പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗ തീരുമാനം

രാജമല പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. വിശദമായ പരിശോധനയ്ക്ക് ശേഷം സമഗ്ര പദ്ധതി തയ്യാറാക്കും. വാളയാറിലെ പെൺകുട്ടികളുടെ മരണം സംബന്ധിച്ച് അന്വേഷിച്ച ഹനീഫ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു.

ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉരുൾപ്പൊട്ടിയുണ്ടായ ദുരന്തത്തിൽപെട്ടവരെ പൂർണമായും സംരക്ഷിക്കുക എന്നതാണ് സർക്കാർ തീരുമാനം. ഇവർക്ക് പൂർണ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിശദമായി പരിശോധിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കാനാണ് സർക്കാർ തീരുമാനം.

ദുരന്തത്തിൽ സർവ്വതും നഷ്ടമായത് കൊണ്ട് അവരെ ജീവിതത്തിലെക്ക് തിരികെ കൊണ്ടുവരുന്ന തരത്തിലെ പാക്കേജാണ് സർക്കാർ ലക്ഷ്യം. നേരത്തെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ആദ്യ ഘട്ട സഹായമെന്ന നിലയ്ക്ക് സർക്കാർ 5 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പി.കെ ഹനീഫ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു.13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളായിരുന്ന അ‍ഞ്ചില്‍ നാലുപേരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.

ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായ ആരോപണത്തെ തുടർന്നാണ് സ‌ർക്കാ‌ർ ഇക്കാര്യം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചത്.

സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ ക‍ഴിഞ്ഞ വർഷത്തെത് പോലെ നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here