ബംഗളൂരു വെടിവയ്‌പ്പ്‌; എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്‌സ്ബുക് പോസ്റ്റിനെത്തുടർന്ന ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ എസ്‌ഡിപിഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. എസ്‌ഡിപിഐ പ്രവര്‍ത്തകനായ അയാസും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിൽ ഇതുവരെ 150 പേര്‍ അറസ്റ്റിലായി.

ബംഗളുരു നഗരത്തിലും ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിക്കും കിഴക്കന്‍ ബെംഗളുരുവിലുളള ഡിജെ ഹള്ളി, കെഡെ ഹള്ളി പ്രദേശങ്ങളിലെ പൊലീസ് സ്‌റ്റേഷനുകള്‍ക്കും നേരെയാണ് കഴിഞ്ഞ ദിവസം അക്രമം ഉണ്ടായത്. സംഘർഷത്തിലും പൊലീസ് വെടിവയ്‌പ്പിലും മൂന്നുപേര്‍ മരിച്ചിരുന്നു.

സംഘർഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യെദ്യൂരപ്പ ഉത്തരവ് നല്‍കി. നഗരത്തിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസിനെതിരെയും അക്രമം അഴിച്ചുവിടുന്നത് ന്യായീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. നഗരത്തില്‍ സമാധാനം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

നഗരത്തില്‍ 144 ഏര്‍പ്പെടുത്തിയതായി ബംഗളൂരു പൊലീസ് കമ്മിഷണര്‍ കമല്‍ പാന്ത് പറഞ്ഞു. ഡിജെ ഹള്ളി, കെജെ ഹള്ളി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഘർഷത്തിന് മുമ്പായി അക്രമകാരികള്‍ക്ക് ഒരാള്‍ പണം വിതരണം ചെയ്യുന്നത് പൊലീസ് നഗരത്തില്‍ നിന്ന ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിന് നവീന്‍ എന്നയാളേയും അറസ്റ്റ് ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News