സ്വർണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി. സ്വപ്നയ്ക്ക് പുറമെ കേസിലെ എട്ടാം പ്രതി സൈദലവി, പത്താം പ്രതി സംജു എന്നിവരാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

സ്വർണ്ണക്കടത്ത് നിയമവിരുദ്ധമായ ഒരു കമ്പനി പോലെയാണ് പ്രതികൾ നടത്തിയിരുന്നതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷയിൽ നാളെ വിധി പറയുന്നത്.

പ്രായം അറുപത്തിനോട് അടുക്കുന്ന സൈദലവിയുടെ ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ എതിർത്ത പ്രോസിക്യൂഷൻ സ്വർണ്ണക്കടത്തിന്റെ പിന്നിലെ കുറ്റകൃത്യത്തിന്റെ വലുപ്പം കോടതിയെ ബോധിപ്പിച്ചു.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു കമ്പനി പോലെയാണ് പ്രതികൾ ഡിപ്ലോമാറ്റിക്ക് ചാനൽ വഴി സ്വർണ്ണം കടത്തിയത്. ഹവാല പണമിടപാടിലൂടെ കേസിലെ എട്ടാം പ്രതിയായ സൈദലവിയും പത്താം പ്രതിയായ സംജുവും ചേർന്ന് സ്വർണ്ണക്കടത്തിനായി മൂലധനം സ്വരൂപിച്ചു.

വലിയൊരു ശൃംഖലയായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഇത്തരത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ കണ്ണികളായ സംജുവിനെ കുറിച്ചും സൈദലവിയെ കുറിച്ചും കസ്റ്റംസിന് വിവരം ലഭിക്കുന്നതും തുടർന്ന് ഇവരെ അറസ്റ് ചെയ്യുന്നതും. കേസിൽ പിടിയിലാകാനുള്ള പ്രതികൾ വിദേശത്ത് വരെ ഉള്ളതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കേസിൽ അറസ്റ്റിലായ സംജുവിന്റെ ബന്ധുവും ജ്വല്ലറി ഉടമയുമായ ഷംസുദ്ദീനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. സ്വപ്നാ സുരേഷിന്റേതിന് പുറമെ കേസിലെ പത്താം പ്രതിയായ സംജു സമർപ്പിച്ച ജാമ്യാപേക്ഷയും എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് പരിഗണിച്ചത്. കേസിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News