സ്വപ്‌നക്ക്‌ പൊടി പോലുമില്ല സ്വാധീനം; പ്രമുഖ മാധ്യമങ്ങളിൽ വന്ന കെട്ടുകഥകൾ പൊളിച്ചടുക്കി കോടതി വിധി

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി വാദത്തിനിടെ പ്രമുഖ മാധ്യമങ്ങളിൽ വന്ന കെട്ടുകഥകൾ പൊളിച്ചടുക്കി എൻഐഎ പ്രത്യേക കോടതിയുടെ വിധി‌. കേസിലെ സമഗ്രാന്വേഷണത്തിന്‌ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ സ്വപ്‌നയ്‌ക്ക്‌ ജാമ്യം നിഷേധിച്ച വിധിയിലും കോടതി എടുത്തുപറയുന്നു.

എന്നാൽ, എൻഐഎയുടെ കണ്ടെത്തലായി പ്രമുഖ മാധ്യമങ്ങൾ വാർത്തകളിൽ അവതരിപ്പിച്ച കാര്യങ്ങളൊന്നും പത്തുപേജുള്ള വിധി ന്യായത്തിൽ ഒരിടത്തുമില്ല. ‘സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ വൻ സ്വാധീനം’, ‘മുഖ്യമന്ത്രിയുമായി അടുത്ത പരിചയം എന്ന്‌ എൻഐഎ’ എന്നായിരുന്നു കേസ്‌ വാദത്തിനിടെ ചില മാധ്യമങ്ങൾ കെട്ടുകഥയെഴുതിയത്‌.

വിധിന്യായത്തിന്റെ പന്ത്രണ്ടാം ഖണ്ഡികയിലാണ്‌ കേസിലെ സമഗ്രാന്വേഷണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടൽ എടുത്തുപറയുന്നത്‌. തന്നെ പ്രതിചേർത്തത്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന സ്വപ്‌നയുടെ വാദത്തെ എതിർത്ത്‌ എൻഐഎയ്‌ക്കുവേണ്ടി അസി. സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞ കാര്യമാണ്‌ കോടതി എടുത്തുപറഞ്ഞത്‌.

പ്രധാനമന്ത്രിക്ക്‌ കഴിഞ്ഞമാസം എട്ടിന്‌ മുഖ്യമന്ത്രി കത്തെഴുതിയതിനെത്തുടർന്നാണ്‌ കേസിൽ കേന്ദ്ര ഏജൻസികളുടെ ഏകോപിത അന്വേഷണം സാധ്യമായതെന്ന എൻഐഎയുടെ വാദമാണ്‌ കോടതി ഈ ഭാഗത്ത്‌ ഉദ്ധരിച്ചത്‌. വിധിന്യായത്തിൽ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഏക പരാമർശവും ഇതാണ്‌.

സ്വപ്‌ന സുരേഷിന്‌ മറ്റു പ്രതികളുമായുള്ള ബന്ധം, കള്ളക്കടത്തിൽ അവർ വഹിച്ച പങ്ക്‌, കേസിൽ യുഎപിഎ വകുപ്പുകൾ ചുമത്തുന്നതിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളും വിധിയിൽ വിശദീകരിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ വ്യാഴാഴ്‌ച കോടതി സ്വപ്‌നയ്‌ക്ക്‌ ജാമ്യം നിഷേധിച്ചത്‌. സ്വപ്‌നയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽ വൻ സ്വാധീനമുള്ളതായോ മുഖ്യമന്ത്രിയെ അടുത്തറിയാമെന്നോ എൻഐഎ കണ്ടെത്തിയതായി‌ എവിടെയും പറയുന്നില്ല.

സ്വപ്‌ന ൽകിയ 32 പേജുള്ള മൊഴിയിലെ കാര്യങ്ങളാണ്‌ കേസ്‌ വാദത്തിനിടെ എൻഐഎ കോടതിയിൽ ഉദ്ധരിച്ചതെന്ന്‌ വിധി വന്ന ദിവസംതന്നെ വ്യക്തമായതാണ്‌. എന്നിട്ടും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ കോടതിയിലെ പരാമർശം ഏതാനും മാധ്യമങ്ങൾ ദുർവ്യാഖ്യാനിച്ചു‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here