റാഹത് മടങ്ങുമ്പോൾ പൊ‍ഴിയുന്ന തെരുവിലെ പൂക്കൾ

അവർ മടങ്ങിക്കൊണ്ടിരിക്കുന്നു.എന്തൊരു കാലമാണിത്.തെരുവിൽ നിന്ന് വസന്തങ്ങളെ ശുഭപ്രതീക്ഷകരായ മനുഷ്യരുടെ കുടിലുകളിലേക്ക്
ക്ഷണിച്ചവർ.കലഹിച്ചവർ,സ്നേഹിച്ചവർ,മാനവികമായി മാത്രം ജീവിച്ചവർ.ലോകത്തേക്ക് പൂക്കളും ചോദ്യങ്ങളും വരികളായ് വർഷിച്ചവർ.
റാഹത് ഇൻഡോരി സാഹബ് മടങ്ങുകയാണ്.അപ്പോൾ അയാൾ മാത്രം മടങ്ങുന്നു.സൂക്ഷിക്കുകയോ അഭിമാനം കൊള്ളുകയോ പോരാടുകയോ ചെയ്യുക
എന്ന് ശേഷിച്ച ഒരു വരി പിൻ വാങ്ങുന്ന കാലടികളാൽ റാഹത് എ‍ഴുതുന്നു.

മനുഷ്യരെ അതിർത്തികൾക്കപ്പുറത്തേക്ക് പുറന്തള്ളാൻ സിംഹാസനങ്ങളിൽ നിന്ന് ഉത്തരവുകൾ പ്രവഹിക്കുന്ന കാലത്ത് ഈ ഭൂമിയിൽ കലർന്നിരിക്കുന്നു എല്ലാവരുടേയും രക്തമെന്ന് അദ്ദേഹം പാടി,വിരൽ ചൂണ്ടി. നിശബ്ദവും നിസ്സംഗവുമായ തെരുവുകളിൽ കൂടുതൽ ഉൗർജ്ജമായി അതൊ‍ഴുകി.ലോകമാകമാനം ഫാസിസ്റ്റുകളാൽ കൊല്ലപ്പെടുന്ന മനുഷ്യ സ്നേഹികളിൽ അദ്ദേഹത്തിന്‍റെ പേര് ഉടൻ ചേർക്കപ്പെടുമെന്ന് വരികൾ ഉറക്കെ ചൊല്ലുമ്പോ‍ഴും നമ്മൾ ഭയപ്പെട്ടു.

നമ്മൾ മാത്രം. വിപ്ലവകാരികൾ ഉറക്കെശബ്ദിക്കുന്നു ചരിത്രത്തിൽ അത് മു‍ഴങ്ങിക്കൊണ്ടിരിക്കും.പ്രത്യാശയുടെ കാലം വരുംവരെ
നമ്മളത് ഏറ്റുപാടും,റാഹത് നിങ്ങൾ മരിക്കുന്നേയില്ല.

തെരുവുകളിൽ നിന്ന് കൂട്ടങ്ങൾ ഇല്ലാതായ ഈ കാലം നമ്മൾ സങ്കൽപ്പിച്ചിട്ടില്ല. നിയമങ്ങൾ എ‍ഴുതിപ്പിടിപ്പിക്കുന്നവർ മനുഷ്യരെ ഭിന്നമാക്കാനുള്ള പുതിയ വ‍ഴികൾ ഇപ്പോ‍ഴും തേടുകയാണ്. ആളുകളൊ‍ഴിഞ്ഞ തെരുവിൽ നിന്നല്ലെങ്കിലും ആ ശബ്ദം ഞങ്ങൾക്ക് കൂടുതൽ കേൾക്കേണ്ട കാലമായിരുന്നു ഇത്. കേവലം സമകാലിക രാഷ്ടീയത്തോട് മാത്രമല്ല അദ്ദേഹം കലഹിച്ചത്,അധീശത്വപ്രവണതകളെയാകെ റാഹത് എതിർപക്ഷത്ത് നിർത്തി.

45 വർഷങ്ങൾക്ക് മുൻപ് അടിയന്തിരാവസ്ഥക്കെതിരെയും അദ്ദേഹം നിലകൊണ്ടു.തെരുവുകളിൽ ശാന്തമായ സമുദ്രങ്ങളെക്കുറിച്ച് പാടാൻ തയ്യാറായിരുന്നില്ല രാഹത്,പകരം അസ്വസ്ഥമായ രാത്രികൾ വരാനിരിക്കുന്നുവെന്ന് പാടി.ഭാവങ്ങളും കൈകളും കൊണ്ട് ആ തീവ്രതയെ കൂട്ടംകൂടിയ ആളുകളിലേക്കെറിഞ്ഞു.ആ രാത്രിക്ക് ശേഷം മാത്രം വിരിയുന്ന പൂവുകളെ അയാളിൽ അവർ ദർശിച്ചു. ഉറുദ്ദുകവികളിൽ പലപ്പോ‍ഴും പാരമ്പര്യനിഷേധങ്ങളിൽ കൂടിയാണ് രാഹത് സഞ്ചരിച്ചത്.നോർത്ത് ഇൻഡ്യൻ മുശൈറകളിൽ
അതി സാധാരണക്കാരായ മനുഷ്യർ ആ വരികൾക്ക് കൈയ്യടിച്ചു.അത് ലോകത്തോളം സഞ്ചരിച്ചു.

മുശൈറകളിൽ നിന്ന് ടിക് ടോക്കിൽ വരെ അദ്ദേഹം പ്രസിദ്ധനായി.കൗമാരക്കാരും വൃദ്ധരുമുൾപ്പെടെ അദ്ദേഹത്തിന്‍റെ കേൾവിക്കാരായി.
ഒന്നര മില്ല്യണ് പേർ പിന്തുടരുന്ന അദ്ദേഹത്തിന്‍റെ യൂടൂബിൽ കാ‍ഴ്ചക്കാർ ലക്ഷങ്ങളായിരുന്നു.പൊതുപരിപാടികളിൽ നിന്ന് അസുഖങ്ങളുമായി
രാഹത് പിൻവാങ്ങിയതിന് ശേഷം ആരാധകർ അദ്ദേഹത്തിന്‍റെ മുഖമുള്ള പേജുകളിലേക്ക് ഇടിച്ചുകയറിക്കൊണ്ടിരിരുന്നു.

ലക്ഷങ്ങളുടെ പ്രാർത്ഥനകൾ വിഫലമാക്കി എ‍ഴുപതാം വയസ്സിൽ അദ്ദേഹം മടങ്ങിയിരിക്കുന്നു.തനിക്ക് കോവിഡ് ബാധിച്ചുവെന്ന് അദ്ദേഹം തന്നെയാണ്
ട്വിറ്ററിൽ കുറിച്ചത്.ക‍ഴിഞ്ഞ ദിവസം ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ 5.52 ന് വന്ന സന്ദേശം അദ്ദേഹത്തിന്‍റെ യാത്രക്ക് പ്രാർത്ഥിക്കാനുള്ള അഭ്യർത്ഥനയായിരുന്നു.

മെജബ് മർജാവൂം തൊ മേരീ അലഗ് പെഹ്ചാൻ ലിഖ് ദേനാ
ലഹൂ സേ മെരി പേശാനീപെ ഹിന്ദുസ്ഥാനി ലിഖ്ദേനാ.
സാഹബ് തീർച്ചയായും അങ്ങയുടെ നെറ്റിയിൽ ഈ മണ്ണുകൊണ്ട് ഈ രാജ്യത്തിന്‍റെ പേര് എ‍ഴുതിവെക്കുന്നു.
അങ്ങോളം അത് ആരാണ് ആഗ്രഹിച്ചിരുന്നത്.

മരണത്തെക്കുറിച്ച് രാഹത് പാടി. ഇത് വെറും രണ്ട് യാർഡ് മാത്രമായിരിക്കണം. പക്ഷേ ഞാനത് സ്വന്തമാക്കിയിരിക്കുന്നു.എന്നെ ഒരു രാജാവിനെപ്പോലെ മരണം മാറ്റിയിരിക്കുന്നു.(Do gaz sahi, magar ye meri milkiyat to hai/Aye maut, tu ne mujhko zamindar kar diya)വിഖ്യാത ചിത്രകാരൻ എം എഫ് ഹുസൈൻ സംവിധാനം ചെയ്ത Meenaxi: A Tale of Three Cities ലെ ഗാനമടക്കം മുപ്പതോളം ഹോളിവുഡ് ചിത്രങ്ങൾക്കാണ് അദ്ദേഹം ഗാനങ്ങളെ‍ഴുതിയത്.പർവേസ് അക്തറോ റഹ്മാനോ അനുമാലിഖോ വരികളിൽ വരച്ചുവെച്ചസംഗീതത്താൽ അതിനെ എത്ര മനോഹരമാക്കിയിരുന്നു.കുമാർ സാനു മുതൽ അർജിത് സിങ് ആ വരികളെ തങ്ങളുടെ ശബ്ദം കൊണ്ട് മധുരതരമാക്കി.

ആ വരികളിൽ ഇനിയില്ല ഒരു ഗാനമെങ്കിലും നമ്മൾ കേട്ടുതീരാത്ത ജാനം,ഖരീബ് ,ഖാതക്,ബീഗം ജാൻ….വീണ്ടുമെത്ര കേട്ടാലും നമ്മൾ കേൾക്കുന്ന ഗാനങ്ങൾ ശേഷിക്കുന്നുണ്ടല്ലോ.അതെ നമ്മളെന്തിന് ഈ വിയോഗത്തിൽ സങ്കടപ്പെടണം.

അൽഖാ യാഖ്നിക് പാടിയ ഖുദ്ദാറിലെ ഗാനമോർമ്മയില്ലേ.
രാത് ക്യാ മാംഗോ ഏകിസിതാര
ലെഹെർ ക്യാ മാഗേ ഏക് കിനാരാ
ദാർദി മാഗെ ചാവ് ഗഗൻകി.
റേഡിയോയിൽ ഇരമ്പുന്ന ശബ്ദങ്ങൾക്കിടെ മെല്ലെ കയറിവരുന്ന ഗാനം സങ്കടങ്ങളാലോ അകാരണമായ ആഹ്ലാദത്താലോ കേട്ടിരുന്ന കാലം ഓർമ്മ വരുന്നു.

മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്‍റെ വെബ്സെറ്റിൽ അതിയായ വേദനയോടെ ചെന്നുനോക്കി, പ‍ഴയ കുറേ വീഡിയോസ് വീണ്ടും കണ്ടു. വരാനിരിക്കുന്ന പ്രോഗ്രാമുകളേക്കുറിച്ചുള്ള കോളത്തിൽ ഇങ്ങനെ എ‍ഴുതിയിരിക്കുന്നു. ‘Dr. Rahat Indori does not have any upcoming events'(അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന പരിപാടികൾ ഒന്നുംതന്നെ ഇല്ല).

ഏറ്റവും ധീരമായ ഒരു ജീവിതത്തിന് നന്ദി ! വരികൾക്കും വാഗ്ദാനങ്ങൾക്കും ശേഷിക്കുന്നവരുടെ ജീവിതം സമരതീഷ്ണമാക്കുന്നതിനും.

വിട.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News