയന്‍ (80), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ചെല്ലാനം സ്വദേശിനി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 120 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 105 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 279 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 140 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 131 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 127 പേര്‍ക്കും, എറണാകുളം ജില്ലയിലെ 125 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 114 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 28 പേര്‍ക്കും, കൊല്ലം ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 22 പേര്‍ക്കും, വയനാട് ജില്ലയിലെ 18 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 12 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസര്‍ഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, തൃശൂര്‍ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 498 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 266 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 70 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 68 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേരുടെയും, പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,046 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,586 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,625 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6700 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,39,543 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1505 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുത്തനൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 4, 5, 6, 7, 8), മരുതറോഡ് (10), പല്ലശന (2), മങ്കര (9), വടക്കരപ്പതി (11), തിരുമിറ്റക്കോട് (11), പത്തനംതിട്ട ജില്ലയിലെ എരവിപേരൂര്‍ (1, 11, 13, 17), കുറ്റൂര്‍ (9), കടമ്പനാട് (10), പ്രമാടം (11), തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ (2), കോലഴി (12, 13, 14), തോളൂര്‍ (5), കോട്ടയം ജില്ലയിലെ വിജയപുരം (1), ആര്‍പ്പൂക്കര (1), വെച്ചൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് (എല്ലാ വാര്‍ഡുകളും), ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാര്‍ഡ് , 1), തിരുവമ്പാടി (9, 10 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ ചിതറ (17 സബ് വാര്‍ഡ്), പന്മന (8), എറണാകുളം ജില്ലയിലെ വേങ്ങൂര്‍ (2, 14, 15), ചേന്ദമംഗലം (10), തിരുവനന്തപുരം ജില്ലയിലെ അതിയന്നൂര്‍ (15), മലപ്പുറം ജില്ലയിലെ വണ്ടൂര്‍ (9, 10, 11, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (വാര്‍ഡ് 25), വാണിയംകുളം (6), കുലുകല്ലൂര്‍ (എല്ലാ വാര്‍ഡുകളും), നെല്ലായ (എല്ലാ വാര്‍ഡുകളും), പരുതൂര്‍ (എല്ലാ വാര്‍ഡുകളും), പട്ടിത്തറ (എല്ലാ വാര്‍ഡുകളും), തിരുവേഗപ്പുറ (എല്ലാ വാര്‍ഡുകളും), പെരുവെമ്പ് (1, 12), കിഴക്കാഞ്ചേരി (15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചീക്കോട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലാമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (1, 6, 16), ഇളമാട് (9), ശൂരനാട് സൗത്ത് (12), തഴവ (18, 19, 20, 21), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14), തിരുവല്ല മുന്‍സിപ്പാലിറ്റി (5, 7, 8), പെരിങ്ങര (14), തിരുവനന്തപുരം ജില്ലയിലെ കരവാരം (6), പള്ളിച്ചല്‍ (3, 4), തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര (5, 6), കാട്ടൂര്‍ (6), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (എല്ലാ വാര്‍ഡുകളും), പയ്യോളി മുന്‍സിപ്പാലിറ്റി (20, 31,32), കോട്ടയം ജില്ലയിലെ കാണക്കാരി (10), എറണാകുളം ജില്ലയിലെ കാലടി (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 523 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനവും നടക്കുന്നു. ആലപ്പുഴ തീരമേഖലയിൽ കൊവിഡ് വ്യാപനം തുടരുന്നു. ആറ് ക്ലസ്റ്ററുകളിൽ രോഗം വർധിക്കുന്നു. കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയിൽ കൊവിഡ് സമ്പർക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂർ ക്ലസ്റ്ററിന്‍റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോർട്ട് കൊച്ചി മേഖലയിൽ രോഗം വ്യാപിക്കുന്നു. കണ്ടെയിന്‍മെന്‍റ് സോണിലെ വ്യവസായ ശാലകൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. ജില്ലയിലെ മാർക്കറ്റുകൾ മാർഗനിർദ്ദേശം പാലിച്ച് തുറക്കാം.

തൃശ്ശൂരിൽ മങ്കര, മിനാലൂർ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടു. കോഴിക്കോട് ഒരു വീട്ടിൽ അഞ്ചിലേറെ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിലുണ്ട്. പുറത്ത് പോയി വരുന്നവർ വീടുകൾക്കുള്ളിൽ കൊവിഡ് മുൻകരുതൽ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് എത്തിയ 68 അതിഥി തൊഴിലാളികൾക്ക് കൊവിഡ്. ഇവർ മത്സ്യബന്ധനത്തിനെത്തി കടലിൽ തന്നെ കഴിയുന്നത് ശ്രദ്ധയിൽപെട്ടു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയും പാസില്ലാതെയും വരുന്നവരെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. ബേപ്പൂരിൽ നിരീക്ഷണം ശക്തിപ്പെടുത്തും. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. ഡയാലിസിസ് സെന്‍റര്‍ നിലനിർത്തി. രോഗികളുടെ സുരക്ഷയ്ക്ക് കൊവിഡ് വാർഡുമായി ബന്ധമില്ലാത്ത വിധത്തിൽ ഡയലാസിസ് സെന്‍റര്‍ പ്രവർത്തിക്കും.

കണ്ണൂരില്‍ സമ്പർക്ക രോഗബാധ കൂടുതൽ കണ്ടെത്തിയ ചക്കരക്കൽ പൊലീസ് പരിധിയിലെ കൂടുതൽ പ്രദേശം അടച്ചു. പത്ത് ദിവസത്തിനകം 1146 രോഗികളിൽ കാസർകോട് കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളിൽ രോഗം വർധിക്കുന്നു. ഇവിടെ ഇതുവരെ 128 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്തി. ആരോഗ്യപ്രവർത്തകരുമായി ചേർന്ന് നടത്തുന്ന കോണ്ടാക്ട് ട്രേസിങ് പൊതുജനം സ്വാഗതം ചെയ്യുന്നു. രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കർശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി സുരേന്ദ്രൻ എന്നിവർ മലപ്പുറത്ത് ക്യാംപ് ചെയ്യും.

മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. രണ്ടാമതും പിടിക്കപ്പെട്ടാൽ 2000 രൂപ ഈടാക്കും. തിരുവനന്തപുരം കരമനയിൽ കണ്ടെയിന്‍മെന്‍റ് സോൺ സ്വയം നിശ്ചയിച്ച് നിയന്ത്രണത്തിന് ജനം തയ്യാറായി. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ഏറ്റെടുക്കും. ബോധവത്കരണവും നിരീക്ഷണവും ശക്തിപ്പെടുത്തും. നാട്ടുകാരുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കും. റസിഡന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കും. സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണം പാലിക്കുന്നതെന്ന് പ്രചരിപ്പിക്കും. മാസ്ക് ധരിക്കൽ, അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കും.

തീരദേശ മേഖലയിലെ പ്രശ്നം പരിഹരിക്കാൻ സാമൂഹിക സാമ്പത്തിക സാംസ്കാരിക ഘടകങ്ങൾ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും. കൊല്ലം റൂറലിൽ മാർക്കറ്റ് കമ്മിറ്റി, മാർക്കറ്റ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് എന്നിവ ഫലപ്രദം. ഇത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. തൃശ്ശൂർ സിറ്റി മാതൃകയിൽ മാർക്കറ്റ് മാനേജ്‍മെന്‍റ് സംവിധാനം സംസ്ഥാനത്തെ വലിയ മാർക്കറ്റുകളിൽ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവർമാരെ സുരക്ഷിതമായി താമസിപ്പിക്കും. കൊല്ലം സിറ്റി മാതൃകയിൽ സംസ്ഥാനത്തെ എല്ലാ കണ്ടെയിന്‍മെന്‍റ് സോണിലും ക്ലോസ്ഡ് ഗ്രൂപ്പ് രൂപം നൽകും. മാസ്ക് ധരിക്കാത്ത 6954 സംഭവം ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീന്‍ ലംഘിച്ച പത്ത് പേർക്കെതിരെ കേസെടുത്തു.

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ദ്വൈവാര പ്രവചനത്തിൽ അടുത്തയാഴ്ച കേരളത്തിൽ സാധാരണ മഴ പ്രവചനം. ഓഗസ്റ്റ് 15 ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടും. അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് വിലയിരുത്തൽ. നദികളിലെ ജലനിരപ്പ് അപകട നിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി. മലയോര മേഖലയിൽ പ്രവചനം തെറ്റിച്ച് മഴ ശക്തി പ്രാപിച്ചാൽ പ്രത്യേക ഇടപെടൽ നടത്തും. എല്ലാ ജില്ലയിലും ദുരിതാശ്വാസ ക്യാംപ് തുറന്നു. കൊവിഡ് ക്വാറന്‍റീനില്‍ കഴിയുന്നവർക്ക് പ്രത്യേക ക്യാംപ് ഒരുക്കി. സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 493 ക്യാംപ് തുറന്നു. 21205 പേർ അവിടെയുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങിപ്പോകുന്നു. തിരികെ പോകുന്നവർ പാലിക്കേണ്ട മുൻകരുതൽ പാലിക്കണം. രാജമല പെട്ടിമുടി ദുരന്ത മേഖലയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 52 ആയി.

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്‍റെ കരട് ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കും. പല നിർദ്ദേശങ്ങളോടും യോജിക്കാനാവില്ലെന്നാണ് സംസ്ഥാന നിലപാട്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്തി മാത്രമേ അന്തിമ തീരുമാനം എടുക്കാവു. സംസ്ഥാന സാഹചര്യം പരിഗണിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന് പ്രത്യേകമായി പറയുന്നു. ഖനനാനുമതിയുമായി ബന്ധപ്പെട്ട് ഇടത്തരം വിഭാഗത്തിലെ അഞ്ച് ഹെക്ടറിൽ തുടങ്ങി നൂറ് ഹെക്ടർ വരെയെന്നാണ് കിടക്കുന്നത്. ഇതിന് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് വേണം. ഇതിലെ അഞ്ച് ഹെക്ടർ രണ്ട് ഹെക്ടറായി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം
രണ്ട് ഹെക്ടറിന് താഴെ നിലവിലെ ആനുകൂല്യം തുടരും.

ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുൻപുള്ള വിശദമായ പരിശോധന നടത്തുന്നതിനുള്ള സംവിധാനമായിരുന്നു ജില്ലാ സമിതികൾ. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാ സമിതികൾക്ക് നിർണായകമായ പങ്കുണ്ട്. ഇവയെ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. കൊവിഡ് 19 വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ലോകമാകെ സാമ്പത്തികമായ വലിയ വെല്ലുവിളി ഇതുയർത്തി. പ്രതിസന്ധിയെ കൈയ്യും കെട്ടി നോക്കിനിൽക്കാനല്ല തീരുമാനം. വികസന പ്രവർത്തനം തടസം മറികടന്ന് മുന്നോട്ട് കൊണ്ടുപോകാനും പുതിയ പദ്ധതികളും നിക്ഷേപവും കൊണ്ടുവരും. സംസ്ഥാനത്തെ സംരംഭക സൗഹൃദമാക്കാൻ രൂപം നൽകിയ കെ സ്വിഫ്റ്റ് സംവിധാനം വഴി 2547 എംഎസ്എംഇ സംരംഭങ്ങൾക്ക് സർക്കാർ അംഗീകാര പത്രം നൽകി.

ഇവയ്ക്ക് പുറമെ 361 സേവനങ്ങൾക്കുള്ള അംഗീകാരവും നൽകി. 717 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപം ഇതിലൂടെ വരും. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചു. ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള കെ സ്വിഫ്റ്റിലേക്ക് സംരംഭകർ നിക്ഷേപ നിർദ്ദേശം പൊതു അപേക്ഷാ ഫോമിൽ സമർപ്പിച്ചാൽ മതി. തിരുവനന്തപുരത്താണ് പദ്ധതി വഴി എംഎസ്എംഇകൾക്കായി ഏറ്റവുമധികം അപേക്ഷ വന്നത്. 10 കോടി വരെ നിക്ഷേപം വരുന്ന പദ്ധതികൾക്ക് തത്സമയം അനുമതി നൽകും. സംരംഭം തുടങ്ങുന്നതിന് 15 സർക്കാർ വകുപ്പുകളെയും ഏജൻസികളെയും കെ സ്വിഫ്റ്റ് വഴി ബന്ധപ്പെടാം.

നിലവിൽ ഓൺലൈൻ സംവിധാനം ഇല്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, ചീഫ് ടൗൺ പ്ലാനിങ് എന്നിവയെ കൂടി ബന്ധിപ്പിക്കും. ആരോഗ്യം, കൃഷി, റവന്യു, ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി ഇവയെല്ലാം പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും. നടപടികൾ കൂടുതൽ സുഗമമാക്കാനും ഔദ്യോഗിക ഇടപെടൽ കുറയ്ക്കാനുമാവും. സിഐഐ പ്രതിനിധികളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. നാടിന്‍റെ സാമ്പത്തിക നില നല്ല പോലെ ചലിക്കണമെന്നത് സർക്കാരിന്‍റെ ആഗ്രഹമാണ്. മുൻകരുതലില്ലാതെ കൊവിഡ് കാലത്ത് എടുത്തുചാടാനാവില്ല. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ സഹായം നൽകും. സാധാരണ നിലയിലുള്ള സാമ്പത്തിക ചലനം ഉറപ്പാക്കാൻ സർക്കാർ പരിശ്രമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News